ബജറ്റ് പോലും തിരിച്ചുപിടിക്കാന്‍ സാധിക്കുന്നില്ല, ബോക്‌സ് ഓഫീസില്‍ കിതച്ച് ടോം ക്രൂസ്
Entertainment
ബജറ്റ് പോലും തിരിച്ചുപിടിക്കാന്‍ സാധിക്കുന്നില്ല, ബോക്‌സ് ഓഫീസില്‍ കിതച്ച് ടോം ക്രൂസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd June 2025, 10:49 pm

ലോകസിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരിലൊരാളാണ് ടോം ക്രൂസ്. പ്രായം 60 പിന്നിട്ടിട്ടും ആക്ഷന്‍ സീനുകളില്‍ ടോം ക്രൂസിന്റെ ഫ്ളെക്സിബിളിറ്റിയാണ് ഇത്രയും വലിയ ഫാന്‍ ഫോളോയിങ്ങിന് പിന്നില്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മിഷന്‍ ഇംപോസിബിള്‍: ഫൈനല്‍ റെക്കനിങ് അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു.

എന്നാല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ചിത്രത്തിന് സാധിക്കുന്നില്ലെന്നാണ് പുതിയ വാര്‍ത്ത. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ വെറും 360 മില്യണ്‍ മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത്. 400 മില്യണ്‍ ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ഇതുവരെ ബജറ്റ് പോലും തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്ന് ചിത്രം 100 കോടി കളക്ഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു.

ഫൈനല്‍ ഡെസ്റ്റിനേഷന്റെ ആറാം ഭാഗവും പിന്നാലെ ഡിസ്‌നിയുടെ ലൈവ് ആക്ഷന്‍ ചിത്രമായ ലിലോ ആന്‍ഡ് സ്റ്റിച്ചും റിലീസായതാണ് മിഷന്‍ ഇംപോസിബിളിന് തിരിച്ചടിയായത്. രണ്ട് സിനിമകള്‍ക്കും മികച്ച റിപ്പോര്‍ട്ട് ലഭിച്ചതോടെ മിഷന്‍ ഇംപോസിബിളിന്റെ കളക്ഷനില്‍ വലിയ ഇടിവ് സംഭവിച്ചു. 600 മില്യണാണ് ഇതിനോടകം ലിലോ ആന്‍ഡ് സ്റ്റിച്ച് സ്വന്തമാക്കിയത്.

തൊട്ടുമുമ്പ് പുറത്തിറങ്ങിയ മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കനിങ്ങും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. ഹോളിവുഡ് കണ്ട ഏറ്റവും വലിയ ക്ലാഷായ ബാര്‍ബിയുടെയും ഓപ്പന്‍ഹൈമറിന്റെയും റിലീസാണ് ടോം ക്രൂസിന് തിരിച്ചടിയായത്. 750 മില്യണില്‍ മിഷന്‍ ഇംപോസിബിളിന് ഒതുങ്ങേണ്ടി വന്നു.

ചിത്രത്തിന്റെ സഹ നിര്‍മാതാക്കളിലൊരാള്‍ കൂടിയാണ് ടോം ക്രൂസ്. ഫ്രാഞ്ചൈസിയില്‍ ടോം ക്രൂസിന് ശേഷം ഏറ്റവുമധികം ആരാധകരുള്ള ഇല്‍സ എന്ന കഥാപാത്രത്തിന്റെ മരണം ആരാധകരില്‍ നിരാശയുണ്ടാക്കിയിരുന്നു. ചിത്രത്തിന്റെ പരാജയത്തില്‍ ഇതും ഒരു കാരണമായി പലരും ഉയര്‍ത്തിക്കാട്ടിയിരുന്നു. റെബേക്ക ഫെര്‍ഗൂസനാണ് ഇല്‍സയായി വേഷമിട്ടത്.

ഇനിയൊരു ഭാഗം മിഷന്‍ ഇംപോസിബിളിന് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തത വരുത്തിയിട്ടില്ല. അടുത്ത ഭാഗം ഉണ്ടാകുമോ എന്ന സൂചന നല്‍കാതെയാണ് ചിത്രം അവസാനിച്ചത്. പ്രായമെത്രയായാലും അതിനെ വകവെക്കാതെ ആക്ഷന്‍ സീനുകളുമായി ടോം ക്രൂസ് വീണ്ടും വരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Content Highlight: Mission Impossible The Final Reckoning movie can’t recover budget from Box Office