മോഹന്‍ലാല്‍ എന്ന നടന്റെ സിനിമായാത്ര തുടക്കം മുതല്‍ കണ്ട സംവിധായകരിലൊരാളാണ് സിബി മലയില്‍. കിരീടം, ദേവദൂതന്‍, ചെങ്കോല്‍, കമലദളം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിങ്ങനെ ഇരുവരും ചേര്‍ന്ന് ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.
‘മോഹന്‍ലാല്‍ എന്ന നടന്റെ തുടക്കം മുതലുള്ള സിനിമായാത്രയുടെ ഓരോ ഘട്ടവും അടുത്തുനിന്ന് കാണാന്‍ സാധിച്ച ഒരാളാണ് ഞാന്‍. പതിനഞ്ചോളം സിനിമകളില്‍ ഞങ്ങളൊപ്പം പ്രവര്‍ത്തിച്ചു. സിനിമാജീവിതമെന്ന പോലെ നാല്‍പ്പത്തഞ്ച് വര്‍ഷമായി തുടരുന്ന ബന്ധം കൂടിയാണ്.
മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നവയായി പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്ന അഞ്ച് സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തവയാണ്. ഞങ്ങള്‍ക്കത് ഒന്നിച്ച് സാധ്യമായി എന്നുള്ളതൊരു വലിയ സന്തോഷമാണ്. മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികവുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ ആ സിനിമകളിലുണ്ട്. അഭിനയമിഴിവിന്റെയും ഔന്നത്യത്തിന്റെയും ആ നിമിഷങ്ങള്‍ ലോകം കാണും മുമ്പ് ഏറ്റവും അടുത്തുനിന്ന് ആദ്യം കണ്ടയാള്‍ ഞാനാണ്,’ സിബി മലയില്‍ പറയുന്നു.
ഗായകനായും നര്‍ത്തകനായുമൊക്കെ മോഹന്‍ലാലിനെ ആസ്വാദകര്‍ തന്റെ സിനിമകളില്‍ കണ്ടുവെന്നും സംവിധായകനെന്ന നിലയില്‍ മനസില്‍ ഏത് കഥ കയറിക്കൂടിയാലും സംശയമേതുമില്ലാതെ അതിലെ നായകന് മോഹന്‍ലാലിന്റെ മുഖമാണ് ആദ്യം വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏത് കഥാപാത്രം ചെയ്യാനും മോഹന്‍ലാലിന് ആകുമെന്നും അഭിനയത്തിന്റെ ആലയില്‍ ഏത് രൂപത്തിലേക്കും പരുവപ്പെടാന്‍ പ്രാപ്തിയുള്ളൊരു ലോഹം പോലെയാണ് അയാളിലെ അഭിനേതാവെന്നും പറഞ്ഞ സിബി മലയില്‍, ആകാരംകൊണ്ടും അഭിനയസിദ്ധി കൊണ്ടും മോഹന്‍ലാല്‍ അത് തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Mohanlal and I have a relationship that has lasted for forty-five years, just like our film careers.