കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചു; ദളിത് സഹോദരങ്ങള്‍ക്ക് നേരെ ആള്‍ക്കൂട്ടാക്രമണം
national news
കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചു; ദളിത് സഹോദരങ്ങള്‍ക്ക് നേരെ ആള്‍ക്കൂട്ടാക്രമണം
ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2020, 8:39 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാട്ടിയ ജില്ലയില്‍ ദളിത് സഹോദരങ്ങള്‍ക്ക് നേരെ ആള്‍ക്കൂട്ടാക്രമണം. രണ്ട് വര്‍ഷം മുമ്പ് പ്രദേശത്തെ ചിലര്‍ക്കെതിരെ നല്‍കിയ പൊലീസ് കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം. ദാട്ടിയാ ജില്ലയിലെ ചരായ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്.

സന്ദീപ് ദോഹരെ, സാന്ദ്രാം ദോഹരെ എന്നിവരാണു മര്‍ദ്ദനത്തിനിരയായത്. മര്‍ദ്ദനത്തിന് പുറമെ 15 ഓളം പേരടങ്ങുന്ന അക്രമിസംഘം ഇവരുടെ വീടും കത്തിച്ചു.

വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ പവന്‍ യാദവ് എന്നയാളുമായി ഇവര്‍ക്കുണ്ടായിരുന്ന ഒരു തൊഴില്‍തര്‍ക്ക കേസാണ് ആക്രമണത്തിന് കാരണം. രണ്ട് വര്‍ഷത്തിലധികമായി കേസ് നടത്തിവരികയാണ്.

ഈ കേസ് പിന്‍വലിക്കണമെന്ന് യാദവ് കുടുംബം പലതവണ സമ്മര്‍ദം ചെലുത്തിയെങ്കിലും സഹോദരന്‍മാര്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്.

പവന്‍ യാദവും 12 പേരടങ്ങുന്ന സംഘവും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ദോഹരെ സഹോദരന്‍മാരുടെ വീട്ടിലെത്തുകയും ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് വീടിന് തീവെയ്ക്കുകയും ചെയ്തു.

വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം തോക്കുകളും കോടാലിയും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്നു ദോഹരെ സഹോദരന്‍മാര്‍ പൊലീസിനെ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ദോഹരെ സഹോദരന്‍മാരെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mob Attack Aganist Dalit Brothers