'എമ്പുരാന്റെ സമയത്ത് പിന്നില്‍ നിന്ന് കുത്തിയ രവിക്കൊപ്പം ഇനി സിനിമ ചെയ്യണ്ട'; ബോയ്‌ക്കോട്ട് മേജര്‍ രവി ടാഗ് എക്സില്‍ ട്രെന്‍ഡ്
Movie Day
'എമ്പുരാന്റെ സമയത്ത് പിന്നില്‍ നിന്ന് കുത്തിയ രവിക്കൊപ്പം ഇനി സിനിമ ചെയ്യണ്ട'; ബോയ്‌ക്കോട്ട് മേജര്‍ രവി ടാഗ് എക്സില്‍ ട്രെന്‍ഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 9th November 2025, 10:08 pm

നടനും സംവിധായകനുമായ മേജര്‍ രവി തന്റെ ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണാഹ്വാനം. ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് എന്നീ സൈനിക മുന്നേറ്റങ്ങളെ അടിസ്ഥാനമാക്കി ‘പഹല്‍ഗാം ഒപി സുന്ദര്‍’ എന്ന പേരിലാണ് മേജര്‍ രവി സിനിമ പ്രഖ്യാപിച്ചത്.

ഇന്ന് മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് സിനിമയുടെ പൂജയും നടന്നിരുന്നു. പൂജയുടെ വീഡിയോകള്‍ മേജര്‍ രവി ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ പങ്കുവെക്കുകയുമുണ്ടായി.

പിന്നാലെ പഹല്‍ഗാമില്‍ മേജര്‍ മഹാദേവന്‍ ആയി മോഹന്‍ലാല്‍ തിരികെ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് മേജര്‍ രവിക്കെതിരെ എക്സില്‍ ബോയ്‌ക്കോട്ട് ക്യാമ്പയിന്‍ ആരംഭിച്ചത്.

മേജര്‍ രവിയുടെ പുതിയ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റുകള്‍ എക്സില്‍ വ്യാപകമായി ഉയരുന്നുണ്ട്. ഇനിയങ്ങോട്ട് മേജര്‍ രവി-മോഹന്‍ലാല്‍ കോംബോ കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ പറയുന്നത്.

‘നീ തകര്‍ന്നപ്പോഴും ഒരുമിച്ച് നിന്നവരാണ് ഞങ്ങള്‍. ലാലേട്ടാ, ഞങ്ങളെ ഓര്‍മയുണ്ടെങ്കില്‍ ദയവായി ഈ സിനിമ ഉപേക്ഷിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. നിങ്ങളില്‍ നിന്ന് കൂടുതല്‍ നല്ല സിനിമകള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പഴയ മാലിന്യങ്ങള്‍ അല്ല, പുതിയ എന്തെങ്കിലും കണ്ടെത്തൂ,’ എന്നാണ് ഒരു മോഹന്‍ലാല്‍ ആരാധകന്‍ എക്സില്‍ കുറിച്ചത്.

‘ഈ പിന്നില്‍ നിന്ന് കുത്തുന്ന അവസരവാദികളുമായി സിനിമ ചെയ്തുകൊണ്ട് നിങ്ങളുടെ പീക്ക് സമയം പാഴാക്കുന്നത് എന്തിനാണ്?,’ എന്നാണ് ഒരാളുടെ ചോദ്യം.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മേജര്‍ രവി സ്വീകരിച്ച നിലപാടും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മേജര്‍ രവിയുടേത് മോഹന്‍ലാല്‍, പൃഥ്വിരാജ് അടക്കമുള്ളവരെ രാജ്യദ്രോഹികളാക്കും വിധത്തിലുള്ള നിലപാടുകളും പരാമര്‍ശങ്ങളുമായിരുന്നുവെന്ന് സിനിമാ പ്രേമികള്‍ പറയുന്നു.

മേജര്‍ രവി-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെ ആറാമത്തെ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രത്തിന്റെ നിര്‍മാണം.

ഛായാഗ്രഹണം: എസ്. തിരുനാവുക്കരാസു, എഡിറ്റിങ്: ഡോണ്‍ മാക്‌സ്, സംഗീതം: ഹര്‍ഷവര്‍ധന്‍ രമേശ്വര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: വിനീഷ് ബംഗ്ലാന്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: അര്‍ജുന്‍ രവി, പി.ആ.ര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരായിരിക്കും കൈകാര്യം ചെയ്യുക.

Content Highlight: Mohanlal fans call for boycott against Major Ravi’s new film Pahalgam op sindoor