പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വേളയില്‍ മോദിക്ക് ചെങ്കോല്‍ കൈമാറും; 2024 ല്‍ അദ്ദേഹം തന്നെ പ്രധാനമന്ത്രിയാകും: ശ്രീ ഹരിഹര ദേശിക സ്വാമികള്‍
national news
പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വേളയില്‍ മോദിക്ക് ചെങ്കോല്‍ കൈമാറും; 2024 ല്‍ അദ്ദേഹം തന്നെ പ്രധാനമന്ത്രിയാകും: ശ്രീ ഹരിഹര ദേശിക സ്വാമികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2023, 12:36 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ 2024ലും പ്രധാനമന്ത്രിയായി തിരികെ വരുമെന്ന് മധുരൈ അധീനത്തിലെ പ്രധാന പുരോഹിതനായ ശ്രീ ഹരിഹര ദേശിക സ്വാമികള്‍. പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തിന് മോദിക്ക് ചെങ്കോല്‍ കൈമാറുന്നത് ഇദ്ദേഹമാണ്.

രാജ്യത്തെ എല്ലാവരും മോദിയെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള പ്രശംസ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.

‘ലോക ശ്രദ്ധ നേടിയ നേതാവാണ് മോദി. അദ്ദേഹം രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. 2024ല്‍ അദ്ദേഹം തന്നെ അധികാരത്തില്‍ വരണം, ജനങ്ങളെ നയിക്കണം. ലോക നേതാക്കള്‍ മോദിയെ പുകഴ്ത്തുന്നത് നമുക്ക് അഭിമാനമാണ്,’ അദ്ദേഹം പറഞ്ഞു.

പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കാണുമെന്നും ചെങ്കോല്‍ കൈമാറുമെന്നും സ്വാമി പറഞ്ഞു.

1947 ആഗസ്റ്റ് 14ന് ബ്രിട്ടീഷുകാര്‍ ഇന്ത്യക്ക് അധികാരം കൈമാറുന്നതിന്റെ ഭാഗമായി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് നല്‍കിയതാണ് ഈ ചെങ്കോലെന്നും അതേ ചെങ്കോലാണ് ഇപ്പോള്‍ മെയ് 28ന് മോദിക്ക് കൈമാറുന്നതെന്നുമാണ്. ബി.ജെ.പി വാദം. എന്നാല്‍ ഇതിനെ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

തങ്ങളാണ് ചെങ്കോല്‍ നിര്‍മിച്ചതെന്ന വാദവുമായി വുമ്മിദി ബംഗാരു ജ്വല്ലേഴ്‌സിന്റെ ചെയര്‍മാനായ വുമ്മിദി സുധാകരും രംഗത്തെത്തി.

‘ഞങ്ങളാണ് ചെങ്കോലിന്റെ സൃഷ്ടാക്കള്‍. മാസങ്ങള്‍ എടുത്താണ് അത് നിര്‍മിച്ചത്. സില്‍വറും ഗോള്‍ഡും ചേര്‍ത്താണ് അത് നിര്‍മിച്ചിട്ടുള്ളത്. എനിക്ക് അന്ന് 14 വയസാണ് പ്രായം,’ അദ്ദേഹം പറഞ്ഞു.

ആദ്യത്തെ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറലായ സി.രാജഗോപാലാചാരിയുടെ കൊച്ചു മകനായ ബി.ജെ.പി നേതാവ് സി. ആര്‍. കേശവനും പ്രധാനമന്ത്രിയുടെ തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തി.

‘ചെങ്കോല്‍ കൈമാറ്റമെന്ന പ്രധാനപ്പെട്ട ചടങ്ങിന്റെ പ്രാധാന്യം പലര്‍ക്കും അറിയില്ല. ഒരു ഇന്ത്യന്‍ എന്ന നിലയില്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറയുന്നു,’ കേശവന്‍ പറഞ്ഞു.

നേരത്തെ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭാ സ്പീക്കറുടെ ചെയറിന് സമീപം ചെങ്കോല്‍ സ്ഥാപിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്.

‘ഇന്ത്യക്ക് പുതിയ പാര്‍ലമെന്റ് മന്ദിരം വരികയാണ്. ആ മന്ദിരം പൂര്‍ത്തിയാക്കാന്‍ 40,000 പേര്‍ ജോലിയെടുത്തു. ഇതില്‍ എല്ലാവരെയും പ്രധാനമന്ത്രി ആദരിക്കും. മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ അത് ഇന്ത്യയുടെ പരമാധികാരം വീണ്ടെടുക്കല്‍ കൂടിയാണ്.

നിലവിലുള്ള മന്ദിരം ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ്. ഇപ്പോള്‍ ഇന്ത്യ പുതിയ മന്ദിരം പണിതിരിക്കുന്നു. നമ്മള്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ നിന്ന് പുതിയ കാലത്തേക്ക് മാറുകയാണ്. ഇന്ത്യയുടെ പരമാധികാരം ഉറപ്പിക്കുന്ന കൂടുതല്‍ ചിഹ്നങ്ങള്‍ മന്ദിരത്തില്‍ ഉണ്ടാകും,’ അമിത് ഷാ പറഞ്ഞു.

അതേസമയം ചെങ്കോല്‍ സ്ഥാപിക്കുന്നത് ജനാധിപത്യമല്ല രാജ്യവാഴ്ചയാണെന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ് ഇലങ്കോവന്‍ പറഞ്ഞു.

‘ചെങ്കോല്‍ രാജവാഴ്ചയുടെ പ്രതീകമാണ്, ജനാധിപത്യത്തിന്റേതല്ല. അത് നല്‍കിയത് രാഷ്ട്രീയ പാര്‍ട്ടികളല്ല. രാജവാഴ്ച വിഡ്ഢിത്തമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അവര്‍ ചെങ്കോല്‍ നല്‍കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

അതേസമയം മുന്‍ ലോക്‌സഭാ സപീക്കര്‍മാര്‍ക്കും രാജ്യസഭാ ചെയര്‍മാന്‍മാര്‍ക്കും മുഴുവന്‍ മുഖ്യമന്ത്രിമാര്‍ക്കും ഉദ്ഘാടനത്തിനുള്ള ക്ഷണക്കത്ത് നല്‍കിയിട്ടുണ്ടെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പാര്‍ലമെന്റ് മന്ദിരോദ്ഘാടന ചടങ്ങ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബഹിഷ്‌കരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, എന്‍.സി.പി, ആര്‍.ജെ.ഡി, എ.എ.പി, ജെ.ഡി.യു, ഡി.എം.കെ, എസ്.പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെ.എം.എം, എന്‍.സി, ആര്‍.എല്‍.ഡി, ആര്‍.എസ്.പി, വി.സി.കെ, എം.ഡി.എം.കെ എന്നീ 19 പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

content highlight: Modi rule will continue; Scepter to be presented at Parliament inauguration: Shri Harihara Desika Swamikal