തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഉന്നത ഉദ്യോഗസ്ഥരും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പൊതുവിദ്യാഭ്യാസ വകുപ്പിനെ ഒരു മാതൃകാ വകുപ്പായി മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വകുപ്പിന്റെ പ്രവര്‍ത്തനം ജനസൗഹൃദമാക്കാന്‍ കര്‍ശന നടപടി വേണമെന്നും ഫയലുകളിലെ കാലതാമസം ഒഴിവാക്കി സേവനങ്ങള്‍ കൃത്യസമയം പാലിച്ച് നല്‍കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. അതേസമയം അടിയന്തര ഫയലുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പെട്ടെന്ന് തീര്‍പ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിജിലന്‍സ്, പെന്‍ഷന്‍, ഓഡിറ്റ് എന്നിവയുടെ ഫയലുകളിലെ കാലതാമസം ഒഴിവാക്കമാണെന്നും മന്ത്രി പറഞ്ഞു.
മാനുവല്‍ ഫയലുകളുടെ ഉപയോഗം അവസാനിപ്പിച്ച് എല്ലാ തരത്തിലുള്ള ഫയലുകളും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറണമെന്നും പഞ്ചിങ് സംവിധാനം കര്‍ശനമാക്കണമെന്നും മന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്ററി പുനര്‍മൂല്യനിര്‍ണയത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും പൊതുപരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് മുമ്പ് തന്നെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനും മന്ത്രി നിർദേശിച്ചു.
ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് നിയമനങ്ങള്‍, സ്ഥലംമാറ്റങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍ എന്നിവ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശിച്ചു.
ഫണ്ടുകള്‍ മാറ്റിവച്ച പദ്ധതികള്‍ വര്‍ഷാവസാനം വരെ നീട്ടിവെക്കാതെ നേരത്തെ പൂര്‍ത്തിയാക്കാനും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിനെ സുതാര്യവും കാര്യക്ഷമവുമാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി തന്റെ പോസ്റ്റില്‍ പറഞ്ഞു.
Content Highlight: Minister V. Sivankutty directs to make the Education Department more efficient