ആര്‍. കൃഷ്ണരാജിനെ മാറ്റിയ ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തുകൊണ്ടുള്ള തദ്ദേശ വകുപ്പിന്റെ നടപടി മരവിപ്പിച്ച് മന്ത്രി എം.ബി രാജേഷ്
Kerala
ആര്‍. കൃഷ്ണരാജിനെ മാറ്റിയ ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തുകൊണ്ടുള്ള തദ്ദേശ വകുപ്പിന്റെ നടപടി മരവിപ്പിച്ച് മന്ത്രി എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2025, 4:34 pm

തിരുവനന്തപുരം: തീവ്ര സംഘപരിവാർ അനുകൂലിയായ അഭിഭാഷകൻ ആർ. കൃഷ്ണരാജിനെ വഴിക്കടവ് പഞ്ചായത്ത് സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനത്ത് നിന്നും മാറ്റികൊണ്ടുള്ള ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തുകൊണ്ടുള്ള നടപടി മരവിപ്പിച്ച് മന്ത്രി എം. ബി രാജേഷ്.

റിപ്പോർട്ടർ ടി.വിയുടെ വാർത്തയ്ക്ക് പിന്നാലെയായിരുന്നു നടപടി. ഈ സ്ഥാനത്തേക്ക് മികച്ച അഭിഭാഷകനെ നിയമിക്കണമെന്ന നിർദേശവും പഞ്ചായത്തിന് തദ്ദേശ വകുപ്പ് നൽകി.

സ്റ്റേ ചെയ്ത ഉത്തരവ് ഉദ്യോഗസ്ഥ തലത്തിൽ ഇറക്കുന്നതാണെന്നും അതിനാൽ ഇത്തരം ഫയലുകൾ മന്ത്രി കാണേണ്ടതില്ലെന്നും എം.ബി രാജേഷ് പറഞ്ഞു. കടിച്ചതുതന്നെ വിഷം ഇറക്കണമെന്നും അതിനുള്ള നിർദേശമാണ് നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആര്‍. കൃഷ്ണരാജിനെ പഞ്ചായത്ത് സ്റ്റാൻഡിങ് കൗണ്‍സില്‍ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഐകകണ്‌ഠ്യേന എടുത്ത തീരുമാനമായിരുന്നു നേരത്തെ തദ്ദേശ വകുപ്പ് സ്റ്റേ ചെയ്തത്.

സംഘപരിവാർ പ്രവർത്തകനായ അഭിഭാഷകൻ കൃഷ്ണരാജിനെ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിഭാഷകനായി നിയമിച്ചത് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്റ് എൻ.കെ തങ്കമ്മ നേരത്തെ അറിയിച്ചിരുന്നു. കൃഷ്ണരാജ് ബി.ജെ.പിക്കാരൻ ആണെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും പ്രസിഡന്റ് പറഞ്ഞു.

എന്നാല് പഞ്ചായത്തിന്റെ കേസുകള് സമര്ത്ഥമായി വാദിക്കുന്ന അഭിഭാഷകനാണ് കൃഷ്ണരാജ് എന്ന വഴിക്കടവ് പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്ട്ട് പരിഗണിച്ചായിരുന്നു തദ്ദേശവകുപ്പ് കൃഷ്ണരാജിനെ പുറത്താക്കിക്കൊണ്ടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം സ്റ്റേ ചെയ്തത്. കൃഷ്ണരാജിനെ തുടരാന് അനുവദിക്കണമെന്ന് മലപ്പുറം ജില്ല തദ്ദേശ ജോയിന്റ് ഡയറക്ടറും ശിപാര്ശ നല്കിയിരുന്നു.

മുസ്‌ലിം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിൽ കൃഷ്ണരാജിന്റെ നിയമനം ഏറെ വിവാദമായിരുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചതിൽ അദ്ദേഹത്തിനെതിരെ കേസുണ്ട്.
സമൂഹ മാധ്യമങ്ങളിലടക്കം തീവ്ര വർഗീയ നിലപാട് സ്വീകരിക്കുന്ന ആളാണ് കൃഷ്ണരാജ്.

Content Highlight: Minister M.B. Rajesh has frozen the action of the Local Government Department to stay the decision of the administrative committee to remove R. Krishnaraj