അന്ന് ഞാന്‍ വായിനോക്കിയ പെണ്‍കുട്ടി; അവളെ നായികയായി കണ്ടപ്പോള്‍ സന്തോഷം തോന്നി: മിയ
Entertainment
അന്ന് ഞാന്‍ വായിനോക്കിയ പെണ്‍കുട്ടി; അവളെ നായികയായി കണ്ടപ്പോള്‍ സന്തോഷം തോന്നി: മിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 11:45 am

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മിയ ജോര്‍ജ്. സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന മിയ 2010ല്‍ പുറത്തിറങ്ങിയ ഒരു സ്മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.

പിന്നീട് കുഞ്ചാക്കോ ബോബന്‍ നായകനായ വിശുദ്ധനിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും നിരവധി സിനിമകളുടെ ഭാഗമാകുകയും ചെയ്തു. ഇപ്പോള്‍ നടി ഡയാന ഹമീദിനെ കുറിച്ചും നടിയെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ചും പറയുകയാണ് മിയ.

ഡയാനയെ താന്‍ ആദ്യമായി കാണുന്നത് ഒരു ഇവന്റിന് ഇടയിലായിരുന്നുവെന്നും അന്ന് ഡയാന ആ പരിപാടിയില്‍ ചുറുചുറുക്കോടെ കാര്യങ്ങള്‍ പ്രസന്റ് ചെയ്തിരുന്നുവെന്നും മിയ പറയുന്നു. അന്ന് താന്‍ ഡയാനയെ വായിനോക്കി നിന്നുവെന്നും ഈ കുട്ടിയെ എന്താണ് ആരും സിനിമയില്‍ വിളിക്കാത്തതെന്ന് ചിന്തിച്ചുവെന്നും മിയ പറഞ്ഞു.

പിന്നീട് യുവം എന്ന സിനിമയില്‍ ഡയാനയെ നായികയായി കണ്ടപ്പോള്‍ തനിക്ക് അതില്‍ ഒരുപാട് സന്തോഷം തോന്നിയെന്നും നടി കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയിലെ ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മിയ.

‘ഡയാനയെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു ഇവന്റിന്റെ സമയത്താണ്. അന്ന് അവള്‍ നല്ല ചുറുചുറുക്കോടെ കാര്യങ്ങളൊക്കെ സംസാരിക്കുകയും മിടുക്കിയായി കാര്യങ്ങള്‍ പ്രസന്റ് ചെയ്യുകയും ചെയ്തിരുന്നു. അതില്‍ ആദ്യം വെല്‍ക്കം ചെയ്യുന്ന പരിപാടിയായിരുന്നു.

ഞാന്‍ അപ്പോള്‍ സത്യത്തില്‍ ഡയാനയെ വായിനോക്കി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഡയാന നല്ല വേഷമൊക്കെയിട്ട് സുന്ദരിയായി ഇരിക്കുകയായിരുന്നു. ആ സമയത്ത് ഞാന്‍ ആലോചിച്ചത് ഒരു കാര്യം മാത്രമായിരുന്നു.

‘നല്ല മിടുക്കി കുട്ടിയാണ്, കാണാനും ഭംഗിയുണ്ട്. വളരെ നന്നായി സംസാരിക്കുന്നുമുണ്ട്. എന്നിട്ടും ഈ കൊച്ചിനെ എന്താണ് ആരും സിനിമയില്‍ വിളിക്കാത്തത്’ എന്നായിരുന്നു ഞാന്‍ അപ്പോള്‍ ആലോചിച്ചത്. അതിന് ശേഷവും ഞാന്‍ ഡയാനയെ ഏതൊക്കെയോ പ്രോഗ്രാമുകളില്‍ കണ്ടിരുന്നു.

അപ്പോള്‍ ഞാന്‍ ‘ഈ കുട്ടി ഒരുപാട് പ്രോഗ്രാമുകളൊക്കെ ചെയ്യുന്നുണ്ടല്ലോ’ എന്നായിരുന്നു ഞാന്‍ ഓര്‍ത്തത്. പിന്നീടാണ് യുവം എന്ന സിനിമ വരുന്നത്. അത് കണ്ടതോടെ എനിക്ക് സത്യത്തില്‍ ഒരുപാട് സന്തോഷം തോന്നി. പിന്നീടും ഡയാനയെ പല തവണ ഞാന്‍ കണ്ടിരുന്നു,’ മിയ ജോര്‍ജ് പറയുന്നു.


Content Highlight: Miya George Talks About Dayyana Hameed