ഏറ്റുമാനൂരില്‍ കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി
Obituary
ഏറ്റുമാനൂരില്‍ കാണാതായ അര്‍ജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th June 2018, 10:01 am

 

ഏറ്റുമാനൂര്‍: റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ഏറ്റുമാനൂരില്‍ നിന്നും കാണാതായ അര്‍ജന്റീന ആരാധകന്‍ ദീനു അലക്‌സാണ്ടറിന്റെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറില്‍ നിന്നാണ് ദീനുവിന്റെ മൃതദേഹം കണ്ടെത്തിയത്.

അര്‍ജന്റീന തോറ്റ വിഷമത്തില്‍ ദീനു പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

ജൂണ്‍ 22 മുതലാണ് ദീനുവിനെ കാണാതായത്. ഇയാളുടെ വീട്ടില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു.

“ഈ ലോകത്ത് ഇനി എനിക്കും ഒന്നും കാണാനില്ല. മരണത്തിന്റെ ആഴങ്ങളിലേക്ക് ഞാന്‍ പോവുകയാണ്. എന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല” എന്നായിരുന്നു ദീനുവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്.


Also Read:പേടിക്കണം ഈ ചുവന്ന ചെകുത്താന്‍മാരെ; ടുണീഷ്യയെ തകര്‍ത്ത് ബെല്‍ജിയം തേരോട്ടം [വീഡിയോ]


 

കളികഴിഞ്ഞ് ഒരു മണിയോടെ കിടക്കാന്‍ പോയ ദീനുവിനെ പുലര്‍ച്ചയോടെയാണ് കാണാതായത്. അടുക്കള വാതില്‍ തുറന്നിട്ടിരുന്നതിനാല്‍ പുറകുവശത്തുകൂടി പോകുകയായിരുന്നുവെന്നാണ് നിഗമനം.

നേരത്തെ ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഇയാള്‍ മീനച്ചിലാറിന്റെ തീരത്തെത്തിയതായി മനസിലായിരുന്നു. ഇതേത്തുടര്‍ന്ന് ദീനു മീനച്ചിലാറില്‍ ചാടിയിരിക്കാം എന്ന സംശയത്തില്‍ ഫയര്‍ഫോഴ്‌സും പൊലീസും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു.

അര്‍ജന്റീനയുടെ തോല്‍വിയില്‍ ദീനു ഏറെ ദു:ഖിതനായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. തോല്‍വിക്ക് പിന്നാലെ ഇയാള്‍ ബഹളം വെക്കുകയും മറ്റും ചെയ്തിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.