'ആ യാത്ര ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടി'; കേദാര്‍നാഥ്, അടിയന്തരാവസ്ഥ, ജലം; രണ്ടാംവരവിലെ ആദ്യ മന്‍ കി ബാത്ത് ഇങ്ങനെ
national news
'ആ യാത്ര ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടി'; കേദാര്‍നാഥ്, അടിയന്തരാവസ്ഥ, ജലം; രണ്ടാംവരവിലെ ആദ്യ മന്‍ കി ബാത്ത് ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2019, 5:37 pm

ന്യൂദല്‍ഹി: തന്റെ ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കേദാര്‍നാഥില്‍ പോയതെന്ന് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ച്ചയായ രണ്ടാംവട്ടം അധികാരത്തിലേറിയശേഷം മോദി നടത്തുന്ന പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയുടെ ആദ്യദിനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘എന്തിന് അവിടെപ്പോയി എന്ന തരത്തിലാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇതിനെ രാഷ്ട്രീയവത്കരിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടായിരുന്നു. ആത്മാവിനെ തൊട്ടറിയാനുള്ള അവസരം തേടിയാണ് ഞാന്‍ അവിടെ പോയത്.’- മോദി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിനു മുന്‍പ് മോദി കേദാര്‍നാഥില്‍ സന്ദര്‍ശനം നടത്തിയത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്ന വ്യാപക ആരോപണം ഉയര്‍ന്നിരുന്നു. മോദി അവിടെവെച്ച് ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന ഫോട്ടോയടക്കം വലിയ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു. പ്രതിപക്ഷപാര്‍ട്ടികളെക്കൂടാതെ സാമൂഹ്യമാധ്യമങ്ങളിലും വലിയരീതിയില്‍ പ്രതിഷേധം രൂപപ്പെട്ടിരുന്നു. എന്നാല്‍ അന്നൊന്നും ഇക്കാര്യത്തില്‍ മറുപടി പറയാതിരുന്ന മോദി, ഇപ്പോഴാണ് അതേക്കുറിച്ച് എന്തെങ്കിലും സംസാരിക്കുന്നത്.

മന്‍ കീ ബാത്തിനെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. ‘സമൂഹത്തിന്റെ പ്രതിബിംബമാണ് മന്‍ കി ബാത്ത്. 130 കോടി ജനങ്ങളുടെ ശക്തിയും കഴിവുമാണ് ഇതില്‍ ദൃശ്യമാകുന്നത്. പുതിയ ഒരു ഇന്ത്യ എന്ന ആവേശമാണ് ഇത് പ്രതിഫലിപ്പിച്ചത്.’- അദ്ദേഹം അവകാശപ്പെട്ടു.

അടിയന്തരാവസ്ഥയെക്കുറിച്ചും അദ്ദേഹം വാചാലനായി. ‘അടിയന്തരാവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടം രാഷ്ട്രീയവൃത്തങ്ങള്‍ക്കുള്ളില്‍ മാത്രമായി ചുരുങ്ങിയിരുന്നില്ല. ജനങ്ങള്‍ ഒന്നടങ്കം അതില്‍ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. ജനാധിപത്യം തിരിച്ചുപിടിക്കണമെന്ന തോന്നലായിരുന്നു ജനങ്ങള്‍ക്ക്. തങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട എന്തോ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്ന തോന്നലായിരുന്നു ജനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത്.’- അദ്ദേഹം പറഞ്ഞു.

ജലസംരക്ഷണം രാജ്യത്തെ രക്ഷിക്കുമെന്നും സമൂഹം ഒന്നടങ്കം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.