അഭയാര്‍ത്ഥിത്വത്തിന്റെ ദുരിത കാലത്ത് നിന്ന് ലോക ഹൃദയത്തിലേക്കുള്ള മോഡ്രിച്ചിന്റെ യാത്ര
Football
അഭയാര്‍ത്ഥിത്വത്തിന്റെ ദുരിത കാലത്ത് നിന്ന് ലോക ഹൃദയത്തിലേക്കുള്ള മോഡ്രിച്ചിന്റെ യാത്ര
ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 10:46 am

യൂറോപ്പിലെ കുഞ്ഞന്‍ രാജ്യമായ ക്രൊയേഷ്യയുടെ ഫുട്‌ബോള്‍ ഭാവിക്ക് സ്വപ്‌നങ്ങള്‍ നെയ്ത് കൊടുക്കുകയാണ് ലൂക്കാ മോഡ്രിച്ചെന്ന മിഡ് ഫീല്‍ഡര്‍. ഫിഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡും യുവേഫ യൂറോപ്യന്‍ പ്ലെയര്‍ അവാര്‍ഡിനും പിന്നാലെ മെസി-റോണോ യുഗത്തിന് അന്ത്യം കുറിച്ച് ആ സ്വര്‍ണത്തലമുടിക്കാരന്‍ ഒടുവില്‍ ബാലന്‍ ഡി ഓറിലും മുത്തമിട്ടിരിക്കുകയാണ്. ലൂക്കയിലൂടെ ക്രൊയേഷ്യയും ലോകത്തിന്റെ നെറുകയിലേക്കാണ് നടന്നു കയറിയത്.

എന്നാല്‍ കേവലമൊരു പുലരിയില്‍ ഉദിച്ച താരമല്ല ലൂക്ക. ദുരിതങ്ങളുടെ ചവര്‍പ്പന്‍ യാഥാര്‍ത്യങ്ങളും പ്രതിസന്ധികളുടെ കുട്ടിക്കാലവും മറികടന്നാണ് ലൂക്കാ ഫുട്‌ബോളിന്റെ താരപദവിയിലെത്തുന്നത്. ലൂക്കാ എന്ന വ്യക്തിയെ വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം അനുഭവങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചതിനാലാണ് അദ്ദഹം ഫുട്‌ബോളറെന്നതിലുപരി ഒരു രാഷ്ട്രീയ നിലപാടുള്ള വ്യക്തി കൂടി ആകുന്നത്.

ഫ്രാന്‍സിലെ അവമതി നിറഞ്ഞ ബാല്യമാണ് സിദാനെ പോരാളിയാക്കിയത്. അയാളിലെ അള്‍ജീരിയന്‍ വ്യക്തിത്വം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. ഒരിക്കല്‍ അയാളുടെ വംശത്തിന് നേരെ ഉയര്‍ന്ന ചോദ്യത്തെ അയാള്‍ നേരിട്ടത് രാകിയെടുത്ത മൂര്‍ച്ചയേറിയ തന്റെ തലകൊണ്ടുള്ള ഒരു ഹെഡറിലൂടെയാണ്. സിദാന്‍ അങ്ങനെയാണ് കളിക്കളത്തിനകത്ത് രാഷ്ട്രീയപോരാളിയാകുന്നതും. അതേ ദൗത്യം തന്നെയാണ് ഇംഗ്ലണ്ടിനോട് വിരല്‍ ചൂണ്ടി മോഡ്രിച്ച് ചെയ്തതും.

Related image

വെള്ളക്കാരന്റെ അഹങ്കാരത്തിന് മുന്നില്‍ തല കുനിക്കാതെ നിങ്ങളാദ്യം എതിരാളികളെ ബഹുമാനിക്കൂ എന്ന് തലയുയര്‍ത്തി മോഡ്രിച്ച് ആവശ്യപ്പെടുമ്പോള്‍ ലോകം കണ്ടത് ലൂക്കയിലെ രാഷ്ട്രീയ നിലപാട് കൂടിയാണ്. യൂറോപ്യന്‍ ഫുട്‌ബോളിനെ ഭരിക്കുന്ന കൊളോണിയലിസത്തിന്റെ ബീജങ്ങള്‍ ഇന്നും കൂടെയുള്ള ഇംഗ്ലീഷ് ടീമിനോടും മാധ്യമങ്ങളോടും ലൂക്കായ്ക്ക് അങ്ങനെ പറയാനായത് അനുഭവങ്ങളുടെ തീച്ചൂളയില്‍ രാകിയെടുത്ത കരുത്ത് തന്നെയാണ്.

Image result for luka modric

റയലിന്റേയും ക്രൊയേഷ്യയുടേയും മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയുന്ന ഭാവനാ സമ്പന്നനായ മോഡ്രിച്ചിന് ഒരു കുട്ടിക്കാലമുണ്ട്. മാഴ്‌സയുടെ പുല്‍തകിടില്‍ പന്തുതട്ടി വളര്‍ന്നവര്‍ക്കും ലാ മാസിയയുടെ അക്കാദമിയില്‍ തന്ത്രങ്ങള്‍ പഠിച്ചിറങ്ങിയവര്‍ക്കും സ്വപ്‌നം കാണാന്‍ കഴിയാത്തൊരു ബാല്യത്തിന്റെ കഥയാണത്.

1991 ഡിസംബറിലെ തണുത്തുറഞ്ഞ ദിവസങ്ങള്‍. അന്ന് ലൂക്കാ എന്ന ബാലന് വയസ്സ് ആറ്. അന്നാണ് യൂറോപ്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളില്‍ ഒന്നായ ബാള്‍ക്കന്‍ യുദ്ധം ആരംഭിക്കുന്നത്. ഡെര്‍ബിയന്‍ പട ഡാല്‍മേഷ്യയിലെ ക്രോട്ട് ഗ്രാമങ്ങളില്‍ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. നാട് വിടാത്ത കുടുംബങ്ങളെ തേടിപിടിച്ച് അവര്‍ വേട്ടയാടി.

Image result for luka modric childhood home

അന്ന് സെര്‍ബുകളുടെ ക്രൂരമായ വംശീയ വേട്ടയില്‍ മോഡ്രിച്ചിന്റെ മുത്തച്ഛനും ജീവന്‍ നഷ്ടമായി. ജീവിതമാര്‍ഗമായ കാലികളെ മേയ്ക്കാന്‍ സാഡാറിലെ കുന്നിന്‍ ചെരിവില്‍ പോയ ലൂക്കായുടെ മുത്തച്ഛന്‍ പിന്നീട് തിരിച്ചുവന്നില്ല. സെര്‍ബ് വംശത്തിന്റെ മേന്‍മകളില്ലാത്തതിനാല്‍ ക്രോട്ടുകാരനായ ലൂക്കയുടെ മുത്തച്ഛന് ജീവന്‍ നഷ്ടമായി. ആഴ്ചകള്‍ക്ക് ശേഷം ആ കുടുംബം തിരിച്ചറിഞ്ഞു. കാത്തിരിപ്പ് വിഫലമാണെന്ന്.

Image result for luka modric childhood home

ദരിദ്രമായ പശ്ചാത്തലമാണ് മോഡ്രിച്ചിനുണ്ടായത്. മുത്തച്ഛന്റെ മരണത്തിന് ശേഷം മോഡ്രിച്ച് എത്തപ്പെട്ടത് അഭയാര്‍ഥി ക്യാംപിലാണ്. പുസ്തകങ്ങളുടെ ഇടയില്‍ ആധുനിക ഫുട്‌ബോളിന്റെ തമ്പുരാക്കന്‍മാര്‍ വളര്‍ന്നപ്പോള്‍ ലൂക്കാ വളര്‍ന്നത് വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കുമിടയിലാണ്. മ്യൂണിക്കിന്റെ മൈതാനത്ത് ചാംപ്യന്‍ പടയുടെ ബാല്യങ്ങള്‍ കളി പഠിച്ചപ്പോള്‍ ലൂക്ക യും സഹോദരിയും ചുറ്റും മൈനുകളുണ്ടോ എന്ന് പരിശോധിച്ചാണ് നടന്നത്. ഭക്ഷണവും വൈദ്യുതിയുമില്ലാത്ത ദിനരാത്രങ്ങള്‍. ഇതെല്ലാം ലൂക്കയെന്ന വ്യക്തിയെ വളര്‍ത്തുകയായിരുന്നു.

അതുകൊണ്ടാണ് പ്രതിരോധവും ആക്രമണവും തന്ത്രവും നിറഞ്ഞ ഫുട്‌ബോളെന്ന തൊണ്ണൂറ് മിനിറ്റ് യുദ്ധത്തില്‍ അയാള്‍ തളരാത്ത പോരാളിയാകുന്നത്. ആ പോരാട്ട വീര്യത്തിന്റെ വര്‍ത്തമാന ഫലമാണ് കൊളോണിയലിസത്തിന്റെ അപ്പോസ്തലന്‍മാരുടെ മണ്ണില്‍ ചവിട്ടി അയാള്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Image result for luka modric childhood

സാമ്പത്തികമായി പിന്നോക്കമായിരുന്നു എന്റെ ബാല്യം. ഹോട്ടലുകളില്‍ വൃത്തിയില്ലാത്ത മുറികളില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിട്ടുണ്ട്. അന്നും ഞാന്‍ ഫുട്‌ബോളിനെ സ്‌നേഹിച്ചു. റൊണാള്‍ഡോ ലൂയിസെന്ന ബ്രസീലിയന്‍ ഇതിഹാസമായിരുന്നു എന്റെ പ്രചോദനം. യുദ്ധമാണ് എന്നെ ശക്തനാക്കിയത്. മോഡ്രിച്ച് പറയുന്നു.

Image result for luka modric childhood

റയല്‍ മാഡ്രിഡെന്ന അതികായകര്‍ ടോട്ടനത്തില്‍ നിന്ന് മോഡ്രിച്ചിനെ വാങ്ങുമ്പോള്‍ വേസ്റ്റ് സൈനിങ് എന്നായിരുന്നു ഫുട്‌ബോള്‍ ലോകം വിലയിരുത്തിയത്. പക്ഷെ പരിശീലകനായിരുന്ന ജോസ് മോറീഞ്ഞോയ്ക്ക് ലൂക്കായുള്ള ഉള്ളിലെ അണയാത്ത തീയെകുറിച്ച് അറിയാമായിരുന്നു.

വെടിയൊച്ചകളുടെ നിശബ്ദതയുടെ നിമിഷങ്ങളില്‍ തുകല്‍ പന്തില്‍ അവന്‍ ഫുട്‌ബോള്‍ പഠിച്ച് തുടങ്ങുന്നത്. കലാപത്തില്‍ നിന്നും അവമതി നിറഞ്ഞ ബാല്യത്തില്‍ നിന്നും അവന്‍ രക്ഷപ്പെടാന്‍ കണ്ടെത്തിയത് ഫുട്‌ബോളായിരുന്നു. ലൂക്കായുടെ ചരിത്രം അറിയുന്ന മോറീഞ്ഞോ റയലിന്റെ തട്ടകത്തില്‍ തന്ത്രങ്ങള്‍ പറഞ്ഞ് വളര്‍ത്തിയെടുത്തു. ഇന്ന് ഏതു ക്ലബും ലൂക്കായെ കൊതിക്കുന്നു. മൈനിങുകളില്‍ ചവിട്ടാതെ സൂക്ഷമതയോടെ നീങ്ങിയ അവന്റെ ഓരോ കാല്‍വെപ്പും ബോംബിങിന്റേയും വെടിയൊച്ചയുടേയും ശബ്ദത്തിനിടയിലും അവന്‍ സ്വാംശീകരിച്ച ഏകാഗ്രതയും ലൂക്കായെ കളിക്കളത്തിനകത്തെ എല്ലാം തികഞ്ഞൊരു പോരാളിയാക്കി.

Image result for luka modric childhood home
പ്രായം മുപ്പത് കടന്നെങ്കിലും മോഡ്രിച്ച് തളരില്ല. അയാളുടെ കാലുകള്‍ക്ക് അനുഭവങ്ങളുടെ മൂര്‍ച്ചയുണ്ട്. അയാളുടെ പേശികള്‍ക്ക് ക്രോട്ട് അസ്തിത്വത്തിന്റെ അഭിമാന ബോധമുണ്ട്. അതിനാല്‍ ഫുട്‌ബോള്‍ കേവലമൊരു മത്സരമെന്നതിന് അപ്പുറം പരിഗണിക്കുന്ന ഒരു ജനതയുടെ അഭിമാനബോധം കൂടിയാണ് ലൂക്കാ മോഡ്രിച്ച്.