സിംഹം വരുന്നതുവരെയേ നരിയുടെയും ചെന്നായയുടെയും കളിയൊക്കെ ഉണ്ടാവുള്ളൂ: ആവേശത്തിലാക്കി മിര്‍സാപൂര്‍ ടീസര്‍
Entertainment
സിംഹം വരുന്നതുവരെയേ നരിയുടെയും ചെന്നായയുടെയും കളിയൊക്കെ ഉണ്ടാവുള്ളൂ: ആവേശത്തിലാക്കി മിര്‍സാപൂര്‍ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th June 2024, 3:11 pm

ഇന്ത്യന്‍ സീരീസുകള്‍ക്കിടയില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള സീരീസിലൊന്നാണ് മിര്‍സാപൂര്‍. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലതിതില്‍ ഒരുങ്ങിയ ഗ്യാങ്സ്റ്റര്‍ സീരീസ് ആദ്യ സീസണ്‍ മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് മിര്‍സാപൂര്‍ റിലീസ് ചെയ്തത്. വയലന്‍സിന്റെ അതിപ്രസരമുള്ള മിര്‍സാപൂരിന്റെ രണ്ട് സീസണും ഗംഭീര വരവേല്പായിരുന്നു ലഭിച്ചത്.

ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് രണ്ടാം സീസണ്‍ അവസാനിച്ചത്. ഇപ്പോഴിതാ മൂന്നാമത്തെ സീസണിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അലി ഫസലിന്റെ ഗുഡ്ഡു പണ്ഡിറ്റും ശ്വേത ത്രിപാഠിയുടെ ഗോലുവും കൂടി മിര്‍സാപൂരിന്റെ അധികാരം പിടിച്ചെടുക്കുന്നതും, ഇഷാ തല്‍വാറിന്റെ മാധുരി യാദവ് മുഖ്യമന്ത്രിയാകുന്നതും ടീസറില്‍ കാണിക്കുന്നുണ്ട്.

എന്നാല്‍ ആരാധകരെ കോരിത്തരിപ്പിച്ചത് പങ്കജ് ത്രിപാഠിയുടെ കാലീന്‍ ഭയ്യ എന്ന കഥാപാത്രം തിരിച്ചുവരുന്ന ഭാഗമാണ്. പങ്കജ് ത്രിപാഠി എന്ന നടന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രമായാണ് കാലീന്‍ ഭയ്യയെ പലരും കണക്കാക്കുന്നത്. ഇതുവരെ ഇറങ്ങിയതില്‍ വെച്ച് തീ പാറുന്ന സീസണായിരിക്കും ഇനി വരാന്‍ പോകുന്നതെന്നുള്ളതിന്റെ സൂചന ടീസര്‍ നല്‍കുന്നുണ്ട്. ജൂലൈ അഞ്ചിനാണ് മൂന്നാം സീസണ്‍ സ്ട്രീമിങ് തുടങ്ങുന്നത്.

അധികാരത്തിന് വേണ്ടി ആരും ആരെയും കൊല്ലുന്ന ഗ്രേ ഷെയ്ഡുള്ള കഥാപാത്രങ്ങളാണ് മിര്‍സാപൂരിലേത്. ആദ്യ രണ്ട് സീസണിലും ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രമായിരുന്നു ദിവ്യേന്ദു അവതരിപ്പിച്ച മുന്നാ ത്രിപാഠി. ആരെയും കൂസാത്ത എന്തിനും മടിക്കാത്ത കഥാപാത്രം ദിവ്യേന്ദു എന്ന നടന് ഒരുപാട് പ്രശംസ നേടിക്കൊടുത്തു.

2018ലാണ് മിര്‍സാപൂരിന്റെ ആദ്യ സീസണ്‍ റിലീസായത്. രണ്ട് വര്‍ഷത്തിന് ശേഷം 2020ല്‍ സീരീസിന്റെ രണ്ടാം സീസണും റിലീസായി. ഇന്ത്യയില്‍ ആദ്യമായി ഒരു സീരീസിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി കട്ടൗട്ട് വെക്കുന്ന കാഴ്ച ആ സമയത്ത് കാണാന്‍ സാധിച്ചിരുന്നു. എന്തായാലും മിര്‍സാപൂരിലെ യുദ്ധം മൂന്നാം സീസണ്‍ കൊണ്ട് അവസാനിക്കുമോ അതോ വീണ്ടുമൊരു സീസണ്‍ കൂടി കാണുമോ എന്ന ചിന്തയിലാണ് ആരാധകര്‍.

Content Highlight: Mirzapur seaon 3 teaser and release date out now