മുഹമ്മദ് ഷമി ധാരാളം വെള്ളം കുടിക്കണം; മതപണ്ഡിതന്മാര്‍ മതത്തിന്റെ കാര്യം നോക്കട്ടെ: ഡോ. സുല്‍ഫി നൂഹ്
Kerala News
മുഹമ്മദ് ഷമി ധാരാളം വെള്ളം കുടിക്കണം; മതപണ്ഡിതന്മാര്‍ മതത്തിന്റെ കാര്യം നോക്കട്ടെ: ഡോ. സുല്‍ഫി നൂഹ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th March 2025, 9:25 pm

കോഴിക്കോട്: റമദാന്‍ നാളില്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനിടെ വെള്ളം കുടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെയുണ്ടായ വിമര്‍ശനത്തില്‍ പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നാഷണല്‍ കണ്‍വീനര്‍ ഡോ. സുല്‍ഫി നൂഹ്.

മുഹമ്മദ് ഷമി മാത്രമല്ല ടീമിലുള്ള എല്ലാവരും ഈ വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കണമെന്നും മണിക്കൂറില്‍ ഒരു ഗ്ലാസ് വെള്ളമെങ്കിലും ഏറ്റവും കുറവ് കുടിക്കണമെന്നുമാണ് ഇ.എന്‍.ടി സര്‍ജന്‍ കൂടിയായ സുല്‍ഫി നൂഹ് പറയുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഈ ചൂടത്ത് വെള്ളം കുടിക്കാതിരിക്കുന്നതാണ് കുറ്റകരമെന്നും മതപണ്ഡിതന്മാര്‍ മതത്തിന്റെ കാര്യം നോക്കട്ടെയെന്നും ക്രിക്കറ്റിന്റെ കാര്യങ്ങള്‍ താങ്കള്‍ നോക്കണമെന്നും ഡോ. സുല്‍ഫി നൂഹ് പറയുന്നു.

‘മതപണ്ഡിതന്മാര്‍ മതത്തിന്റെ കാര്യം നോക്കട്ടെ. ക്രിക്കറ്റിന്റെ കാര്യങ്ങള്‍ താങ്കളും. നല്ല ചൂടാണ്. പെര്‍ഫോമന്‍സ് കുറയ്ക്കുക മാത്രമല്ല അത് അപകടകരമായ രീതിയിലേക്ക് ശരീരത്തെ നയിക്കും. ഇന്ത്യയെ ജയിപ്പിക്കാനുള്ളതാണ്. തീപാറുന്ന ബൗണ്‍സറുകള്‍ പായിക്കാനുള്ളതാണ്,’ ഡോ. സുല്‍ഫി നൂഹ് ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തെ ജയിപ്പിക്കണം, അത് മാത്രമാണ് ലക്ഷ്യം വെക്കേണ്ടതെന്ന് പറഞ്ഞ് ഷമിക്ക് ആശംസ നേര്‍ന്നാണ് ഡോ.സുല്‍ഫി നൂഹു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദുബായില്‍ വെച്ച് നടന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ മുഹമ്മദ് ഷമി എനര്‍ജി ഡ്രിങ്ക് കുടിച്ചത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. വിശുദ്ധ റമദാന്‍ മാസത്തില്‍ നോമ്പ് എടുക്കാതെ ഷമി വെള്ളം കുടിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചതിന് ശേഷമാണ് വിവാദമുണ്ടായത്.

തൊട്ട് പിന്നാലെ ഷമിക്കെതിരെ വിമര്‍ശനവുമായി അഖിലേന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാനാം റസ്‌വി രംഗത്തെത്തി. വ്രതം എടുക്കാത്ത ആരോഗ്യമുള്ളവര്‍ ക്രിമിനലുകള്‍ ആണെന്നും അവര്‍ ദൈവത്തിന് മറുപടി പറയേണ്ടി വരുമെന്നും പറഞ്ഞ അദ്ദേഹം മുസ്‌ലിങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട കടമകളില്‍ ഒന്നാണ് വ്രതമെന്നും ആരോഗ്യമുള്ള ഏതെങ്കിലും പുരുഷനോ സ്ത്രീയോ അതാചരിക്കുന്നില്ലെങ്കില്‍ അവര്‍ വലിയ കുറ്റവാളികളാകുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

വിവാദത്തില്‍ മുഹമ്മദ് ഷമിയെ പിന്തുണച്ച് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം ഖാലിദ് റാഷിദ് രംഗത്തെത്തിയിരുന്നു. മുഹമ്മദ് ഷമി കളിക്കുന്നതിനാല്‍ അദ്ദേഹത്തിന് വ്രതം എടുക്കാതിരിക്കാന്‍ അവസരമുണ്ടെന്നും ക്രിക്കറ്റ് കളിക്കാരനെതിരെ വിരല്‍ ചൂണ്ടാന്‍ ആര്‍ക്കും അവകാശമില്ലെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗമായ മൗലാന ഖാലിദ് റാഷിദ് ഫരംഗി മഹ്‌ലി പറഞ്ഞു.

ഒരാള്‍ യാത്രയിലാണെങ്കിലും സുഖമില്ലെങ്കിലും നോമ്പ് എടുക്കാതിരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടെന്ന് ഖാലിദ് റാഷിദ് വ്യക്തമാക്കി. അതിനാല്‍ മുഹമ്മദ് ഷമിയുടെ കാര്യത്തില്‍, അദ്ദേഹം യാത്രയിലായതിനാല്‍, വ്രതം എടുക്കാതിരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അയാള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഖാലിദ് റാഷിദ് വ്യക്തമാക്കി.

Content Highlight: Mohammed Shami should drink plenty of water; Let religious scholars look into religion; Dr. Sulfi Nooh supports Shami