റേഡിയോ ജോക്കിയായും ചാനല്‍ അവതാരകനായും തിളങ്ങിയ ശേഷം സിനിമയിലേക്കെത്തിയ നടനാണ് ശിവ. മിര്‍ച്ചി എഫ്.എമ്മിലൂടെ വന്നതിനാല്‍ താരത്തെ മിര്‍ച്ചി ശിവയെന്നാണ് സിനിമാലോകം വിളിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ ശിവ, വെങ്കട് പ്രഭു സംവിധാനം ചെയ്ത ചെന്നൈ 600028 എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴ് പടം എന്ന സിനിമയിലൂടെ തമിഴിന് പുറത്തും താരം ശ്രദ്ധ നേടി.
മലയാളത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് ശിവ. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തനിക്ക് ഇഷ്ടമാണെന്ന് ശിവ പറഞ്ഞു. എന്നാല്‍ ഒരുപൊടിക്ക് ഇഷ്ടക്കൂടുതല്‍ മോഹന്‍ലാലിനോടാണെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. പല സിനിമകളിലും നടനെന്ന നിലയില്‍ മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ശിവ പറയുന്നു.
കോമഡി, ഇമോഷണല്‍, ആക്ഷന്‍ സീനുകളിലെല്ലാം വല്ലാത്ത നാച്ചുറാലിറ്റി തോന്നിക്കുന്ന പ്രകടനങ്ങളാണ് മോഹന്‍ലാലിന്റേതെന്നും അത് കൂടുതല്‍ കണക്ടാകുമെന്നും താരം പറഞ്ഞു. താന്‍ ഒരുപാട് ആരാധിക്കുന്ന നടനാണ് മോഹന്‍ലാലെന്നും അത്രക്ക് ഇഷ്ടമാണെന്നും ശിവ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും എനിക്ക് ഇഷ്ടമാണ്. പക്ഷേ, ഒരു പൊടിക്ക് ഇഷ്ടക്കൂടുതല്‍ ലാല്‍ സാറിനോടാണ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. പ്രധാനമായും അദ്ദേഹം ഒരോ സീനിലും ഇടുന്ന എക്‌സ്പ്രഷനാണ്. ഒരുപാട് അര്‍ത്ഥങ്ങള്‍ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ നമുക്ക് സാധിക്കും. അത്രക്ക് ഗംഭീര അഭിനേതാവാണ് ലാല്‍ സാര്‍.
അതുപോലെ അദ്ദേഹത്തിന്റെ ഹ്യൂമര്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സീരിയസ് റോളും കോമഡി റോളും ഒരുപോലെ ചെയ്യാന്‍ സാധിക്കുന്ന നടനാണ് ലാല്‍ സാറെന്ന് പലപ്പോഴായി തോന്നിയിട്ടുണ്ട്. കോമഡി. ഇമോഷണല്‍, സീരിയസ് സീനിലെല്ലാം വല്ലാത്ത നാച്ചുറാലിറ്റിയാണ് ലാല്‍ സാറിന്റെ പോര്‍ഫോമന്‍സ് കാണുമ്പോള്‍ തോന്നുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്,’ മിര്‍ച്ചി ശിവ പറയുന്നു.
ശിവ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പറന്തു പോ. തമിഴിലെ മികച്ച സംവിധായകരിലൊരാളായ റാം അണിയിച്ചൊരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ശിവക്ക് പുറമെ അജു വര്‍ഗീസ്, അഞ്ജലി, ഗ്രേസ് ആന്റണി, വിജയ് യേശുദാസ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Content Highlight: Mirchi Siva saying he likes Mohanlal more than Mammootty