ജമാ അത്തുമായി ഒരിക്കലും ഒന്നിച്ച് പോകാനാകില്ല, മതരാഷട്രവാദമുപേക്ഷിച്ചെന്ന് പറയുമ്പോഴും പഴയ സാഹിത്യം ഇപ്പോഴും വിപണിയില്‍: എം.കെ. മുനീര്‍
Kerala News
ജമാ അത്തുമായി ഒരിക്കലും ഒന്നിച്ച് പോകാനാകില്ല, മതരാഷട്രവാദമുപേക്ഷിച്ചെന്ന് പറയുമ്പോഴും പഴയ സാഹിത്യം ഇപ്പോഴും വിപണിയില്‍: എം.കെ. മുനീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th December 2025, 2:34 pm

കോഴിക്കോട്: മുസ്‌ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും ഒരിക്കലും ആശയപരമായി ഒന്നിച്ചുപോകാന്‍ സാധിക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.കെ. മുനീര്‍. അവരെ എല്ലായപ്പോഴും തങ്ങള്‍ എതിര്‍ത്തിരുന്നുവെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിനമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘ആശയപരമായി മുസ്‌ലിം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും ഒന്നാകാന്‍ സാധിക്കില്ല. ആശയപരമായി വ്യത്യാസമുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്ന് ഈ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പോലും അവരുടെ ആശയങ്ങളെ ഞങ്ങള്‍ ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്ന് പറയുകയാണ്.

എം.കെ. മുനീര്‍. Photo Dr. MK Muneer/Facebook.com

 

രണ്ട് പേരുടെയും ആശയങ്ങള്‍ ചേര്‍ന്നുപോയിക്കഴിഞ്ഞാല്‍ ലീഗ്, ജമാഅത്തെ ഇസ്‌ലാമി എന്നിങ്ങനെ രണ്ട് പ്രസ്ഥാനങ്ങളുടെ ആവശ്യമില്ലല്ലോ. അവരുടെ രചനകളെ, അവരെഴുതിയ ലേഖനങ്ങളെ, അവര്‍ക്കെതിരെ ഞങ്ങളെഴുതിയ ലേഖനങ്ങളെ ഇരുകൂട്ടരും തിരസ്‌കരിക്കുന്നില്ല.

ജമാഅത്തെ ഇസ്‌ലാമിയുമായി മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനം ഇതുവരെ സമരസപ്പെട്ടിട്ടില്ല. രണ്ട് പേരുടെയും ആശയങ്ങള്‍ രണ്ട് ധ്രുവങ്ങളിലാണ്. മുസ്‌ലിം ലീഗ് അന്നും ഇന്നും ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളെ എതിര്‍ത്ത് വന്നിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട സാഹിത്യങ്ങള്‍ ഞങ്ങള്‍ ഇന്നും അംഗീകരിക്കാത്തത് തന്നെയാണ്,’ മുനീര്‍ പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ എല്ലാ നിലപാടുകളും ജമാഅത്തെ ഇസ്‌ലാമിക്കും അംഗീകരിക്കാന്‍ പറ്റുമോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതരാഷ്ട്രവാദമെന്ന സങ്കല്‍പം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ നീക്കുപോക്കുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

‘പ്രാദേശികമായി നീക്കുപോക്കുകള്‍ എന്നൊന്നും പറയാന്‍ സാധിക്കില്ല. ചില സ്ഥലങ്ങളില്‍ രാഷ്ട്രീയപരമായി അവര്‍ ഐക്യജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുന്നുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ അവര്‍ പരസ്യമായി തന്നെ ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. പഴയ കാര്യങ്ങള്‍ പെട്ടന്ന് മറക്കുന്നതെങ്ങനെ എന്നെനിക്ക് അറിയില്ല. പഴയതിനെ മറക്കുകയും പുതിയതിനെ മാത്രം ഉദ്ധരിക്കുകയും ചെയ്യുന്നതില്‍ ചില ലക്ഷ്യങ്ങളുണ്ടല്ലോ,’ മുനീര്‍ പറഞ്ഞു.

മതരാഷ്ട്ര വാദം ഉപേക്ഷിച്ചുവെന്ന് ജമാഅത്തെ ഇസ്‌ലാമി പറയുന്നുണ്ടെങ്കിലും മുന്‍ കാലങ്ങളില്‍ ഈ വിഷയത്തില്‍ അവരെഴുതിയ സാഹിത്യങ്ങള്‍ ഇപ്പോഴും വിപണിയിലുണ്ടന്നെും മുനീര്‍ ചൂണ്ടിക്കാട്ടി.

ഐക്യ ജനാധിപത്യ മുന്നണിയും വെല്‍ഫെയര്‍ പാര്‍ട്ടിയും ധാരണയായി എന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകേണ്ടതില്ലെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്ത തെറ്റുകളുടെ ഏഴിലൊന്ന് പോലും യു.ഡി.എഫ് ചെയ്തിട്ടില്ലെന്നും ബി.ജെ.പിയെ എതിര്‍ക്കുന്നത് പോലെ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ വര്‍ഗീയതയെ ചെറുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.ഡി.പി.ഐ. രൂപീകരിച്ച സാഹചര്യത്തില്‍ ലീഗും മതസംഘടനങ്ങളുമാണ് അവരെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

 

Content highlight: MK Muneer slams Jamaat e Islami