'പശുവിനെക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കൂ..' പ്രധാന മന്ത്രിയോട് 18 കാരിക്ക് പറയാനുള്ളത്
COW POLITICS
'പശുവിനെക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കൂ..' പ്രധാന മന്ത്രിയോട് 18 കാരിക്ക് പറയാനുള്ളത്
ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2019, 11:49 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം കിട്ടിയാല്‍ എന്തു പറയും? മിസ് കോഹിമ 2019 സൗന്ദര്യമല്‍സരത്തില്‍ മല്‍സരാര്‍ഥിയോട് ചോദിച്ച ചോദ്യമാണ്. 18കാരിയായ വികുനു സാച്ചുവിനോടാണ് വിധികര്‍ത്താക്കള്‍ പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ അവസരം കിട്ടിയാല്‍ താങ്കള്‍ എന്തു പറയും എന്ന ചോദ്യം ചോദിച്ചത്.
ഈ ചോദ്യത്തിന് വികിനു നല്‍കിയ ഉത്തരം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. പശുവിനേക്കാള്‍ ശ്രദ്ധ സ്ത്രീകളുടെ കാര്യത്തില്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അവസരം കിട്ടിയാല്‍ ആവശ്യപ്പെടുമെന്നാണ് കൊഹിമ സുന്ദരി നല്‍കിയ ഉത്തരം. വന്‍ കരഘോഷത്തോടെയാണ് കാണികള്‍ ഇതിനോട് പ്രതികരച്ചത്.

സാച്ചുവിന് മല്‍സരത്തില്‍ രണ്ടാംസ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ ഈ ഒരു പ്രതികരണത്തിലൂടെ ഒന്നാം സ്ഥാനം ലഭിച്ച യുവതിയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് സാച്ചുവായി മാറി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മാസം അഞ്ചിനാണ് നാഗാലാന്റ് തലസ്ഥാനമായ കൊഹിമയില്‍ വച്ച് സൗന്ദര്യമല്‍സരം നടന്നത്. 23കാരിയായ ക്രിനോയു ലിസിത്സുവാണ് സുന്ദരി പട്ടം നേടിയത്. മല്‍സരത്തിനിടെ നടന്ന ചോദ്യോത്തര വേളയിലാണ് രണ്ടാം സ്ഥാനംനേടിയ സാച്ചുവിന്റെ രസകരമായ മറുപടി. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പശുവിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളുണ്ടായി മുസ്ലിം മതസ്ഥരും ദളിതരുമെല്ലാം ഇരയാക്കപ്പെടുന്ന സംഭവങ്ങള്‍ അടിക്കടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇവിടെ ബീഫ് കഴിക്കുന്നവരാണ് കൂടുതല്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പശുവിന് പ്രാധാന്യം നല്‍കുന്ന പോലെ വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപി ശക്തമായ നിലപാട് സ്വീകരിക്കാറില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ