ലെസ്ബിയന്‍ കപ്പിളിനെ പിന്തുണച്ച് സംസാരിച്ചതിന് നടന്‍ മോഹന്‍ലാലിന് നേരെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം. പുതിയ ചിത്രമായ വൃഷഭയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്ററിന് താഴെയാണ് താരത്തെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകള്‍ വന്നത്.
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ലെസ്ബിയന്‍ കപ്പിള്‍സിനെ പിന്തുണച്ച് സംസാരിച്ചതാണ് നടന് നേരേ രൂക്ഷമായ അധിക്ഷേപങ്ങള്‍ക്ക് കാരണമായത്. മഴവില്‍ അഴകില്‍ ഏട്ടന്‍, ലാലേച്ചി, മഴവില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ മതി എന്നിങ്ങനെ അധിക്ഷേപിച്ച് കൊണ്ടുള്ള കമന്റുകള്‍ കാണാം. മഴവില്ല് ഇമോജിയിലുള്ള കമന്റുകള്‍ ധാരാളമായി പോസ്റ്റിന് താഴെ ഉണ്ട്.
ബിഗ് ബോസ് ഷോയില്‍, നൂറാ-ആദില എന്ന ലെസ്ബിയന്‍ കപ്പിള്‍സിനെ പിന്തുണച്ചുകൊണ്ട്, ഇവര്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ടവരാണ് അവരെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുമെന്ന് പറഞ്ഞതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. ബിഗ് ബോസിലെ ലക്ഷ്മി എന്ന കണ്ടസ്റ്റന്റ് ഈ കപ്പിള്‍സിനെ എതിര്‍ത്ത് സംസാരിക്കുകയും വീട്ടില്‍ കയറ്റാന്‍ പറ്റാത്തവര്‍ എന്ന് പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷം വന്ന എപ്പിസോഡിലാണ് ലെസ്ബിയന്‍ കപ്പിള്‍സിനെ പിന്തുണച്ചുകൊണ്ട് മോഹന്‍ലാല് സംസാരിച്ചത്.
അടുത്തിടെ പ്രകാശ് വര്‍മ ചെയ്ത വിന്‍സ്‌മേരെ ജ്വലറിയുടെ പരസ്യത്തില്‍ മോഹന്‍ലാല്‍ സ്‌ത്രൈണഭാവത്തില്‍ പ്രത്യക്ഷപ്പെട്ടതും ചിലരെ അസ്വസ്ഥരാക്കിയിരുന്നു. അതേസമയം സമൂഹമാധ്യമങ്ങളില്‍ ചിലര്‍ മോഹന്‍ലാലിന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ടും രംഗത്തെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് താരം പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ ഇന്‍സ്റ്റാ അക്കൗണ്ടില്‍ പങ്കുവെച്ചത്. വൃഷഭയുടെ ട്രെയ്‌ലറും ഇന്നലെ പുറത്തിറങ്ങിയിരുന്നു.
Content highlight: Mohanlal faces cyber attacks on social media for speaking out in support of lesbian couple