ന്യൂദല്‍ഹി: പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനെതിരായ സംഘ്പരിവാര്‍ ആക്രമണത്തില്‍ സിനിമയെ വിമര്‍ശിച്ച് ലേഖനം എഴുതിയ ആര്‍.എസ്.എസ് മുഖപത്രമായ ദി ഓര്‍ഗനൈസറില്‍ ഗുരുതര പിശക്. സിനിമയുടെ ക്ലൈമാക്‌സില്‍ മോഹന്‍ലാലിന്റെ കഥാപാത്രവും പൃഥ്വിരാജിന്റെ കഥാപാത്രവും കൊല്ലുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഥാപാത്രത്തെ ആണെന്നാണ് ഓര്‍ഗസനൈസറിലെ വാദം.
ഗുജറാത്ത് കലാപത്തില്‍ ശിക്ഷിക്കപ്പെട്ട ബാബു ബജ്‌രംഗിയുമായി സാമ്യമുള്ള കഥാപാത്രമാണ് സിനിമയുടെ അവസാനത്തില്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസ് മുഖപത്രത്തിലെ ഗുരുതര പിശക്.
സിനിമയുടെ അവസാനത്തില്‍ രാഷ്ട്രീയം കൂടുതല്‍ ഇരുണ്ടതാവുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സാമ്യമുള്ള ഹിന്ദു ലീഡര്‍ ആണ് കൊല്ലപ്പെടുന്നതെന്നും ഓര്‍ഗനൈസറിന്റെ ലേഖനത്തില്‍ പറയുന്നു.
ബാബ ബജ്‌രംഗിയുടെ കഥാപാത്രത്തെ വെടിവെച്ചുകൊന്ന് വിജയശ്രീലാളിതനായി തിരിച്ചുവരുന്ന മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും പശ്ചാത്തലത്തില്‍ വിദേശികളുണ്ടെന്നും അതിനര്‍ത്ഥം വിദേശശക്തികളുടെ സഹായത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇല്ലാതാക്കാന്‍ കഴിയുമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
‘Empuraan – A disturbing, divisive tale disguised as cinema’ എന്ന തലക്കെട്ടില്‍ മാര്‍ച്ച് 29ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ ഗുരുതര പിശക് ഉള്ളത്. നിലവില്‍ പേര് മാറ്റിയ ബല്‍ദേവ് എന്ന വില്ലന്‍ കഥാപാത്രത്തിന് ഗുജറാത്ത് കലാപത്തില്‍ ശിക്ഷിക്കപ്പെട്ട ബാബു ബജ്‌രംഗി എന്ന പേര് തന്നെയാണ് നല്‍കിയിരുന്നത്.
എന്നിട്ടും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ഇത്രയും വലിയ തെറ്റ് സംഭവിച്ചത് സിനിമ കാണാതെ അഭിപ്രായം എഴുതിയതിനാലെന്നാണ് വിലയിരുത്തല്‍. സിനിമ റിലീസ് ആയി ഇന്നുവരെ ഏഴ് ലേഖനങ്ങളാണ് ഓര്‍ഗനൈസര്‍ എമ്പുരാനെ വിമര്‍ശിച്ച് എഴുതിയിരിക്കുന്നത്.
ഇതിന് പുറമെ ഇന്ന് പുറത്ത് വന്ന മറ്റൊരു ലേഖനത്തിലല്‍ പൃഥ്വിരാജിന്റെ കഥാപാത്രമായ സയ്യിദ് മസൂദ് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വൊയ്ബയില്‍ ചേര്‍ന്നെന്നും ആര്‍.എസ്.എസ് മുഖപത്രത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം എമ്പുരാന്‍ തീവ്രവാദത്തെ ന്യായീകരിക്കുന്ന സിനിമയാണെന്ന് ഓര്‍ഗനൈസര്‍ എഴുതിയിരുന്നു. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും യഥാര്‍ത്ഥ സംഭവങ്ങളെ ധീരമായി ചിത്രീകരിച്ച സിനിമകളാണെന്നും ഭീകരന്‍ മസൂദ് അസറിനെയാണ് സെയ്ദ് മസൂദ് എന്ന കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.