ഇനി ഒരേയൊരു വഴിയേ ഉള്ളൂ, സഞ്ജുവിനെ കൊണ്ടുവരിക; വ്യക്തമാക്കി മുഹമ്മദ് കൈഫ്
സൂപ്പര്‍ 8ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പരാജയപ്പെട്ടതിന് പുറകെ ഇന്ത്യയുടെ ബാറ്റിങ് കോമ്പിനേഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ഇടം കയ്യന്‍ ബാറ്റര്‍മാരാണ് കൂടുതലെന്നും ഇടത് – വലത് കോമ്പിനേഷന്‍ നിലനിര്‍ത്താന്‍ ഇന്ത്യ സഞ്ജു സാംസണെ കൊണ്ടുവരണമെന്നും കൈഫ് വ്യക്തമാക്കി. ഇന്ത്യയുടെ ആദ്യ ഏഴ് ബാറ്റര്‍മാരില്‍ അഞ്ച് താരങ്ങള്‍ ഇടംകയ്യന്‍മാരാണെന്ന് മുന്‍ താരം ചൂണ്ടിക്കാട്ടി.
‘എല്ലാത്തിലും ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം. ഇടംകയ്യന്‍ ബാറ്റര്‍മാരുടെ കാര്യത്തില്‍ നമ്മള്‍ അതിരുകടന്നിരിക്കുന്നു, ആദ്യ ഏഴില്‍ അഞ്ച് ഇടംകൈയ്യന്‍ ബാറ്റര്‍മാരുണ്ട്. ഇത് എതിരാളികള്‍ക്ക് എളുപ്പത്തില്‍ തന്ത്രം മെനയാനുള്ള സമയം നല്‍കുന്നു.
ഇടത്-വലത് കോമ്പിനേഷനില്‍ ഹാര്‍ദിക് അഞ്ചാം സ്ഥാനത്താണ് വരുന്നത്. കോമ്പിനേഷന്‍ ലഭിക്കാന്‍ സഞ്ജുവിനെയും കൊണ്ടുവരിക. ഇനി വിജയിക്കാനുള്ള വഴി അതാണെങ്കില്‍ അത്തരത്തിലൊരു സ്‌ക്വാഡ് ഉണ്ടാക്കുക,’ മുഹമ്മദ് കൈഫ് പറഞ്ഞു.
അഭിഷേക് ശര്‍മയും സഞ്ജു സാംസണും
2026 ടി-20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് ടീമിന്റെ തോല്‍വി. മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 111 റണ്‍സിന് പുറത്താവുകയായിരുന്നു.
ടി-20 ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്.
മത്സരത്തില്‍ മോശം പ്രകടനം നടത്തിയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും (15 റണ്‍സ്) ഇഷാന്‍ കിഷനും (0) മടങ്ങിയത്. മാത്രമല്ല വണ്‍ ഡൗണിലെത്തിയ തിലക് വര്‍മ ഒരു റണ്‍സ് മാത്രം നേടി മടങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇഷാന്റെ ആദ്യത്തെ ഡക്കാണിത്. എന്നാല്‍ അഭിഷേകിന്റെ ആദ്യ മൂന്ന് മത്സരത്തിലും താരം ഡക്കായിരുന്നു.
തിലകും മികച്ച പ്രകടനമല്ല നടത്തുന്നത്. ഇതോടെ മലയാളി സൂപ്പര്‍ താരം സഞ്ജുവിന് സൂപ്പര്‍ എട്ടിലെ അടുത്ത മത്സരത്തില്‍ സിബാബ്‌വേക്കെതിരെ കളത്തിലിറങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ കോച്ച് റെയാന്‍ ടെന്‍ഡോഷേറ്റ് സഞ്ജുവിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചിരുന്നു. ജനുവരി 26ന് ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാം സൂപ്പര്‍ 8 മത്സരം. മത്സരം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.
Content Highlight: Mohammad Kaif Criticize Indian Team Batting Order And Talk For Bring Back Sanju Samson In Playing 11