ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം മോഹന്‍ലാലിന് പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ പോസ്റ്റും എല്ലാവരും ചര്‍ച്ച ചെയ്തിരുന്നു. ഫാല്‍ക്കേയ്ക്ക് മോഹന്‍ലാല്‍ അവാര്‍ഡ് കൊടുക്കണമെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.
ഇപ്പോള്‍ അതിന് മറുപടി പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. താന്‍ അതിനെ ബ്ലാക്ക് ഹ്യൂമറായിട്ടാണ് കാണുന്നതെന്നും അദ്ദേഹവുമായി താന്‍ നല്ല സൗഹൃദത്തിലാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അദ്ദേഹം എപ്പോഴും നല്ല തമാശകള്‍ പറയുന്ന ആളല്ലേ… ഇതിനെ ഒരു ബ്ലാക്ക് ഹ്യൂമറായിട്ടേ ഞാന്‍ ഇതിനെ കാണുന്നുള്ളു. അദ്ദേഹവുമായിട്ട് എനിക്ക് നല്ല സൗഹൃദമാണുള്ളത്. അദ്ദേഹം ചെയ്ത ഏറ്റവും വലിയ സിനിമയില്‍ അഭിനയിച്ച ആളാണ് ഞാൻ. അന്നുമുതലേ അദ്ദേഹം ബ്ലാക്ക് ഹ്യൂമറിന്റെ ആളാണ്. എല്ലാവരും പറയുന്നതില്‍ നിന്ന് വ്യത്യസ്തമായിട്ട് രാം ഗോപാല്‍ വര്‍മ പറഞ്ഞു. ചിന്തിച്ചു. അദ്ദേഹം അത് വളരെ സീരിയസ് ആയി പറഞ്ഞതാണെന്നൊന്നും ഞാന്‍ വിചാരിക്കുന്നില്ല,’ മോഹന്‍ലാല്‍ പറയുന്നു.
ഇനി എന്തെങ്കിലും പ്രത്യേക കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.
ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രങ്ങള്‍ ഒരുപാടുണ്ടാകുമെന്നും അങ്ങനെ ആഗ്രഹിച്ചതുകൊണ്ട് മാത്രം ആകില്ലെന്നും അദ്ദേഹം പറയുന്നു.
നല്ല സിനിമകള്‍ ചെയ്യണമെന്നും നല്ല ആളുകളുമായിട്ട് സഹകരിക്കണം എന്ന ആഗ്രഹമാണ് തനിക്കുള്ളതെന്നും തങ്ങള്‍ക്ക് പ്രൊഡക്ഷനുണ്ട്, അതുകൊണ്ട് തങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമ എടുക്കാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ എന്നുപറയുന്നത് ഒരുപാട് പ്രോസസിലൂടെ കടന്നുപോകുന്ന പ്രൊഡക്ട് ആണെന്നും ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം നല്ല റോളുകള്‍ കിട്ടുകയെന്ന് പറയുന്നതാണ് ഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ നടന്‍മാരോടൊപ്പം അഭിനയിക്കാന്‍ സാധിച്ച വളരെ അപൂര്‍വം പേരിലൊരാളാണ് താനെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Mohanlal replying on Ram Gopal Varma’s post