'ഹിതപരിശോധന വിജയം'; നാല് പ്രദേശങ്ങള്‍ കൂടി ഔദ്യോഗികമായി കൂട്ടിച്ചേര്‍ക്കാന്‍ റഷ്യ; മോസ്‌കോയില്‍ ആഘോഷപരിപാടി
World News
'ഹിതപരിശോധന വിജയം'; നാല് പ്രദേശങ്ങള്‍ കൂടി ഔദ്യോഗികമായി കൂട്ടിച്ചേര്‍ക്കാന്‍ റഷ്യ; മോസ്‌കോയില്‍ ആഘോഷപരിപാടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th September 2022, 8:12 am

മോസ്‌കോ: ഹിതപരിശോധനയിലെ വിജയത്തെ തുടര്‍ന്ന് ഉക്രൈന്റെ ഭാഗമായിരുന്ന നാല് പ്രദേശങ്ങള്‍ കൂടി ഔദ്യോഗികമായി റഷ്യയുമായി കൂട്ടിച്ചേര്‍ക്കും.

റഷ്യന്‍ അധിനിവേശത്തിന് കീഴിലുള്ള കിഴക്കന്‍ ഉക്രൈനിലെ ഡൊനെറ്റ്‌സ്‌ക് (Donetsk), ലുഹാന്‍സ്‌ക് (Luhansk), സപ്പോരിഴ്ഷ്യ (Zaporizhzhia), കെര്‍സണ്‍ (Kherson) എന്നീ പ്രവിശ്യകളാണ് റഷ്യയുമായി കൂട്ടിച്ചേര്‍ക്കുന്നത്.

ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് എന്നിവ ഉക്രൈന്‍ അധിനിവേശത്തില്‍ റഷ്യയെ പിന്തുണക്കുന്ന പ്രവിശ്യകളാണ്.

വെള്ളിയാഴ്ചയായിരിക്കും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെക്കുക. മോസ്‌കോയില്‍ വലിയ ആഘോഷത്തോടെയായിരിക്കും ചടങ്ങ് നടക്കുക, എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുടിന്റെ പ്രസംഗവുമുണ്ടായിരിക്കും. നാല് പ്രദേശങ്ങളും റഷ്യയുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പരസ്യബോര്‍ഡുകളും നഗരത്തില്‍ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്.

ഈയാഴ്ച തന്നെ ഔദ്യോഗികമായ അനെക്‌സേഷന്‍ (annexation) നടപടി ഉണ്ടാകണമെന്ന് നാല് പ്രവിശ്യകളിലും റഷ്യ നിയമിച്ച നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. വ്യാഴാഴ്ച മോസ്‌കോയില്‍ വെച്ച് ഇവര്‍ യോഗം ചേര്‍ന്നിരുന്നു.

2014ല്‍ ക്രിമിയയെ (Crimea) റഷ്യയുമായി യോജിപ്പിച്ചതിന് സമാനമായിട്ടായിരിക്കും ഈ നാല് നഗരങ്ങളെയും കൂട്ടിച്ചേര്‍ക്കുക.

കഴിഞ്ഞ ദിവസമായിരുന്നു ഹിത പരിശോധനയില്‍ വിജയം അവകാശപ്പെട്ട് റഷ്യന്‍ നേതാക്കള്‍ രംഗത്തെത്തിയത്.

നേരത്തെ ഈ പ്രദേശങ്ങള്‍ റഷ്യയുമായി കൂട്ടിച്ചേര്‍ക്കുന്നത് സംബന്ധിച്ച് പുടിന്‍ നടത്തിയ ഹിത പരിശോധനയെ ഉക്രൈനും പാശ്ചാത്യ രാജ്യങ്ങളും ശക്തമായി അപലപിച്ചിരുന്നു.

എന്നാല്‍ അഞ്ച് ദിവസം നീണ്ടുനിന്ന (സെപ്റ്റംബര്‍ 23- 27) ഹിതപരിശോധനയില്‍ ഏതാണ്ട് പൂര്‍ണമായും ജനപിന്തുണ ലഭിച്ചതായി റഷ്യന്‍ അധികൃതര്‍ അവകാശപ്പെട്ടിരുന്നു.

അതേസമയം, സൈനികപരമായി ഉകൈനില്‍ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെ കരുതല്‍ സൈനികരോട് യുദ്ധത്തിന് തയ്യാറെടുക്കാന്‍ പുടിന്‍ ആഹ്വാനം ചെയ്തിരുന്നു. റഷ്യ- ഉക്രൈന്‍ യുദ്ധം ഏഴ് മാസം പിന്നിടുകയും റഷ്യന്‍ മേധാവിത്തത്തില്‍ തിരിച്ചടി നേരിടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പുടിന്റെ നിര്‍ദേശം.

മൂന്ന് ലക്ഷത്തോളം കരുതല്‍ സൈനികരോട് യുദ്ധത്തിന് തയ്യാറെടുക്കാന്‍ പുടിന്‍ നിര്‍ദേശിച്ചതായായിരുന്നു റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെ യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങളും രാജ്യത്ത് ശക്തമായിരിക്കുകയാണ്.

Content Highlight: Russia to formally annex Donetsk, Luhansk, Zaporizhzhia and Kherson after declared victory in the referendum