ഉക്രെയ്ന്‍ യുദ്ധം നേരത്തെ അവസാനിപ്പിക്കാന്‍ ഇടപെടല്‍; ഫ്രഞ്ച് പ്രസിഡന്റുമായി സംസാരിച്ചെന്ന് മോദി
India
ഉക്രെയ്ന്‍ യുദ്ധം നേരത്തെ അവസാനിപ്പിക്കാന്‍ ഇടപെടല്‍; ഫ്രഞ്ച് പ്രസിഡന്റുമായി സംസാരിച്ചെന്ന് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th September 2025, 9:02 pm

ന്യൂദല്‍ഹി: ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രെയ്‌നിലെ യുദ്ധം ഏറ്റവും വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ഇടപെടലുകളെ കുറിച്ചാണ് സംസാരിച്ചതെന്ന് മോദി അറിയിച്ചു.

മാക്രോണുമായി സംസാരിച്ചതിനെ നല്ലതെന്ന് മോദി എക്‌സിലൂടെ വിശേഷിപ്പിച്ചു. ഉക്രെയ്‌നിലെ സംഘര്‍ഷം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ, മറ്റ് നിരവധി അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും മോദി എക്‌സില്‍ കുറിച്ചു.

ആഗോള സമാധാനവും സ്ഥിരതയും വളര്‍ത്തുന്നതില്‍ ഇന്ത്യയും ഫ്രാന്‍സും തന്ത്രപ്രധാനമായ പങ്കാളിത്തം തുടരുമെന്നും മോദി പറഞ്ഞു.

കൂടാതെ, വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി അവലോകനം ചെയ്തു. ഇതിനെ പോസിറ്റീവായി വിലയിരുത്തിയെന്നും മോദി കുറിച്ചു.

നേരത്തെ ഫ്രാന്‍സും യു.കെയും ഉള്‍പ്പടെയുള്ള 31 രാജ്യങ്ങളുടെ കൂട്ടായ്മയായ കൊളിഷന്‍ ഓഫ് ദി വില്ലിങും (Coalition of the Willing) ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ പാരീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ ഉള്ളടക്കവും മോദിയുമായി പങ്കുവെച്ചെന്ന് ഫ്രഞ്ച് പ്രസിഡന്റ് എക്‌സിലൂടെ അറിയിച്ചു.

ഇന്ത്യക്കും ഫ്രാന്‍സിനും ഉക്രെയ്‌നില്‍ എന്നും നിലനില്‍ക്കുന്ന സമാധാനം നേടിയെടുക്കണമെന്ന ഒരേലക്ഷ്യമാണ് ഉള്ളതെന്നും മാക്രോണ്‍ കുറിച്ചു.

ഇന്ത്യയും ഫ്രാന്‍സും സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവും വളര്‍ത്തുന്നതിനൊപ്പം സമാധാനത്തിന് വേണ്ടിയുള്ള പാതയില്‍ ഒരുമിച്ച് നീങ്ങുമെന്നും മാക്രോണ്‍ പറഞ്ഞു.

ഷാങ്ഹായ് ഉച്ചകോടിയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി മോദി അടുത്തസൗഹൃദം പങ്കിട്ടിരുന്നു. ഇതിന് പിന്നാലെ യൂറോപ്യന്‍ നേതാക്കള്‍ മോദിയുമായി ഉക്രെയ്ന്‍ സംഘര്‍ഷത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വന്നിരുന്നു.

യൂറോപ്യന്‍ നേതാക്കളുമായി കോണ്‍ഫറന്‍സ് കോളിലൂടെയാണ് മോദി സംസാരിച്ചത്. റഷ്യയുടെ ആക്രമണം അവസാനിപ്പിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനായി സഹായം നല്‍കുന്നതിലും ഇന്ത്യയുടെ നിര്‍ണായക പങ്ക് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ഫോണ്‍ കോളിന് പിന്നാലെ എടുത്തുപറഞ്ഞിരുന്നു.

മോദി റഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് തന്നെ ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി മോദിയുമായി സംസാരിച്ചിരുന്നു. യഥാര്‍ത്ഥ സമാധാനം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രധാനപ്പെട്ട സംഭാഷണം എന്നാണ് പുടിനുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ സെലന്‍സ്‌കി വിശേഷിപ്പിച്ചത്.

Content  Highlight: Modi says he spoke to French President to end Ukraine war early