ന്യൂദല്‍ഹി: ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മുസ്‌ലിം ആണ്‍കുട്ടിയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചുവെന്ന് ആരോപിച്ച് നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. കുട്ടിയുടെ സഹോദരി സമര്‍പ്പിച്ച ഹരജിയിലാണ് കേസ്.
ന്യൂദല്‍ഹി: ഗുജറാത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മുസ്‌ലിം ആണ്‍കുട്ടിയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചുവെന്ന് ആരോപിച്ച് നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. കുട്ടിയുടെ സഹോദരി സമര്‍പ്പിച്ച ഹരജിയിലാണ് കേസ്.
ആണ്‍കുട്ടി ലൈംഗിക പീഡനം നേരിട്ടെന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കുട്ടിക്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മാതാപിതാക്കളെ നഷ്ടപ്പെട്ട ആണ്‍കുട്ടി, ദിവസ വേതനക്കാരനായി ജോലി ചെയ്ത് മുത്തശ്ശിമാര്‍ക്കും സഹോദരിമാര്‍ക്കുമൊപ്പം താമസിച്ചു വരികയായിരുന്നു. ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പഴയ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് കുട്ടിയെ ബൊട്ടാഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ യോഗേഷ് സോളങ്കി, അജയ്, കൗശിക് ജാനി, കുല്‍ദീപ് സിങ് വഗേല എന്നീ പൊലീസുകാർക്കെതിരെ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 120(1) , 127(8), 54 എന്നീ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 എന്നിവയും ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
ഓഗസ്റ്റ് 19ന് ജൊട്ടാഡ് ജില്ലയില്‍ വെച്ചാണ് ആണ്‍കുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കാതെയും വാറണ്ട് ഇല്ലാതെയും ഒമ്പത് ദിവസത്തോളം നിമയവിരുദ്ധമായി കസ്റ്റഡിയില്‍ വെക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
പരിക്കുകള്‍ മൂലം കുട്ടിയുടെ നില ഗുരുതരമായപ്പോള്‍ പൊലീസ് പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗുരുതരമായതിനാല്‍ അഹമ്മബാദിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മറ്റ് പരിക്കുകള്‍ക്കൊപ്പം വൃക്കകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ കുട്ടി അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നില മെച്ചപ്പെട്ട് വരികയാണെന്ന് കുടുംബം പറഞ്ഞു.
പൊലീസ് വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും വീട്ടിലുള്ളവരുടെ പെന്‍ഷന്‍ സമ്പാദ്യം പിടിച്ചെടുത്തുവെന്നും കുടുംബം ആരോപിക്കുന്നു. കേസുമായി മുന്നോട്ട് പോയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു.
സംഭവം മനുഷ്യാവകാശങ്ങളുടെ ഗുരുതര ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.
നിയമവിരുദ്ധ കസ്റ്റഡി, ലൈംഗികാതിക്രമം, കസ്റ്റഡിയിലെ അതിക്രമം എന്നിവ ആരോപിച്ച് കുടുംബം സുപ്രീം കോടതിയില്‍ ഹരജി നല്‍കിയെങ്കിലും ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. കേസില്‍ സെപ്റ്റംബര്‍ 15ന് കോടതി വാദം കേള്‍ക്കും.
Content Highlight: Minor boy in illegal custody; Case filed against four policemen in Gujarat