എഫ്.സി.ആര്‍.എ ഭേദഗതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക; കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
Kerala
എഫ്.സി.ആര്‍.എ ഭേദഗതിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക; കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
അനിത സി
Monday, 30th March 2026, 1:53 pm

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ)ത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടക്കുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

തികച്ചും സാങ്കേതിക കാരണങ്ങളാല്‍പോലും അനുമതി ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ, അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ആസ്തികള്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് ബില്‍ വിരല്‍ ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

നേരത്തെ, വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്.സി.ആര്‍.എ) കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നേരിട്ടുള്ള കടന്നാക്രമണമാണെന്ന് സി.പി.ഐ.എം വിമര്‍ശിച്ചിരുന്നു.

പൗരസംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തി അവയെ വരുതിയിലാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതികള്‍ക്കെതിരെ മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

പുതിയ ഭേദഗതി സഭയുടെ പ്രവര്‍ത്തനങ്ങളെ ശ്വാസംമുട്ടിക്കുന്ന രീതിയിലാണെന്നും മിഷന്‍ പ്രവര്‍ത്തനങ്ങളെ ഇത് വല്ലാതെ പ്രയാസപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലങ്കര സഭയുടെ എഫ്.സി.ആര്‍.എ അക്കൗണ്ടുകള്‍ ഇതിനോടകം മരവിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ നേരില്‍ കണ്ട് അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

എന്നാല്‍ ഒരു മതത്തിനും ആശങ്ക വേണ്ടെന്നും വിദേശത്ത് നിന്നും പണം സ്വീകരിക്കുന്നതിനെ പുതിയ ഭേദഗതി ബാധിക്കില്ലെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടക്കുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.

വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, അല്ലെങ്കില്‍ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ.

ഇത്തരം സാഹചര്യങ്ങളില്‍ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും എന്നതാണ് പുതിയ കരട് ബില്ലിലെ വ്യവസ്ഥ. പൊതുതാല്‍പര്യത്തിന് വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ പരിഹരിക്കാന്‍ 2010 ലെ വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം പര്യാപ്തമാണ്.

തികച്ചും സാങ്കേതിക കാരണങ്ങളാല്‍പോലും അനുമതി ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയോ, അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ആസ്തികള്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി ഏറ്റെടുക്കുന്ന അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നാല്‍ ബന്ധപ്പെട്ട ആസ്തികള്‍ കണ്ടുകെട്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും.

ഇപ്പോള്‍ അവതരിപ്പിച്ച ഭേദഗതി പ്രകാരം, തികച്ചും സാങ്കേതിക കാരണങ്ങള്‍ കൊണ്ടുപോലും രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുകയും ആസ്തികള്‍ ഏറ്റെടുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ഈ ആശങ്കകള്‍ യുക്തിസഹവും ഗൗരവമുള്ളതുമാണ്. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ട് വെച്ച ആശങ്കകള്‍ ദൂരുകരിച്ച ശേഷം മാത്രമേ ബില്ലിന്റെ തുടര്‍നടപടി സ്വീകരിക്കാവൂ.

കേന്ദ്ര സര്‍ക്കാര്‍ ഈ ഭേദഗതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു.

Content Highlight: Minorities concerned over FCRA amendment; Central government should withdraw; Chief Minister’s letter to Prime Minister

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.