വീണ്ടും മുണ്ടുടുത്ത് മോഹന്‍ലാല്‍; ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു
first look poster
വീണ്ടും മുണ്ടുടുത്ത് മോഹന്‍ലാല്‍; ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th July 2018, 7:33 pm

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. വെള്ള പൈജാമയും കറുപ്പ് കര മുണ്ടുമുടുത്ത് ഇരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്ത് വിട്ടത്. എന്നാല്‍ മോഹന്‍ലാലിന്റെ മുഖം പോസ്റ്ററില്‍ കാണിച്ചിട്ടില്ല.

ലൂസിഫറിന്റെ ചിത്രീകരണം ഈ മാസം 16 ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരവും മുംബൈയും ആയിരിക്കും പ്രധാന ലൊക്കേഷനുകള്‍.നിലവില്‍ രഞ്ജിത്തിന്റെ “ഡ്രാമ”, സൂര്യയോടൊപ്പമുള്ള തമിഴ് ചിത്രം എന്നിവയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് മോഹന്‍ലാല്‍. തിരിച്ചു വന്നാലുടന്‍ താരം ലൂസിഫറില്‍ ജോയിന്‍ ചെയ്യും.


Also Read മോഹന്‍ലാലിനെ നായകനാക്കി അഞ്ജലി മേനോന്‍ ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ലൂസിഫറില്‍ വമ്പന്‍ താരനിരയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ നായകവേഷം കൂടാതെ വില്ലനായി വിവേക് ഒബ്റോയിയും നായികയായി മഞ്ജു വാര്യരും വരും എന്ന് പറയപ്പെടുന്നു. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളായുണ്ടാകുമെന്നും സിനിമ വൃത്തങ്ങള്‍ പറയുന്നു.

ട്രാഫിക്കിലൂടെ മലയാള സിനിമയുടെ ഗതിമാറ്റിയ സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്ന ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനുള്ള ആദരമായിരിക്കും ചിത്രം എന്ന് പറഞ്ഞതോടെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ലൂസിഫര്‍ കാത്തിരുന്നത്.


Also Read ഒടിയന്‍ മാണിക്യന്‍ വരുന്നു; റിലീസ് ഡേറ്റും വിശദാംശങ്ങളും പ്രഖ്യാപിച്ച് ഒടിയന്‍ ടീസര്‍ ഇറങ്ങി

എന്നാല്‍ രാജേഷ് പിള്ളയുടെ മരണത്തോടെ ചിത്രം പൃഥ്വിരാജ് ഏറ്റെടുക്കുകയായിരുന്നു. മോഹന്‍ലാലിന്റെ താരമൂല്യത്തെക്കുറിച്ച് ബോധ്യമുണ്ടന്നും എന്നാല്‍ അതിന്റെ പേരില്‍ ചിത്രത്തിന്റെ ഉള്ളടക്കത്തിലും നിലവാരത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മുരളിഗോപി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

ലൂസിഫറിനെക്കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നതു മുതല്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. അതേസമയം പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അഞ്ജലി സംവിധാനം ചെയ്ത “കൂടെ”യും മോഹന്‍ലാല്‍ ചിത്രം നീരാളിയും ഒരുമിച്ച് അടുത്താഴ്ച തിയേറ്ററുകളില്‍ എത്തും.