ലോകസിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരിലൊരാളാണ് ടോം ക്രൂസ്. പ്രായം 60 പിന്നിട്ടിട്ടും ആക്ഷന്‍ സീനുകളില്‍ ടോം ക്രൂസിന്റെ ഫ്‌ളെക്‌സിബിളിറ്റിയാണ് ഇത്രയും വലിയ ഫാന്‍ ഫോളോയിങ്ങിന് പിന്നില്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മിഷന്‍ ഇംപോസിബിള്‍: ഫൈനല്‍ റെക്കനിങ് അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു.
മികച്ച മേക്കിങ്ങും കഥയുമൊക്കെയാണെങ്കിലും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ചിത്രത്തിന് സാധിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 220 മില്യണാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം 74 മില്യണ്‍ സ്വന്തമാക്കിയ മിഷന്‍ ഇംപോസിബിളിന് മറ്റ് റിലീസുകളാണ് തിരിച്ചടിയായിരിക്കുന്നത്.
ഫൈനല്‍ ഡെസ്റ്റിനേഷന്‍ സീരീസിലെ ആറാമത്തെ ചിത്രമായ ഫൈനല്‍ ഡെസ്റ്റിനേഷന്‍: ബ്ലഡ്‌ലൈന്‍സ്, ഡിസ്‌നിയുടെ ലൈവ് ആക്ഷന്‍ ചിത്രമായ ലിലോ ആന്‍ഡ് സ്റ്റിച്ച് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായം ലഭിച്ചതോടുകൂടി വണ്‍ ബില്യണ്‍ നേട്ടമെന്ന സ്വപ്‌നം മിഷന്‍ ഇംപോസിബിളിന് കിട്ടാക്കനിയായിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് ചിത്രം 72 കോടി സ്വന്തമാക്കിക്കഴിഞ്ഞു. 100 കോടിയെന്ന നേട്ടം ഏറെക്കുറെ ഉറപ്പാകുമെന്നാണ് പലരും കരുതുന്നത്.
മിഷന്‍ ഇംപോസിബിളിനെക്കാള്‍ ഉയര്‍ന്ന കളക്ഷനാണ് ലിലോ ആന്‍ഡ് സ്റ്റിച്ച് സ്വന്തമാക്കിയിരിക്കുന്നത്. 341 മില്യണാണ് ചിത്രം നേടിയത്. കരിയറിലെ ഏറ്റവും മോശം സിനിമയെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ വിധിയെഴുതി ചരിത്രത്തിലെ ഏറ്റവും മോശം കളക്ഷന്‍ സ്വന്തമാക്കിയ സ്‌നോവൈറ്റിന് ശേഷം ഡിസ്‌നിയുടെ ഗംഭീര തിരിച്ചുവരവാണ് ലിലോ ആന്‍ഡ് സ്റ്റിച്ചിലൂടെ കാണാന്‍ സാധിച്ചത്.
ടോം ക്രൂസിനെ സംബന്ധിച്ച് ഇത്തരമൊരു ക്ലാഷ് കാരണം പണികിട്ടുന്നത് ഇതാദ്യമായല്ല. തൊട്ട് മുമ്പ് പുറത്തിറങ്ങിയ മിഷന്‍ ഇംപോസിബിള്‍:ഡെഡ് റെക്കനിങ്ങിനും ഇതേ ഗതി തന്നെയായിരുന്നു. ഹോളിവുഡ് കണ്ട ഏറ്റവും വലിയ ക്ലാഷ് റിലീസായ ബാര്‍ബി, ഓപ്പന്‍ഹൈമര്‍ എന്നീ ചിത്രങ്ങള്‍ കാരണം മിഷന്‍ ഇംപോസിബിളിന്റെ കളക്ഷനില്‍ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു.
രണ്ട് ചിത്രങ്ങള്‍ക്കും മുമ്പ് മിഷന്‍ ഇംപോസിബിള്‍ റിലീസായെങ്കിലും ബോക്‌സ് ഓഫീസില്‍ 571 മില്യണ്‍ മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ബാര്‍ബി വണ്‍ ബില്യണ്‍ ക്ലബ്ബില്‍ നേടി ചരിത്രം സൃഷ്ടിച്ചപ്പോള്‍ 974 മില്യണില്‍ ഓപ്പന്‍ഹൈമറുടെ തേരോട്ടം അവസാനിച്ചു. ഇതേ ചരിത്രം തന്നെയാകും ഈ വര്‍ഷവും ആവര്‍ത്തിക്കുകയെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.
Content Highlight: Mission Impossible Final Reckoning underperforms in Box office because of Disney’s Lilo and the Stitch movie