മോളിവുഡിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പലരും എടുത്തുപറയുന്നത് ഇവിടെ ഹിറ്റാകുന്ന ചെറിയ സിനിമകള്‍ കൊണ്ടാണ്. മറ്റ് ഇന്‍ഡസ്ട്രികളില്‍ സൂപ്പര്‍താര സിനിമകള്‍ മാത്രം ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ സ്വന്തമാക്കുമ്പോള്‍ മലയാളത്തില്‍ മാത്രം സ്ഥിതി വ്യത്യസ്തമാണ്. അധികം സ്റ്റാര്‍ കാസ്‌റ്റൊന്നുമില്ലാത്ത. ചെറിയ സിനിമകള്‍ ഇന്‍ഡസ്ട്രി ഹിറ്റും ഇയര്‍ ടോപ്പറുമൊക്കെ ആയി മാറാറുണ്ട്.
ഇതെല്ലാം കൊണ്ടുതന്നെ മോളിവുഡില്‍ കണ്ടന്റാണ് കിങ് എന്ന് പലരും അഭിമാനത്തോടെ പറയാറുണ്ട്. ലോകഃ പോലുള്ള ഫീമെയില്‍ ലീഡ് സിനിമ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയതും പുതുമുഖങ്ങള്‍ അണിനിരന്ന വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുന്നതും ഇതിന് ഉദാഹരണമാണ്. എന്നിരുന്നാലും മോളിവുഡ് ബോക്‌സ് ഓഫീസില്‍ മോഹന്‍ലാല്‍ എന്ന താരം ഉണ്ടാക്കിയെടുത്ത സ്വാധീനമാണ് സിനിമാപേജുകളിലെ ചര്‍ച്ച.
പല സിനിമകളും ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ തകര്‍ക്കുമ്പോള്‍ അതെല്ലാം ആദ്യം പൂര്‍ത്തിയാക്കിയത് മോഹന്‍ലാലാണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പല സിനിമകളും 100 കോടി ക്ലബ്ബില്‍ കയറുന്നത് ആഘോഷമാകുമ്പോള്‍ അത് ആദ്യം ചെയ്തത് മോഹന്‍ലാലാണ്. മലയാളം പോലുള്ള ചെറിയ ഇന്‍ഡസ്ട്രിക്കും ഇത്രയും വലിയ വിജയം നേടാനാകുമെന്ന് തെളിയിച്ചത് മോഹന്‍ലാലാണ്.
മലയാളത്തിലെ ആദ്യ 50, 100, 150 കോടി ചിത്രങ്ങളെല്ലാം മോഹന്‍ലാല്‍ സിനിമകളിലൂടെയാണ് പിറന്നത്. ലോകഃയും വാഴ 2വും കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയപ്പോഴും ഈ നേട്ടം ആദ്യം സ്വന്തം പേരിലാക്കിയത് മോഹന്‍ലാല്‍ തന്നെയാണ്. മലയാളത്തില്‍ ഒരിക്കലും ഒരു സിനിമയും 100 കോടി തിയേറ്റര്‍ ഷെയര്‍ നേടാന്‍ വളര്‍ന്നിട്ടില്ല എന്ന് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അംഗം സുരേഷ് കുമാര്‍ ഒരു പത്ര സമ്മേളനത്തില്‍ പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ആ നേട്ടവും മോഹന്‍ലാല്‍ നേടിയത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു.
പല താരങ്ങളും ഇപ്പോഴും 100 കോടി നേടാനാകാതെ പാടുപെടുമ്പോള്‍ തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ 200 കോടി ക്ലബ്ബിലെത്തിച്ച മോഹന്‍ലാല്‍ മോളിവുഡിന്റെ കിങ്ങാണെന്ന് അടിവരയിട്ട് പറയുന്നുണ്ട്. ഇടയില്‍ ചില സിനിമകള്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ പരാജയമാകുന്നുണ്ടെങ്കിലും അദ്ദേഹം നേടിയ റെക്കോഡുകള്‍ തകര്‍ക്കുക എന്നത് ഹിമാലയന്‍ ടാസ്‌കാണ്.
വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായി മാറിയാലും മോഹന്‍ലാലിന്റെ ഒരു എക്‌സ്ട്രീം പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിക്കുന്ന ചിത്രം അതിനെ പുഷ്പം പോലെ തകര്‍ക്കുമെന്ന് ഉറപ്പാണ്. ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോഡുകള്‍ നേടുക എന്നത് മോഹന്‍ലാലിനെ സംബന്ധിച്ച് നിസാരമാണ്. ഈ വര്‍ഷത്തെ പ്രൊജക്ടുകളിലൂടെ അത് സാധ്യമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Mohanlal made many records in Mollywood industry