ഉള്ളൊന്നു പിടയണം എന്നുമാത്രമാണ് ലാലിനോട് പറഞ്ഞത്'; തെറ്റായ എക്‌സ്പ്രഷന്‍ സിനിമയെ തകര്‍ക്കും; ജോര്‍ജുകുട്ടിയെ കുറിച്ച് ലാലും ജീത്തുവും
Malayalam Cinema
ഉള്ളൊന്നു പിടയണം എന്നുമാത്രമാണ് ലാലിനോട് പറഞ്ഞത്'; തെറ്റായ എക്‌സ്പ്രഷന്‍ സിനിമയെ തകര്‍ക്കും; ജോര്‍ജുകുട്ടിയെ കുറിച്ച് ലാലും ജീത്തുവും
അമര്‍നാഥ് എം.
Monday, 11th May 2026, 4:55 pm

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ക്ലാസിക് ക്രൈം ത്രില്ലർ ദൃശ്യം 3 റിലീസിനൊരുങ്ങുമ്പോൾ ദൃശ്യം1ലെ സീനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ദൃശ്യം 3 യുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഫ്രാഞ്ചൈസിയിലെ ആദ്യഭാഗങ്ങളെ കുറിച്ച് ജീത്തു ജോസഫും മോഹൻലാലും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിലായിരുന്നു ദൃശ്യം 1നെ കുറിച്ചുള്ള ഇരുവരുടെയും പ്രതികരണം.

ജീത്തു ജോസഫും മോഹൻലാലും Photo: Screen grab/ Reporter Films

ദൃശ്യം ഒന്നിൽ തന്റെ കുടുംബത്തിന് പറ്റിയ തെറ്റിന്റെ പൂർണ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു അവരെ പൊലീസിൽ നിന്നും സംരക്ഷിക്കാൻ ശ്രമിക്കുന്ന ഒരച്ഛന്റെ വ്യഗ്രതയാണ് പ്രേക്ഷകർ കണ്ടത്. അതീവ ജാഗ്രതയോടെയും ഭയത്തോടെയും ജീവിക്കുന്ന ജോർജ് കുട്ടി,നിയമത്തിനും പോലീസുകാർക്കും മുന്നിൽ അടിപതറാതെ നിൽക്കുന്നു.

ഒന്നാം ഭാഗത്തിൽ പൊലീസുകാർ ജോർജ് കുട്ടിയെ ചോദ്യം ചെയ്യുന്ന സീനിൽ സഹദേവന്റെ ചവിട്ടേറ്റ് വീഴുമ്പോൾ ജോർജ് കുട്ടി മക്കളെ നോക്കി ചിരിക്കുന്നുണ്ട്. താൻ തകർന്നാൽ തന്റെ കുടുംബം പിടിക്കപ്പെടും എന്ന ബോധ്യമാണ്‌ ജോർജ് കുട്ടിയുടെ ആ ചിരിക്ക് പിന്നിൽ എന്ന് ജീത്തു ജോസഫ് പ്രതികരിക്കുന്നു.

ദൃശ്യം Photo: Screen grab/ Aashirvad Cinemas

‘വേദനകലർന്നൊരു ചിരി എന്ന് എഴുതി വെച്ചിരുന്നു. എന്നാൽ അതുപോലെ ചെയ്യേണ്ടത് ആക്ടർ ആണ്’. തനിക്കു ഒന്നുമില്ല എന്ന് കാണിക്കാനാണ് ജോർജ് കുട്ടി കുട്ടികളെ നോക്കി ചിരിക്കുന്നതെന്നും അത് ജോർജ് കുട്ടി നന്നായി ചെയ്തുവെന്നും ജീത്തു അഭിമുഖത്തിൽ പറയുന്നു.

അതേസമയം ചിത്രത്തിലുടനീളം ജോർജ് കുട്ടിയുടെ റിഫ്ലക്ഷനുകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നതെന്നാണ് മോഹൻലാൽ പറയുന്നത്. ഓരോ സീനിലും തന്റെ യഥാർത്ഥ വികാരം പുറത്തു കാണിക്കാൻ കഴിയാതെ ഓപ്പോസിറ്റ് റിയാക്ഷനുകളാണ് ജോർജ് കുട്ടി എന്ന കഥാപാത്രം പ്രകടിപ്പിക്കുന്നത്. സഹദേവന്റെ ചവിട്ടു കൊണ്ട് താഴെ വീഴുമ്പോഴും ഭാര്യയുടെയൂം മക്കളുടെയും മുൻപിൽ ആ വേദന മറച്ചുവെച്ചുകൊണ്ടു എനിക്ക് ഒന്നുമില്ല എന്ന രീതിയിലാണ് അയാൾ മക്കളെ നോക്കി ചിരിക്കുന്നത് എന്ന് മോഹൻലാലും പറയുന്നു.

‘എനിക്കൊന്നും ഇല്ല എന്നുള്ള രീതിയിൽ ആണ് ആ സീനിൽ ചിരിക്കുന്നത്. സ്ക്രിപ്റ്റിൽ ഉണ്ടെങ്കിലും എങ്ങനെ ചിരിക്കണം എന്ന് പറയാൻ പറ്റില്ല. താൻ കൂടി പേടിച്ചുകഴിഞ്ഞാൽ ആ കുടുംബം ഒന്നാകെ തകർന്നുപോകും എന്ന് ജോർജ് കുട്ടിക്ക്‌ അറിയാം. അപ്പോൾ അവർക്കൊരു സപ്പോർട്ട് കൊടുക്കുന്നതാണ് അത്’ മോഹൻലാൽ പറയുന്നു.

ദൃശ്യം Photo: Screen grab/ Aashirvad Cinemas

രണ്ടാമതായി പൊലീസുകാർ വീട്ടിലെത്തുന്ന സീനിൽ ആഗസ്ത് 2 എന്ന് കേൾകുമ്പോൾ ഭയത്തോടു കൂടി ഞെട്ടുന്ന ജോർജ് കുട്ടിയെ കാണാം. എന്നാൽ അത് പൊലീസുകാരുടെ ശ്രദ്ധയിൽ പെടാത്ത രീതിയിൽ ജോർജ് കുട്ടി കൈകാര്യം ചെയ്യുന്നു. ‘ഞെട്ടൽ വേണ്ട,പക്ഷെ ഉള്ളൊന്നു പിടയണം’ എന്നുമാത്രമാണ് ഞാൻ ലാലിനോട് പറഞ്ഞത്.

മുൻപിൽ പോലീസുണ്ട്,പുറമെ കണ്ടാൽ പിടിക്കപ്പെടും. ഉള്ളിലെ പിടച്ചിൽ അത് ഞെട്ടലായിട്ട്‌ വേണ്ട എന്നാണ് പറഞ്ഞത്. അപ്പോഴത്തെ ആ മൂവ്മെന്റ് കണ്ടപ്പോൾ അതുതന്നെയാണ് വേണ്ടതെന്നും തോന്നി.’ ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം, ജോർജ് കുട്ടി എന്ന കഥാപാത്രത്തിന്റെ തെറ്റായ ഒരു എക്സ്പ്രഷൻ പോലും ആ കഥാപാത്രത്തെയും ദൃശ്യം എന്ന സിനിമയെ തന്നെയും ഇല്ലാതാക്കും എന്നായിരുന്നു ഇതിനോടുള്ള മോഹൻലാലിന്റെ പ്രതികരണം. പിടിക്കപ്പെടാതിരിക്കാൻ അയാൾക്ക്‌ എന്തൊക്കെ ചെയ്യാൻപറ്റുമെന്നുള്ളത് എഴുതിവെക്കാതെ തന്നെ ആ ക്യാരക്ടറിലൂടെ നമുക്ക് ചെയ്യാനും സാധിക്കും. അതൊക്കെ ആ സമയത്തു സംഭവിക്കുന്ന റിഫ്ലക്ഷനുകളാണ്’ എന്നും മോഹൻലാൽ പറഞ്ഞുവെക്കുന്നു.

ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ മാസം 21ന് തിയേറ്ററുകളിലെത്തും. ആശിർവാദ് സിനിമാസ് ആണ് ചിത്രത്തിന്റെ നിർമാണം. വിവിധ ഭാഷകളിലെത്തുന്ന സിനിമയുടെ ഡിസ്ട്രിബ്യുഷൻ അവകാശം സ്വന്തമാക്കിയിരിക്കുന്നത് പനോരമ സ്റ്റുഡിയോസ് ആണ്.

Content Highlight: Mohanlal about Drishyam series

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം