'കോൺഗ്രസിനും ബി.ജെ.ഡിയ്ക്കും ദേശവിരുദ്ധ മനോഭാവം, മതപരിവർത്തനങ്ങൾ തടയാൻ ഒഡിഷ മുഖ്യമന്ത്രി ഒന്നും ചെയ്തില്ല': ഒഡിഷയിൽ യോഗി ആദിത്യനാഥ്
national news
'കോൺഗ്രസിനും ബി.ജെ.ഡിയ്ക്കും ദേശവിരുദ്ധ മനോഭാവം, മതപരിവർത്തനങ്ങൾ തടയാൻ ഒഡിഷ മുഖ്യമന്ത്രി ഒന്നും ചെയ്തില്ല': ഒഡിഷയിൽ യോഗി ആദിത്യനാഥ്
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 5:02 pm

റൂർക്കല: കോൺഗ്രസിനും ബിജു ജനത ദളിനും ദേശവിരുദ്ധ മനസ്ഥിതി ആണുള്ളതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങളുടെ ക്ഷേമം ലക്ഷ്യമിടുമ്പോൾ കോൺഗ്രസും ബി.ജെ.ഡിയും തങ്ങളുടെ നിഷേധാത്മകമായ നിലപാടുകളും ദേശവിരുദ്ധതയും വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. നക്സലിസത്തിനും, ദേശവിരുദ്ധമായ കാര്യങ്ങൾക്കും അനുകൂലമായി മൃദുസമീപനം പുലർത്തുകയാണ് അവർ. യോഗി കുറ്റപ്പെടുത്തി. ഒഡീഷയിലെ റൂർക്കലയിലെ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനാണ് കോൺഗ്രസും ബി.ജെ.ഡിയും മത്സരിക്കുന്നതെന്നും വികസനത്തിന് വേണ്ടിയോ പാവപ്പെട്ടവർക്ക് വേണ്ടിയോ യുവജനങ്ങൾക്ക് വേണ്ടിയോ ഉള്ള ഒരു പദ്ധതിയും ഇരു പാർട്ടികളുടെയും കൈവശമില്ലെന്നും യോഗി ആരോപിച്ചു. അതേസമയം, തീവ്രവാദികൾക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കാനും തീവ്രവാദികളെ ഇല്ലാതാക്കാനും ബി.ജെ.പിക്ക് മാത്രമാണ് കഴിയുകയെന്നും യോഗി അവകാശപ്പെട്ടു.


ഒഡിഷ മുഖ്യമന്ത്രി നവീൻ പ്ടനായിക്കിനെയും യോഗി ആദിത്യനാഥ് വിമർശിച്ചു. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച ക്ഷേമ പദ്ധതികളൊന്നും നടപ്പിലാക്കിയില്ലെന്നും അതിന് സർക്കാർ അനുവദിച്ച പണം ഉപയോഗപ്പെടുത്തിയില്ലെന്നും യോഗി കുറ്റപ്പെടുത്തി. ‘ആയുഷ്മാൻ ഇൻഷുറൻസ് പദ്ധതിയും ശൗചാലയം പദ്ധതിയും ഇതിനു കീഴിൽ വരുന്നതാണ്’. യോഗി പറഞ്ഞു.

ഒഡിഷയിൽ മതപരിവർത്തനങ്ങൾ നടക്കുന്നത് തടയാൻ നവീൻ പ്ടനായിക്ക് സർക്കാർ ഒന്നും ചെയ്തില്ലെന്നും, എന്നാൽ അവിടെ ബി.ജെ.പി. ആയിരുന്നു ഭരണത്തിൽ എങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കാൻ അനുവദിക്കുകയില്ലായിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.