യു.എ.ഇക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണം;മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
Trending
യു.എ.ഇക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണം;മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
അനിത സി
Saturday, 28th February 2026, 10:32 am

വാഷിങ്ടണ്‍: യു.എ.ഇക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് സൗദി രാജകുമാരനും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

സുഡാനിലെ പാരാമിലിറ്ററി സംഘമായ ആര്‍.എസ്.ഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ യു.എ.ഇക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നായിരുന്നു സൗദിയുടെ ആവശ്യമെന്നും ഇക്കാര്യം ട്രംപ് യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായദിനോട് വെളിപ്പെടുത്തിയെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് പിന്നാലെ നവംബറിലാണ് സൗദി കിരീടാവകാശി ഫോണിലൂടെ ഉപരോധത്തെ കുറിച്ച് ആവശ്യമുന്നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരിട്ട് യു.എ.ഇക്കെതിരെ നടപടികള്‍ എടുക്കുന്നതിന് പകരമായി കൂടുതല്‍ ഉപരോധങ്ങളേര്‍പ്പെടുത്താനാണ് സൗദി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

സുഡാനുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയെടുക്കാന്‍ സൗദി കിരീടാവകാശി ആഗ്രഹിക്കുന്നു. അതിന് യു.എസ് പിന്തുണ നല്‍കുമെന്നും വാഷിങ്ടണില്‍ നടന്ന സൗദി-യു.എസ് ബിസിനസ് ഫോറത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

സുഡാനിലും യെമനിലും യു.എ.ഇ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാതി ഉയര്‍ത്തി സൗദി കിരീടാവകാശി യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തഹ്‌നൂണ്‍ ബിന്‍ സായിദിന് കത്തയച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യു.എസിനോട് ഉപരോധം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടെന്ന വാദം യു.എ.ഇ വിശ്വസിച്ചത് സൗദിക്ക് വലിയ ഞെട്ടലുണ്ടാക്കിയെന്നും കത്തില്‍ പരാമര്‍ശിച്ചിരുന്നതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, യു.എ.ഇ പിന്മാറിയാല്‍ സുഡാനിലെ യുദ്ധം അവസാനിക്കുമെന്ന വിശ്വാസത്തിന്റെ പുറത്താണ് സൗദി ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് ഒരു സൗദി ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. യു.എ.ഇക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സൗദി രാജകുമാരന്‍ ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ആര്‍.എസ്.എഫിനെ പിന്തുണക്കുന്ന യു.എ.ഇക്കെതിരെ സൗദി നടപടിക്കൊരുങ്ങുന്നുവെന്ന് മിഡില്‍ ഈസ്റ്റ് ഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.യു.എ.ഇ ആര്‍.എസ്.എഫിന് പിന്തുണ നല്‍കുമ്പോള്‍ സൗദി അറേബ്യയും ഈജിപ്തും തുര്‍ക്കിയും സുഡാന്‍ സൈന്യത്തിനെയാണ് പിന്തുണയ്ക്കുന്നത്. നേരത്തെ, സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സൗദി അറേബ്യ ശ്രമങ്ങള്‍ നടത്തിയിരുന്നു.

അതേസമയം, ട്രംപ് കഴിഞ്ഞാഴ്ച ആര്‍.എസ്.എഫ് കമാന്‍ഡര്‍മാര്‍ക്കെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യു.എ.ഇക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല.

യു.എസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ മെമ്മോയില്‍ ആര്‍.എസ്.എഫ് കമാന്‍ഡര്‍ മുഹമ്മദ് ഹംദാന്‍ ഹെമദ്തി ദഗലോയുടെ സഹോദരനും ലെഫ്റ്റനന്റുമായ വ്യക്തി കെനിയന്‍ പാസ്‌പോര്‍ട്ടിനൊപ്പം എമിറാത്തി ഐ.ഡിയും ഉപയോഗിക്കുന്നുണ്ടെന്നും യു.എസ് വെളിപ്പെടുത്തയിരുന്നു,

സുഡാന്‍ ഡാര്‍ഫറിലെ എല്‍ ഫാഷറല്‍ ഒരു മാസം നീണ്ട ആര്‍.എസ്.എഫിന്റെ നടപടികള്‍ വംശഹത്യയുടെ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Mohammed bin Salman reportedly asked Trump to impose sanctions on the UAE

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.