എനിക്ക് റാഗിങ് കിട്ടി, ബാക്കിയുള്ളവരെ അതുപോലെ ചെയ്യണമെന്ന ചിന്ത ശരിയല്ല, എല്ലാവരെയും സ്‌നേഹിക്കുക: മോഹന്‍ലാല്‍
Malayalam Cinema
എനിക്ക് റാഗിങ് കിട്ടി, ബാക്കിയുള്ളവരെ അതുപോലെ ചെയ്യണമെന്ന ചിന്ത ശരിയല്ല, എല്ലാവരെയും സ്‌നേഹിക്കുക: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th August 2025, 5:59 pm

മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്ന് സംശയമില്ലാതെ പറയാനാകുന്ന നടനാണ് മോഹന്‍ലാല്‍. നാലരപ്പതിറ്റാണ്ടിലധികമായി ഇന്‍ഡസ്ട്രിയുടെ നെടുംതൂണായി നില്‍ക്കുന്ന അദ്ദേഹം പകര്‍ന്നാടാത്ത വേഷങ്ങളോ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളോ ബാക്കിയില്ല. അഭിനയത്തിന് പുറമെ സംവിധാനത്തിലും അദ്ദേഹം തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

ഈ വര്‍ഷത്തെ ഓണം റിലീസില്‍ മോഹന്‍ലാലിന്റെ ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 11 വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടിനൊപ്പം മോഹന്‍ലാല്‍ കൈകോര്‍ക്കുന്ന ഹൃദയപൂര്‍വത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകര്‍ ആനന്ദത്തിലായിരുന്നു. പ്രേമലുവിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംഗീത് പ്രതാപും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

പുതിയ താരങ്ങളോടുള്ള തന്റെ പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. താന്‍ ആദ്യമായി സിനിമയിലേക്കെത്തിയ സമയത്ത് സീനിയറായിട്ടുള്ള ഒരുപാട് നടന്മാരുണ്ടായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതില്‍ പലരും ഇന്ന് ജീവനോടെയില്ലെന്നും ആ ഓര്‍മകള്‍ തന്റെ കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘ഞാന്‍ സിനിമയിലെത്തിയ സമയത്ത് സീനിയറായിട്ടുള്ള ഒരുപാട് വലിയ ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. അവരൊക്കെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച നടന്മാരായി നില്‍ക്കുകയായിരുന്നു. കൊട്ടാരക്കര ശ്രീധരന്‍ സാര്‍, എസ്.ബി. പിള്ള സാര്‍, ശങ്കരാടി സാര്‍ എന്നിങ്ങനെയുള്ള ഒരുപാട് നല്ല ആര്‍ട്ടിസ്റ്റുകളുമായി അഭിനയിക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്.

മലയാളത്തില്‍ മാത്രമല്ല ഇങ്ങനെ. തമിഴില്‍ ശിവാജി ഗണേശന്‍ സാര്‍, തെലുങ്കില്‍ നാഗേശ്വര്‍ റാവു സാര്‍, ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ സാര്‍, രാജ് കപൂര്‍ സാര്‍ അങ്ങനെയുള്ള ലെജന്‍ഡുകളോടൊപ്പം എനിക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവരെല്ലാവരും നമ്മളെ അത്രയും സ്‌നേഹിച്ച്, കരുതലോടെയാണ് കൊണ്ടുപോയിരുന്നത്. അങ്ങനെയുള്ള സ്‌നേഹത്തിന്റെയും ഓറയുടെയും ഉള്ളിലാണ് ഞങ്ങളെപ്പോലുള്ളവര്‍ വളര്‍ന്നത്. അതുകൊണ്ട് പുതിയ ആള്‍ക്കാരെ സ്‌നേഹിക്കാതിരിക്കാന്‍ പറ്റില്ല,’ മോഹന്‍ലാല്‍ പറയുന്നു.

തങ്ങളില്‍ ഉള്ള ഒരാളെയാണ് പുതിയ നടന്മാരില്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതല്‍ തന്നെക്കാള്‍ പ്രായമുള്ളവരോടും പ്രായം കുറഞ്ഞവരോടും ഒരുപോലെ സ്‌നേഹത്തിലാണ് പെരുമാറിയിട്ടുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് റാഗിങ് കിട്ടിയതുകൊണ്ട് മറ്റുള്ളവരെ റാഗ് ചെയ്യണമെന്ന തരത്തിലുള്ള ചിന്ത തനിക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal about his behavior with new artists