മോദിയോട് യു.എസ് ജേര്‍ണലിസ്റ്റ് ചോദിച്ചത് ന്യൂനപക്ഷ വിവേചനത്തെക്കുറിച്ച്; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും
World News
മോദിയോട് യു.എസ് ജേര്‍ണലിസ്റ്റ് ചോദിച്ചത് ന്യൂനപക്ഷ വിവേചനത്തെക്കുറിച്ച്; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd June 2023, 10:29 am

ന്യൂയോര്‍ക്ക്: അമരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തില്‍ രണ്ട് ചോദ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടത്. നേരത്തെ തന്നെ തീരുമാനിച്ച പ്രകാരം യു.എസ് മാധ്യമപ്രവര്‍ത്തകയുടെ ഒരു ചോദ്യത്തിനും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ മറ്റൊരു ചോദ്യത്തിനുമാണ് മോദി മറുപടി നല്‍കിയത്.

വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടര്‍ സബ്രിന സിദ്ദിഖിയാണ് യു.എസിനെ പ്രതിനിധീകരിച്ച് ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നില്ലേയെന്നും അവരുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്നുമായിരുന്നു സബ്രിന സിദ്ദിഖിയുടെ ചോദ്യം.

ഈ ചോദ്യം അത്ഭുതപ്പെടുത്തിയെന്നും ഇന്ത്യയില്‍ എല്ലാവരും ജനാധിപത്യം അനുഭവിക്കുന്നുണ്ടെന്നും ജാതി, മതം, ലിംഗഭേദം എന്നിവയുടെ പേരില്‍ യാതൊരു വിവേചനവും നിലനില്‍ക്കുന്നില്ലെന്നുമാണ് നരേന്ദ്ര മോദി പറഞ്ഞത്.

എല്ലാ മതങ്ങളിലും വിശ്വസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നും, ഇത്
ഇന്ത്യയില്‍ ജനാധിപത്യമുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നും മോദി പറഞ്ഞു.

എന്നാല്‍ കാലാവസ്ഥാമാറ്റം നേരിടാന്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചായിരുന്നു ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ മാധ്യമപ്രവര്‍ത്തകന്‍ മോദിയോട് ചോദിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ ഒരേയൊരു ജി20 രാജ്യമാണ് ഇന്ത്യയെന്നായിരുന്നു ഈ ചോദ്യത്തോടുള്ള പ്രധാനമന്ത്രിയുടെ മറുപടി.

അതേസമയം, അധികാരത്തിലെത്തി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നരേന്ദ്ര മോദി ഒരു പത്രസമ്മേളനം നടത്തുന്നത്. മോദിയും ബൈഡനും സംയുക്ത പത്രസമ്മേളനം നടത്തണമെന്ന വൈറ്റ് ഹൗസിന്റെ നിര്‍ദേശമുണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ മോദിയുടെ സന്ദര്‍ശനത്തിന് തലേദിവസം മാത്രമാണ് മാധ്യമങ്ങളുടെ രണ്ട് ചോദ്യങ്ങള്‍ക്ക് മോദി മറുപടി നല്‍കാമെന്ന് ഇന്ത്യന്‍ അധികൃതര്‍ സമ്മതിച്ചതെന്നായിരുന്നു സി.എന്‍.എന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Content Highlight: Modi was asked by a US journalist about minority discrimination; Indian journalist’s question about climate change