മോദി വോട്ടിന് വേണ്ടി ആര്‍.ജെ.ഡിയെ കുറിച്ച് ജനങ്ങളില്‍ ഭീതി വളര്‍ത്തുകയാണ്: പ്രശാന്ത് കിഷോര്‍
India
മോദി വോട്ടിന് വേണ്ടി ആര്‍.ജെ.ഡിയെ കുറിച്ച് ജനങ്ങളില്‍ ഭീതി വളര്‍ത്തുകയാണ്: പ്രശാന്ത് കിഷോര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th November 2025, 1:49 pm

പാട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനായി പ്രധാനമന്ത്രി ജനങ്ങള്‍ക്കിടയില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍.ജെ.ഡിയെ കുറിച്ച് ഭീതി വളര്‍ത്തുകയാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപക നേതാവുമായ പ്രശാന്ത് കിഷോര്‍.

‘മോദിക്ക് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍.ജെ.ഡിയെ കുറിച്ചുള്ള ഭീതി വളര്‍ത്തി വോട്ട് നേടാന്‍ ശ്രമിക്കുകയാണ്.

കഴിഞ്ഞ പതിറ്റാണ്ടുകളിലെല്ലാം ഈ തന്ത്രം തന്നെയാണ് മോദിയും എന്‍.ഡി.എയും പയറ്റുന്നത്.

വോട്ട് ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായിട്ടാണ് എന്‍.ഡിഎ ലാലുവിനെ കുറിച്ച് ജനങ്ങളില്‍ ഭയം വളര്‍ത്തുക എന്നതിനെ കാണുന്നത്. അതുകൊണ്ടുതന്നെ എന്‍.ഡി.എ ഒന്നും ചെയ്തില്ലെങ്കിലും ആളുകള്‍ കരുതും ‘ജംഗിള്‍രാജ്’ തിരിച്ചുവന്നില്ലല്ലോ എന്ന്,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ബീഹാറില്‍ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലെ ആര്‍.ജെ.ഡി ഭരണത്തിലിരുന്ന കാലത്തെയാണ് ജംഗിള്‍രാജ് എന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്നത്.

ഒന്നാംഘട്ട ബീഹാര്‍ വോട്ടെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി ജംഗിള്‍ രാജ് എന്ന വാക്ക് പലതവണ ഉപയോഗിച്ചിരുന്നു. കഴിഞ്ഞയാഴ്ചയിലെ പ്രസംഗത്തില്‍ അടുത്ത നൂറ് വര്‍ഷത്തേക്ക് ജനങ്ങള്‍ ജംഗിള്‍ രാജ് മറക്കില്ലെന്ന് മോദി പറഞ്ഞിരുന്നു.

ആ കാലത്തെ ഓര്‍മകള്‍ പഴയ തലമുറ പുതിയ തലമുറയെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കണമെന്നും മോദി പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെത് മഹാസഖ്യമല്ലെന്നും കുറ്റവാളികളുടെ സഖ്യമാണെന്നും മോദി അവഹേളിച്ചിരുന്നു.

അതേസമയം, ഇത്തവണ ബീഹാറില്‍ സംസ്ഥാന ചരിത്രത്തെ തന്നെ തിരുത്തി റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയിരുന്നു. 64.66 ശതമാനമായിരുന്നു ഇത്തവണത്തെ ഒന്നാം ഘട്ടത്തിലെ പോളിങ്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 11ന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 14നാണ്.

Content Highlight: Modi is creating fear among people about RJD for votes: Prashant Kishor