'അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കും'; എ.എം.എം.എയില്‍ നിന്ന് രാജിവെച്ചവരെക്കുറിച്ച് മോഹന്‍ലാല്‍; എതിര്‍പ്പിന് പിന്നാലെ ഭേദഗതി മരവിപ്പിച്ചു
Malayalam Cinema
'അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കും'; എ.എം.എം.എയില്‍ നിന്ന് രാജിവെച്ചവരെക്കുറിച്ച് മോഹന്‍ലാല്‍; എതിര്‍പ്പിന് പിന്നാലെ ഭേദഗതി മരവിപ്പിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th June 2019, 7:01 pm

കൊച്ചി: രേവതി അടക്കമുള്ളവര്‍ ജനറല്‍ ബോഡി യോഗത്തില്‍ എതിര്‍പ്പ് വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെ മലയാള ചലച്ചിത്ര കൂട്ടായ്മയായ എ.എം.എം.എ ഭരണഘടന ഭേദഗതി ചെയ്യുന്നതു മരവിപ്പിച്ചു. സംഘടനയിലെ അംഗങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതുവരെയാണ് ഇത്.

നേരത്തേ യോഗത്തില്‍ നിന്ന് ഡബ്ലു.സി.സി അംഗങ്ങളായ പാര്‍വതി തിരുവോത്തും രേവതിയും ഇറങ്ങിപ്പോയിരുന്നു. ഡബ്ലു.സി.സിയുടെ നിലപാട് രേഖാമൂലം അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അഭിപ്രായം പറയുന്നവരെ അച്ചടക്കനടപടിയിലൂടെ നേരിടുന്നതും എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് പൂര്‍ണ അധികാരം നല്‍കിയ ജനറല്‍ ബോഡിയെ അപ്രസക്തമാക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്നും രേവതി യോഗത്തില്‍ തുറന്നടിക്കുകയും ചെയ്തിരുന്നു.

യോഗത്തില്‍ ഭേദഗതിയെ ആരും എതിര്‍ത്തിട്ടില്ലെന്നും മാറ്റങ്ങളാണു പറഞ്ഞതെന്നും യോഗത്തിനുശേഷം സംഘടന നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍വതിയും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ എന്തൊക്കെ ഭേദഗതികള്‍ വേണമെന്ന കാര്യം ആരും വ്യക്തമാക്കിയിട്ടില്ലെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

‘സ്ത്രീകള്‍ക്കു ന്യായമായ സംവരണം എന്നത് ചാരിറ്റി സംഘടനകള്‍ പോലും ചെയ്യാറില്ല. പക്ഷേ ഞങ്ങള്‍ വിശാലമായ കാഴ്ചപ്പാടോടെ അതവതരിപ്പിച്ചു. മമ്മൂട്ടിയടക്കം ചില ആശയങ്ങള്‍ മുന്നോട്ടുവെച്ചു.’- കെ.ബി ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

സംഘടനയില്‍ നിന്നു രാജിവെച്ചവര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കും. എന്നാല്‍ അവര്‍ ഇതുവരെ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്‍കിയാല്‍ സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. തിരിച്ചെത്തുന്നവരുടെ പക്കല്‍നിന്ന് അംഗത്വഫീസ് പോലും വാങ്ങിക്കരുതെന്ന നിര്‍ദേശം മമ്മൂട്ടി മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ജഗദീഷ് അറിയിച്ചു. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയുണ്ടായിട്ടില്ല. അതിനു നടപടിക്രമങ്ങളുണ്ട്. അവര്‍ക്കു വീണ്ടും വരാന്‍ കഴിയും. അവരെ ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവര്‍ വരുന്നില്ലെന്നാണ് പറഞ്ഞതെന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്.- മോഹന്‍ലാല്‍ പറഞ്ഞു.

യോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ രേവതിയെ പാര്‍വതി തിരുവോത്ത്, ജോയ് മാത്യു, ഷമ്മി തിലകന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ പിന്തുണച്ചിരുന്നു. ഭരണഘടനാ ഭേദഗതി പാസാക്കുന്നതിന് അംഗങ്ങളുടെ അഭിപ്രായം തേടിയപ്പോഴാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് അധികാരം പരിമിതപ്പെടുന്നതും, അംഗങ്ങളുടെ വിമര്‍ശനങ്ങളില്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ രേവതി എതിര്‍പ്പ് വ്യക്തമാക്കിയത്. സംഘടനയിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ചും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരണം എങ്ങനെയെന്നതടക്കമുള്ള കാര്യങ്ങളില്‍ രേവതി നിലപാടറിയിച്ചു.

പുതിയ ഭേദഗതി പ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റിയിലെ മൂന്നുപേരിലേക്ക് എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള അധികാരം പരിമിതപ്പെടുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും നടി പത്മപ്രിയ എ.എം.എം.എ നേതൃത്വത്തെ കത്തുവഴി അറിയിച്ചിരുന്നു. ബൈലോ തയ്യാറാക്കിയ സബ് കമ്മിറ്റി ആരാണെന്ന് പരസ്യപ്പെടുത്തണമെന്നും സബ്കമ്മിറ്റി ഉണ്ടായിരുന്നോ എന്നു വ്യക്തമാക്കണമെന്നും പദ്മപ്രിയ ആവശ്യപ്പെട്ടു.

‘ജനറല്‍ ബോഡി ചേരുന്നുണ്ടെങ്കിലും കാലങ്ങളായി എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് പരമാധികാര സംവിധാനമായി സംഘടനയെ നിയന്ത്രിക്കുന്നത്. എകസിക്യുട്ടീവ് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളിലേക്ക് സംഘടനയുടെ എല്ലാ അധികാരവും വന്നുചേരുന്ന വിധത്തിലാണ് പുതിയ ഭേദഗതി. ഇത് ജനാധിപത്യ സ്വഭാവത്തിലുള്ളതല്ല. അംഗങ്ങള്‍ക്കെതിരെ അച്ചടക്കനടപടിയും ശിക്ഷാ നടപടിയും സ്വീകരിക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.’- കത്തില്‍ പറയുന്നു.