എം.ബി.എസിന്റെ പ്രധാനമന്ത്രി സ്ഥാനാരോഹണം ഖഷോഗ്ജി വധക്കേസില്‍ നിന്നും നിയമ പരിരക്ഷ ലഭിക്കാന്‍; റിപ്പോര്‍ട്ട്
World News
എം.ബി.എസിന്റെ പ്രധാനമന്ത്രി സ്ഥാനാരോഹണം ഖഷോഗ്ജി വധക്കേസില്‍ നിന്നും നിയമ പരിരക്ഷ ലഭിക്കാന്‍; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th September 2022, 9:15 am

രണ്ട് ദിവസം മുമ്പായിരുന്നു സൗദി അറേബ്യയുടെ കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് ബിന്‍ സല്‍മാനെ സൗദിയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്. പ്രതീക്ഷിക്കപ്പെട്ട ഒരു തീരുമാനം തന്നെയായിരുന്നു ഇത്.

എന്നാല്‍ കിരീടാവകാശിയായിരിക്കെ തന്നെ ഇപ്പോള്‍ എം.ബി.എസിനെ പ്രധാനമന്ത്രിയായി നിയമിച്ചത് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി വധക്കേസില്‍ നിന്നും നിയമ പരിരക്ഷ ലഭിക്കാനാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന സല്‍മാന്‍ രാജാവ് നിലവില്‍ വിശ്രമത്തിലാണ്. പൊതുചടങ്ങുകളില്‍ അദ്ദേഹം അപൂര്‍വമായി മാത്രമേ പങ്കെടുക്കാറുള്ളൂ. അതുകൊണ്ട് തന്നെ ആഭ്യന്തര- അന്താരാഷ്ട്ര നയതന്ത്ര വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതും സൗദിയെ പ്രതിനിധീകരിച്ച് വിദേശ യാത്രകള്‍ നടത്തുന്നതും ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതുമെല്ലാം എം.ബി.എസാണ്.

അതിനാല്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു എന്നുകരുതി എം.ബി.എസിന്റെ ചുമതലകളിലും ആഭ്യന്തര ഭരണ സമവാക്യങ്ങളിലും പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാകില്ലെന്നും എന്നാല്‍ പ്രധാനമന്ത്രി എന്നുള്ള സ്ഥാനം ഖഷോഗ്ജി വധക്കേസിന്റെ നിയമനടപടികളില്‍ നിന്നും എം.ബി.എസിന് പ്രതിരോധം നല്‍കുമെന്നുമാണ് മിഡില്‍ ഈസ്റ്റ് ഐയും ഗാര്‍ഡിയനും അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ നിന്നും എം.ബി.എസിനെ നിയമപരമായി ഒഴിവാക്കാനാണ് സൗദി ഭരണകൂടത്തിന്റെ ഈ നീക്കമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

യു.എസിലാണ് നിലവില്‍ കേസ് നടന്നുകൊണ്ടിരിക്കുന്നത്.

ഖഷോഗ്ജി വധക്കേസില്‍ എം.ബി.എസിന് നിയമപരമായ പ്രതിരോധം, sovereign immunity നല്‍കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് അഭിപ്രായം പറയണമെന്ന് യു.എസില്‍ ഈ കേസ് നടന്നുകൊണ്ടിരിക്കുന്ന കോടതിജോ ബൈഡന്റെ യു.എസ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

നേരത്തെ ജൂലൈയില്‍ ഇതിന് മറുപടി നല്‍കണമെന്നായിരുന്നു ബൈഡന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ മറുപടി വൈകിയതോടെ, ജില്ലാ കോടതി ജഡ്ജി ജോണ്‍ ബേറ്റ്‌സ് ഇത് പിന്നീട് ഒക്ടോബര്‍ മൂന്നാം തീയതിയിലേക്ക് നീട്ടി നല്‍കുകയായിരുന്നു.

സാധാരണയായി ഏതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയോ പ്രസിഡന്റോ രാജാവോ ആയ നേതാക്കള്‍ക്കാണ് ഇത്തരം സാഹചര്യങ്ങളില്‍ നിയമ സംരക്ഷണം ലഭിക്കും.

അതുകൊണ്ടാണ് ഈ ഒക്ടോബര്‍ മൂന്ന് എന്ന തീയതിക്ക് തൊട്ടുമുമ്പായി, അതായത് എം.ബി.എസിന് നിയമപരരിരക്ഷ നല്‍കണമോ എന്ന വിഷയത്തിലെ ബൈഡന്‍ സര്‍ക്കാരിന്റെ മറുപടി വരുന്നതിന് മുമ്പായി എം.ബി.എസിനെ ഇത്ര ധൃതിപ്പെട്ട് പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നത് എന്നാണ് ഈ നരേറ്റീവില്‍ പറയുന്നത്.

എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വേണ്ടി അദ്ദേഹം ഏര്‍പ്പെടുത്തിയ ആളുകളാണ് ഖഷോഗ്ജിയെ വധിച്ചതെന്നും ഈ ഓപ്പറേഷന് എം.ബി.എസ് തന്നെയാണ് ഉത്തരവിട്ടതെന്നും യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളുടേതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ആരോപണങ്ങളെല്ലാം സൗദി ഭരണകൂടവും എം.ബി.എസും നിഷേധിച്ചിരുന്നു. അതിന്റെ കേസുകള്‍ നിലവില്‍ യു.എസില്‍ നടന്നുവരികയാണ്.

ഖഷോഗ്ജി വധം സൗദി- തുര്‍ക്കി, സൗദി- യു.എസ് ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തിയിരുന്നു.

അതേസമയം, രണ്ട് ദിവസം മുമ്പായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ട്
ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുലസീസ് രാജാവ് ഉത്തരവിറക്കിയത്. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായായിരുന്നു നടപടി.

ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാതിസ് സെന്‍ഗിസാണ് യു.എസില്‍ ഈ കേസ് നടത്തിക്കൊണ്ട് പോകുന്നത്.

പ്രധാനമന്ത്രിയായതോടെ നിയമനടപടികളില്‍ നിന്നും പ്രതിരോധം ലഭിക്കുന്നതിനൊപ്പം വിദേശയാത്രകളുടെ സമയത്ത് അറസ്റ്റ് ചെയ്യപ്പെടുന്നതടക്കമുള്ള നടപടികളില്‍ നിന്നും എം.ബി.എസിന് സംരക്ഷണം ലഭിക്കും.

സൗദി ഭരണകൂടത്തെയും മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണത്തിന് കീഴിലുള്ള മനുഷ്യവകാശ ലംഘനങ്ങളെയും യെമനിലെ ഇടപെടലുകളെയുമെല്ലാം വിമര്‍ശിച്ചുകൊണ്ട് നിരന്തരം ലേഖനങ്ങള്‍ എഴുതിയിരുന്ന വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു ജമാല്‍ ഖഷോഗ്ജി. യു.എസിലായിരുന്നു ഖഷോഗ്ജി താമസിച്ചിരുന്നത്.

2018 ഒക്ടോബറില്‍ തുര്‍ക്കിയിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗ്ജി കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വേണ്ടി അദ്ദേഹം ഏര്‍പ്പെടുത്തിയ ആളുകളാണ് ഖഷോഗ്ജിയെ വധിച്ചതെന്നും ഈ ഓപ്പറേഷന് എം.ബി.എസ് തന്നെയാണ് ഉത്തരവിട്ടതെന്നും യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളുടേതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ആരോപണങ്ങളെല്ലാം സൗദി ഭരണകൂടവും എം.ബി.എസും നിഷേധിച്ചിരുന്നു. അതിന്റെ കേസുകള്‍ നിലവില്‍ യു.എസില്‍ നടന്നുവരികയാണ്.

ഖഷോഗ്ജി വധം സൗദി- തുര്‍ക്കി, സൗദി- യു.എസ് ബന്ധങ്ങളിലും വിള്ളല്‍ വീഴ്ത്തിയിരുന്നു.

അതേസമയം, രണ്ട് ദിവസം മുമ്പായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ട് ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുലസീസ് രാജാവ് ഉത്തരവിറക്കിയത്. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായായിരുന്നു നടപടി.

രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍.

ഖാലിദ് ബിന്‍ സല്‍മാനാണ് പുതിയ പ്രതിരോധമന്ത്രി. യൂസഫ് ബിന്‍ അബ്ദുള്ള അല്‍ ബെന്യാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചു.

ഉപപ്രതിരോധ മന്ത്രിയായി തലാല്‍ അല്‍ ഉതൈബിയെയും നിയമിച്ചു. മറ്റ് മന്ത്രിമാരില്‍ മാറ്റങ്ങളില്ല. മന്ത്രിസഭ യോഗങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും ഇനി നടക്കുകയെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2017ലായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാനെ സൗദി കിരീടാവകാശിയായി പ്രഖ്യാപിച്ചത്. സല്‍മാന്‍ രാജാവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നേരത്തെ രാജാവിന്റെ ഔദ്യോഗിക ചുമതലകളും എം.ബി.എസിനെ ഏല്‍പിച്ചിരുന്നു.

സൗദി സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികളെയും വിദേശരാജ്യങ്ങളിലെ നേതാക്കളെയും സ്വീകരിക്കുന്നതും പ്രസിഡന്‍ഷ്യല്‍ മീറ്റിങ്ങുകളിലും പ്രാദേശിക ഉച്ചകോടികളിലും നിലവില്‍ സല്‍മാന്‍ രാജാവിന് പകരം പങ്കെടുക്കുന്നതും എം.ബി.എസാണ്.

2021 ഡിസംബര്‍ ആദ്യവാരം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തിയതും, ജി.സി.സി ഉച്ചകോടിക്ക് നേതൃത്വം നല്‍കിയതും മുഹമ്മദ് ബിന്‍ സല്‍മാനായിരുന്നു.

Content Highlight: Mohammed bin Salman appointed as Saudi’s new PM to apparently avoid Jamal Khashoggi murder lawsuit