മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം അദാനിയ്ക്ക് 6000 കോടിയുടെ കരാര്‍ ഉറപ്പാക്കാന്‍: മഹുവ
India
മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം അദാനിയ്ക്ക് 6000 കോടിയുടെ കരാര്‍ ഉറപ്പാക്കാന്‍: മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th November 2025, 10:46 pm

കൊല്‍ക്കത്ത: ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര.

ദല്‍ഹിയില്‍ സ്‌ഫോടനമുണ്ടായതിന്റെ അടുത്ത ദിവസം ഗൗതം അദാനിയ്ക്ക് കോടിക്കണക്കിന് രൂപയുടെ കരാർ ഉറപ്പാക്കാൻ പ്രധാനമന്ത്രി ഭൂട്ടാനിലേക്ക് പറന്നതായി മഹുവ വിമര്‍ശിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് വിമര്‍ശനം.

‘നമുക്ക് ഇത് ഓര്‍ത്തുവെക്കാം. ദല്‍ഹിയിലെ സ്ഫോടനത്തില്‍ ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള പ്രഭാതത്തില്‍ ഗൗതം അദാനിയ്ക്ക് വേണ്ടി 6000 കോടി രൂപയുടെ കരാര്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഭൂട്ടാനിലേക്ക് പറന്നു. ഇത് ചരിത്രത്തില്‍ കുറിക്കട്ടെ,’ എന്നാണ് മഹുവ എക്സില്‍ പോസ്റ്റ്.

ഇന്നലെയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് മഹുവ പ്രതികരിച്ചിരുന്നു. ഇന്ത്യയെ സംരക്ഷിക്കാന്‍ ശക്തമായ ഒരു സര്‍ക്കാര്‍ ആവശ്യമാണെന്നും പ്രധാനമന്ത്രിക്ക് വേണമെങ്കില്‍ വേറെ പണിനോക്കാമെന്നുമായിരുന്നു മഹുവയുടെ പ്രതികരണം.

ഇന്ത്യക്ക് ശക്തമായ ഒരു സര്‍ക്കാരിനെ ആവശ്യമാണെന്നും തനിക്ക് വേണമെങ്കില്‍ തിരികെ പോയി ചായക്കട നടത്താമെന്നുമുള്ള നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ചായിരുന്നു മഹുവയുടെ വിമര്‍ശനം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും മഹുവ വിമര്‍ശിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടത് കഴിവുള്ള ആഭ്യന്തര മന്ത്രിയെയാണെന്നും മുഴുവന്‍ സമയവും വിദ്വേഷ പ്രചരണം നടത്തുന്ന മന്ത്രിയെയല്ലെന്നുമായിരുന്നു മഹുവ പറഞ്ഞത്.

ദല്‍ഹിയില്‍ സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം മോദി ഭൂട്ടാനിലേക്ക് യാത്ര തിരിച്ചിരുന്നു. ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിങ്ങിയേ വാങ്ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം.

സെപ്റ്റംബര്‍ ആറിന് അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവറും ഭൂട്ടാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള യൂട്ടിലിറ്റി കമ്പനിയായ ഡ്രൂക്ക് ഗ്രീന്‍ പവര്‍ കോര്‍പ്പറേഷനും 6,000 കോടി രൂപയുടെ 570 മെഗാവാട്ട് ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നു.

ദല്‍ഹിയില്‍ വെച്ചാണ് ഇരുസ്ഥാപനങ്ങളും കരാറില്‍ ഒപ്പുവെച്ചത്. ഇതിനെ മുന്‍നിര്‍ത്തിയാണ് ടി.എം.സി എം.പിഎയായ മഹുവയുടെ വിമര്‍ശനം.

Content Highlight: Modi’s Bhutan visit to secure Rs 6000 crore deal for Adani: Mahua