എം.ജി. ശ്രീകുമാര്‍ പാടിയ പാട്ട് അവസാന നിമിഷം ദാസേട്ടനെകൊണ്ട് പാടിച്ചു: മോഹന്‍ സിതാര
Entertainment
എം.ജി. ശ്രീകുമാര്‍ പാടിയ പാട്ട് അവസാന നിമിഷം ദാസേട്ടനെകൊണ്ട് പാടിച്ചു: മോഹന്‍ സിതാര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd June 2025, 5:44 pm

ഒരു കാലത്ത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങള്‍ ഒരുക്കിയ സംഗീതസംവിധായകനായിരുന്നു മോഹന്‍ സിതാര. ഇപ്പോള്‍ മഴവില്ല് എന്ന സിനിമയില്‍ ഇളയരാജയായിരുന്നു സംഗീതം ചെയ്യാനിരുന്നതെന്ന് പറയുകയാണ് മോഹന്‍ സിതാര.

തന്റെ സുഹൃത്തായ നിര്‍മാതാവിന്റെ തീരുമാനമായിരുന്നു തന്നെ സിനിമയിലെത്തിച്ചതെന്നും ആ സിനിമയിലെ പാട്ടുകളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശിവദം ശിവനാമം എന്ന ഗാനം പാടാന്‍ ആ സമയത്ത് യേശുദാസിന് എത്താന്‍ കഴിഞ്ഞില്ലെന്നും സംവിധായകന്റെ നിര്‍ബന്ധപ്രകാരം എം.ജി. ശ്രീകുമാറിനെ വെച്ച് പാടിച്ചുവെന്നും മോഹന്‍ സിതാര പറയുന്നു.

എന്നാല്‍ റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ യേശുദാസ് വിളിച്ചുവെന്നും പിന്നീട് ശ്രീകുമാര്‍ പാടുന്നത് മാറ്റി ട്രാക്ക് താന്‍ പാടി അദ്ദേഹത്തെ കേള്‍പ്പിച്ചുവെന്നും മോഹന്‍ സിതാര കൂട്ടിച്ചേര്‍ത്തു. പാട്ടിനിടയില്‍ എം.ജി. ശ്രീകുമാര്‍ പാടിയ ഒരു ഹമ്മിങ് ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം പറയുന്നു. മനോരമ ദിനപത്രത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ സിതാര.


മഴവില്ല് സിനിമയില്‍ ആദ്യം പാട്ട് ചെയ്യാന്‍ ഇളയരാജയെ ആണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സുഹൃത്തായ നിര്‍മാതാവ് സേവ്യറിന്റെ തീരുമാനമായിരുന്നു എന്നെ ആ സിനിമയില്‍ എത്തിച്ചത്. പൊന്നോല തുമ്പില്‍, രാവിന്‍ നിലാക്കായല്‍, കിളിവാതിലില്‍, പുള്ളിമാന്‍ കിടാവേ, ശിവദം ശിവനാമം തുടങ്ങി പ്രണയവും, അടി ച്ചുപൊളിയും വിരഹവും, ക്ലാസിക്കലും എല്ലാം ചേര്‍ന്നു സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍. ശിവദം ശിവനാമം പാടാന്‍ യേശുദാസിന് സമയത്ത് എത്താന്‍ കഴിഞ്ഞില്ല.

എന്നാല്‍, ഷൂട്ട് തുടങ്ങേണ്ടതിനാല്‍ സംവിധായകന്റെ നിര്‍ബന്ധം കാരണം ചെന്നൈയിലുണ്ടായിരുന്ന എം.ജി.ശ്രീകുമാറിനെ വിളിച്ച് പാടിപ്പിച്ചു. മനോഹരമായി പാടിയിരുന്നു. എന്നാല്‍, റിക്കോര്‍ഡ് ചെയ്തു പുറ ത്തിറങ്ങുമ്പോള്‍ ദാസേട്ടന്‍ വിളിച്ചു. നീ ഇപ്പോള്‍ എവിടെയുണ്ട്, ഇതു കൂടെ പാടിത്തീര്‍ക്കാം എന്ന് പറഞ്ഞു. എന്താ പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയായി. വേഗം ശ്രീകുമാര്‍ പാടിയത് മാറ്റിയിട്ട് ട്രാക്ക് സ്വയം പാടി ദാസേട്ടന്റെ അടുത്ത് എത്തി വീണ്ടും പാടിപ്പിച്ചു. പാട്ടിനിടയില്‍ ശ്രീകുമാര്‍ പാടിയ ഒരു ഹമ്മിങ് ഇപ്പോഴും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്,’ മോഹന്‍ സിതാര പറയുന്നു.

Content Highlight: Mohan sithara says that  The song from mazhavillu sung by M.G. Sreekumar was replaced  by Yesudas  at the last moment