'വാതിലുകൾ തുറക്കുന്നു'; മിന്നൽ മുരളി രണ്ടാം ഭാഗത്തിന്റെ സൂചന നൽകി നിർമാതാവിന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി
Entertainment news
'വാതിലുകൾ തുറക്കുന്നു'; മിന്നൽ മുരളി രണ്ടാം ഭാഗത്തിന്റെ സൂചന നൽകി നിർമാതാവിന്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th July 2023, 10:58 pm

സൂപ്പർ ഹീറോ ചിത്രങ്ങൾ മലയാളത്തിലും പറ്റും എന്ന് തെളിയിച്ച ചിത്രമായിരുന്നു ടോവിനോ ബേസിൽ കൂട്ടുകെട്ടിൽ പുറത്തുവന്ന മിന്നൽ മുരളി. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. 2021-ലെ ക്രിസ്മസ് റിലീസായി നെറ്റ്ഫ്ളിക്സിൽ നേരിട്ടെത്തുകയായിരുന്നു ചിത്രം.

മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കാൻ ചിത്രത്തിനായിരുന്നു. ഇറങ്ങിയ ദിവസം മുതൽ ഏവരും ചോദിക്കുന്ന ചോദ്യമാണ് മിന്നൽ മുരളിക്ക് രണ്ടാം ഭാ​ഗം വരുമോ എന്നത്. ഈ ചോദ്യം ഇപ്പോൾ വീണ്ടും ശക്തിയാർജിച്ചിരിക്കുകയാണ്. അതിന് ശക്തി പകരുന്ന ഒന്നാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ചിത്രത്തിന്റെ നിർമാതാവായ സോഫിയാ പോളിന്റെ മകൻ കെവിൻ പോളിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇതിന് കാരണം.

മിന്നൽ മുരളി എന്ന സൂപ്പർ ഹീറോയെ സൂചിപ്പിക്കുന്ന മ എന്ന അടയാളമുള്ള ചിത്രമാണ് കെവിൻ പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘വാതിലുകൾ തുറക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് കെവിൻ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.

വീക്കെൻഡ് ബ്ലോക് ബസ്റ്റേഴ്സ് എന്ന നിർമാണ കമ്പനിയുടെ ഭാഗം തന്നെയാണ് കെവിനും .സ്റ്റോറി ഇട്ട് കുറച്ച് സമയത്തിന് ശേഷം കെവിൻ സ്റ്റോറി ഡിലീറ്റും ചെയ്തു. എന്നാൽ സ്റ്റോറിയുടെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മിന്നൽ മുരളിക്ക് രണ്ടാം ഭാ​ഗം വരികയാണെങ്കിൽ വലിയ ക്യാൻവാസിലുള്ള ചിത്രമായിരിക്കുമെന്ന് മുമ്പ് സംവിധായകൻ ബേസിൽ ജോസഫ് അടക്കമുള്ള അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

ഗുരു സോമസുന്ദരം എന്ന നടൻ മലയാളത്തിൽ ചുവടുറപ്പിച്ച ചിത്രംകൂടിയായിരുന്നു മിന്നൽ മുരളി. മിന്നൽ ഷിബു എന്ന വില്ലൻ കഥാപാത്രമായി അദ്ദേഹം കയ്യടി നേടി. ഫെമിന, ഷെല്ലി, സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി. ഛായാഗ്രഹണം സമീർ താഹിറും സംഗീതസംവിധാനം ഷാൻ റഹ്മാനും നിർവഹിച്ചു. വീക്കെൻഡ് ബ്ലോക് ബസ്റ്റേഴ്സിന്റെ ബാനറിലായിരുന്നു സോഫിയ പോൾ മിന്നൽ മുരളി നിർമിച്ചത്.

 

Content Highlight: Minnal murali part two coming soon producer instagram story viral on social media