ലോകത്ത് ആധുനിക അടിമവേല വര്‍ധിക്കുന്നു; ജി-20 രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്: റിപ്പോര്‍ട്ട്
World News
ലോകത്ത് ആധുനിക അടിമവേല വര്‍ധിക്കുന്നു; ജി-20 രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2023, 8:59 am

ന്യൂയോര്‍ക്ക്: ലോകത്ത് ആധുനിക അടിമവേല വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ വോക് ഫ്രീയാണ് മെയ് 24ന് ലോക അടിമ പട്ടിക (global slavery index) പുറത്ത് വിട്ടത്. പട്ടിക പ്രകാരം 2021ല്‍ മാത്രം 50 മില്യണ്‍ ജനങ്ങള്‍ അടിമവേലക്ക് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ജി-20 രാജ്യങ്ങളില്‍ ഏറ്റവും അടിമവേല കൂടുതലുള്ളത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 11 മില്യണ്‍ ആളുകളാണ് അടിമ വേലയ്ക്ക് ഇരയായിട്ടുള്ളത്. മറ്റ് ജി-20 രാജ്യങ്ങളില്‍ ചൈന-അഞ്ച് മില്യണ്‍, റഷ്യ-1.8 മില്യണ്‍, ഇന്തോനേഷ്യ- 1.8 മില്യണ്‍, തുര്‍ക്കി 1.3 മില്യണ്‍, അമേരിക്ക- 1.1 മില്യണ്‍ എന്നിങ്ങനെയാണ് കണക്കുകള്‍.

അഞ്ച് വര്‍ഷത്തെ കണക്കുകളേക്കാള്‍ 10 മില്യണ്‍ വര്‍ധനവാണ് അടിമവേലയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സായുധ സംഘട്ടനങ്ങള്‍, വ്യാപകമായ പാരിസ്ഥിതിക തകര്‍ച്ച, കൊവിഡ് 19 ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ അടിമത്വം കൂടുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

നിര്‍ബന്ധിത തൊഴില്‍, നിര്‍ബന്ധിത വിവാഹം, കടബാധ്യത, അടിമത്വം, അടിമത്വത്തിന് സമാനമായ പ്രവര്‍ത്തികള്‍, മനുഷ്യക്കടത്ത് തുടങ്ങിയവയാണ് ആധുനിക അടിമവേലയില്‍ ഉള്‍പ്പെടുന്നത്.

‘ആധുനിക അടിമത്വം പ്രത്യക്ഷമായി കാണാന്‍ സാധിക്കില്ല. പക്ഷേ ലോകത്തിന്റെ എല്ലാ കോണിലെയും ജനങ്ങളുടെ ജീവിതവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും ജനങ്ങള്‍ കബളിപ്പിക്കപ്പെടുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചൂഷണത്തിലൂടെ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ടിയും വരുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

27.6 മില്യണ്‍ ആളുകള്‍ നിര്‍ബന്ധിത ജോലിയും 22 മില്യണ്‍ ആളുകള്‍ നിര്‍ബന്ധിത വിവാഹത്തിനും ഇരയാകേണ്ടി വരുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. ലോകത്ത് 150ല്‍ ഒരാള്‍ എന്ന നിരക്കില്‍ ഓരോ ദിവസവും നിര്‍ബന്ധിത വിവാഹത്തിന് ഇരയാകുകയാണ്.

നോര്‍ത്ത് കൊറിയ, എരിട്രിയ, മൗറിത്താനിയ എന്നീ രാജ്യങ്ങളാണ് അടിമവേലയ്ക്ക് ഇരയായവരില്‍ ഏറ്റവും കൂടുതല്‍. സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളും ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു.

‘പൗരസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും പരിമിതമായ സംരക്ഷണം മാത്രം നല്‍കുന്ന ഈ രാജ്യങ്ങള്‍ തമ്മില്‍ രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ചില ഘടകങ്ങള്‍ പങ്കുവെക്കുന്നു.

കൂടാതെ ചില രാജ്യങ്ങള്‍ കലാപത്തിനും രാഷ്ട്രീയ അസ്ഥിരത, സ്വേച്ഛാധിപത്യം എന്നിവയ്ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചില രാജ്യങ്ങളില്‍ സര്‍ക്കാരുകള്‍ പൗരന്‍മാരെ വ്യത്യസ്ത മേഖലകളിലും, ജയിലുകളിലും ജോലി ചെയ്യുന്നതിന് വേണ്ടി നിര്‍ബന്ധിക്കുകയാണ്,’ റിപ്പോര്‍ട്ട് പറഞ്ഞു.

content highlight: Increasing modern slavery in the world; India tops G-20 countries: Report