അദ്ദേഹത്തെ വിമർശിച്ചവർക്ക് ബാറ്റ് കൊണ്ട് തന്നെ മറുപടി; കൈഫ്
Cricket
അദ്ദേഹത്തെ വിമർശിച്ചവർക്ക് ബാറ്റ് കൊണ്ട് തന്നെ മറുപടി; കൈഫ്
ഫസീഹ പി.സി.
Wednesday, 3rd June 2026, 5:05 pm

സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ്. കോഹ്‌ലി തന്റെ കരിയറിന്റെ ഈ ഘട്ടം ആസ്വദിക്കുകയാണെന്നും സ്‌ട്രൈക്ക് റേറ്റിനെ ചൊല്ലി വിമര്‍ശിച്ചവര്‍ക്ക് താരം ബാറ്റ് കൊണ്ട് തന്നെ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കോഹ്‌ലി ഓരോ വര്‍ഷവും തന്റെ കളിയില്‍ പുരോഗതി കൈവരിക്കുകയാണെന്നും സ്വയം മെച്ചപ്പെടാനുള്ള താരത്തിന്റെ കൊതി മറ്റാരിലും കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്, Photo: google/probatsman

‘വിരാട് കോഹ്‌ലി തന്റെ കരിയറിന്റെ ഈ ഘട്ടം ശരിക്കും ആസ്വദിക്കുകയാണ്. ഒരു രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കൂടി തനിക്ക് കളിക്കേണ്ടതുണ്ടെന്ന് അവനറിയാം. സ്‌ട്രൈക്ക് റേറ്റിനെ ചൊല്ലി തന്നെ വിമര്‍ശിച്ചവര്‍ക്ക് ബാറ്റുകൊണ്ട് തന്നെ അവന്‍ മറുപടി നല്‍കി. അതിന് ഉദാഹരണമാണ് ഈ വര്‍ഷത്തെ അവന്റെ സ്‌ട്രൈക്ക് റേറ്റ്.

ടി – 20യില്‍ കോഹ്‌ലി 14000 റണ്‍സ് നേടിയിട്ടുണ്ട്. പക്ഷേ അവന്‍ ഓരോ വര്‍ഷവും കളിയില്‍ പുരോഗമിച്ച് കൊണ്ടരിക്കുകയാണ്. അപ്പോഴും മെച്ചപ്പെടാനുള്ള കൊതി അവനിലുണ്ട്. അത് മറ്റാരിലും കാണാന്‍ നമുക്ക് സാധിക്കില്ല.

മുമ്പ് സമ്മര്‍ദഘട്ടങ്ങളില്‍ പതുക്കെയായിരുന്നു കോഹ്‌ലി കളിക്കുക. എന്നാലിപ്പോള്‍ അവന്‍ ആധിപത്യം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നത്. മത്സരത്തിനിടെ എതിരാളികളുമായി വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നതും അവന്റെ ഒരു രീതിയാണ്. അത് അവന് അധിക പ്രചോദനവും ഊര്‍ജ്ജവും നല്‍കുന്നുണ്ട്,’ കൈഫ് പറഞ്ഞു.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

ഐ.പി.എല്ലിൽ രണ്ട് തവണ തുടർച്ചയായി ചാമ്പ്യനായ വിരാട് മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്. 16 ഇന്നിങ്‌സില്‍ കളിച്ച താരം 675 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറികളുമാണ് താരം ഈ സീസണില്‍ നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ 60 പന്തില്‍ പുറത്താവാതെ നേടിയ 105 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 56.25 ആവറേജും 165.84 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

Content Highlight: Mohammed Kaif praises Virat Kohli’s performance in IPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി