'പണി വരുന്നുണ്ട് ആരാധകരേ'; കട്ടൗട്ടുകള്‍ ഉടനടി എടുത്തു മാറ്റിയില്ലെങ്കില്‍ നടപടിയെന്ന് മന്ത്രി
Kerala News
'പണി വരുന്നുണ്ട് ആരാധകരേ'; കട്ടൗട്ടുകള്‍ ഉടനടി എടുത്തു മാറ്റിയില്ലെങ്കില്‍ നടപടിയെന്ന് മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st December 2022, 9:41 am

തിരുവനന്തപുരം: ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി ഫുട്‌ബോള്‍ ആരാധകര്‍ സ്ഥാപിച്ച ഫ്‌ളക്‌സുകളും കട്ടൗട്ടുകളും തോരണങ്ങളും നീക്കം ചെയ്തില്ലെങ്കില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.

വിവിധ ടീമുകളുടെ ഫാന്‍സ് കെട്ടിയ കൊടിതോരണങ്ങളും മറ്റും വാഹനയാത്രകാര്‍ക്ക് അപകടം വരുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ലോകകപ്പ് കഴിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് പലയിടത്തും നീക്കം ചെയ്യുകയുണ്ടായി. പുള്ളാവൂര്‍ പുഴയിലെ മെസിയുടെ കട്ടൗട്ട് നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടിരുന്നു.

വെച്ച കട്ടൗട്ടുകള്‍ ആരാധകര്‍ തന്നെ നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷ. അതിനാരെങ്കിലും തയ്യാറാകാതിരിക്കുകയോ, എവിടെയെങ്കിലും നീക്കം ചെയ്യാതിരിക്കുകയോ ആണെങ്കില്‍ നടപടികള്‍ സ്വീകരിക്കും. ഉചിതമായ നടപടി തന്നെ സ്വീകരിക്കും,’ എം.ബി. രാജേഷ് പറഞ്ഞു.

ലോകകപ്പ് ഫൈനലിന് പിന്നാലെ തന്നെ ഫ്‌ളക്‌സുകള്‍ നീക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടെന്ന് നീക്കണമെന്നും ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എം.ബി. രാജേഷ് തന്നെയായിരുന്നു ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്.

‘പ്രിയപ്പെട്ടവരെ, അതിഗംഭീരമായ ഒരു ലോകകപ്പ് നമ്മളെല്ലാം ചേര്‍ന്ന് ആഘോഷിച്ചു. ഖത്തറിലെ ആരവം ഒഴിഞ്ഞിരിക്കുന്നു. കേരളത്തിലെ തെരുവുകളില്‍ ആരാധകസംഘം ഉയര്‍ത്തിയ എല്ലാ പ്രചാരണ ബോര്‍ഡുകളും കട്ടൗട്ടുകളും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ലോകകപ്പ് ആവേശത്തില്‍ പങ്കുചേരുകയും അത് അഘോഷിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ, ഈ സാമൂഹ്യ ഉത്തരവാദിത്തവും നാം ഏറ്റെടുക്കണം. എല്ലാവരും ആവേശത്തോടെ ഇതിനായി മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ എം.ബി. രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ തന്നെ തോല്‍ക്കുന്ന ടീമുകളുടെ പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രചരണ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് കേരളത്തിന്റെ വിവിധ കോണുകളില്‍ സ്ഥാപിച്ചിരുന്നത്. അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ ബോര്‍ഡുകളാണ് കൂടുതല്‍ ഉണ്ടായിരുന്നത്.

ഇതുകൂടാതെയുള്ള ടീമുകളുടെ പ്രചാരണ ബോര്‍ഡുകളും കേരളത്തിന്റെ കവലകളില്‍ ഇടംപിടിച്ചിരുന്നു.അര്‍ജന്റീന ലോകകിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിന് ശേഷവും അഭിനന്ദന ഫ്‌ളക്‌സുകള്‍ പുതുതായി വന്നിരുന്നു.

മെസി, നെയ്മര്‍, റൊണാള്‍ഡോ തുടങ്ങിയവരുടെ കൂറ്റന്‍ കട്ടൗട്ടുകളും ഇത്തരത്തില്‍ ആരാധകര്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസി-നെയ്മര്‍-റൊണാള്‍ഡോ കട്ടൗട്ടുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു.

ഇതിന്റെ ചിത്രം പങ്കുവെച്ച് ഫിഫയും കേരളത്തിലെ ഫുട്ബോള്‍ ആരാധനയെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു.

Content Highlight: Minister M B Rajesh says there will be strict action against football fans who won’t remove cutouts and flexes