അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചാല്‍ അന്ത്യോദയ റേഷന്‍ മുടങ്ങുമെന്ന പച്ചക്കള്ളവും പൊളിഞ്ഞു: മന്ത്രി എം.ബി രാജേഷ്
Kerala
അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചാല്‍ അന്ത്യോദയ റേഷന്‍ മുടങ്ങുമെന്ന പച്ചക്കള്ളവും പൊളിഞ്ഞു: മന്ത്രി എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th December 2025, 7:21 pm

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിനെതിരെ പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും ഉയര്‍ത്തിയിരുന്ന ഒരു കള്ളപ്രചാരണം കൂടി പൊളിഞ്ഞതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.

അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കപ്പെട്ടാല്‍ കേരളത്തിലെ അന്ത്യോദയ അന്ന യോജന വിഭാഗക്കാര്‍ക്ക് റേഷന്‍ ലഭിക്കില്ല എന്നുള്ള വ്യാജ പ്രചാരണം പാര്‍ലമെന്റില്‍ തന്നെ പൊളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

മുമ്പ് ട്രൂകോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ റേഷന്‍ ആവശ്യത്തിന് മാത്രമുള്ള AAY പട്ടികയെ അതിദാരിദ്ര്യ നിര്‍ണയവുമായി താരതമ്യപ്പെടുത്തുന്നതുതന്നെ അശാസ്ത്രീയമാണെന്ന് പറഞ്ഞിരുന്നതായി മന്ത്രി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞദിവസം, അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും അന്ത്യോദയ റേഷനും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി തന്നെ പാര്‍ലമെന്റില്‍ കൊടുത്ത മറുപടിയിലും വ്യക്തമാക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

‘AAY എന്നത് ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെയോ മാനദണ്ഡങ്ങളുടെയോ അടിസ്ഥാനത്തിലുള്ള അതിദാരിദ്ര്യം നിര്‍ണയിക്കാനുള്ള ഒരു പദ്ധതിയല്ല. പൊതുവിതരണസമ്പ്രദായത്തിാനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിഭജനത്തിന്റെ ഭാഗം മാത്രമാണത്. ദേശീയതലത്തില്‍ കുറഞ്ഞ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണം ചുരുക്കാനായി മാത്രം ഉണ്ടാക്കിയ പട്ടികയാണത്.

നിശ്ചിത എണ്ണം ആള്‍ക്കാര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായി ദാരിദ്ര്യരേഖ പട്ടികയില്‍ ഏറ്റവും പുറകില്‍ നിന്ന് മുന്നോട്ട് എന്ന രീതിയിലാണ് അന്ത്യോദയ അന്നയോജന പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും എന്നല്ല, ഏറ്റവും പുറകിലുള്ള ഇത്ര പേര്‍ക്ക് എന്നതാണ് അതിന്റെ സമീപനം,’ മന്ത്രി പറഞ്ഞു.

അതേസമയം, യു.ഡി.എഫ് എം.പിമാരായ എന്‍.കെ പ്രേമചന്ദ്രനും എം.കെ രാഘവനുമാണ് പാര്‍ലമെന്റില്‍ അതിദരിദ്രരില്ലാത്ത കേരളത്തില്‍ മഞ്ഞ കാര്‍ഡുടമകള്‍ക്ക് റേഷന്‍ മുടങ്ങുമോ എന്നത് സംബന്ധിച്ച ചോദ്യം ചോദിച്ചതെന്നതും ശ്രദ്ധേയമായി. കേരളത്തെ ദ്രോഹിക്കാനുള്ള ദുഷ്ടലാക്കോടെയാണെങ്കിലും പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ച് റേഷന്‍ മുടങ്ങുമെന്ന നുണ പൊളിക്കാന്‍ സഹായിച്ച രണ്ട് എം.പിമാര്‍ക്കും നന്ദിയെന്നും മന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

എന്തായാലും ഈ പച്ചക്കള്ളവും അല്‍പായുസായി ഒടുങ്ങിരിക്കുകയാണ്. നിങ്ങള്‍ക്ക് ഇനി എന്ത് പറയാനുണ്ടെന്നും എം.ബി രാജേഷ് വിമര്‍ശകരോട് ചോദിക്കുന്നു.

മന്ത്രി എം.ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരു പച്ചക്കള്ളം കൂടി പൊളിഞ്ഞിരിക്കുന്നു. കേരളത്തിലെ യുഡിഎഫ്- ബിജെപി അച്ചുതണ്ടും അവരുടെ വക്താക്കളായ ഒരു കൂട്ടം വിദഗ്ദ്ധരും പറഞ്ഞുകൊണ്ടിരുന്ന പച്ചക്കള്ളമാണ് പാർലമെന്റിൽ പൊളിഞ്ഞുവീണിരിക്കുന്നത്. കേരളത്തിന്റെ മഹത്തായ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാൻ ഈ വിഭാഗം ഉയർത്തിയ വാദമായിരുന്നു, അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചാൽ അന്ത്യോദയ റേഷൻ മുടങ്ങുമെന്നത്. പാർലമെന്റിൽ കേന്ദ്രമന്ത്രി തന്നെ ഈ ‘വിദഗ്ദ്ധ’ വാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഈ വാദത്തിലെ മണ്ടത്തരം അന്നുതന്നെ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു. അത് വിശ്വാസം വരാത്ത യുഡിഎഫ്- ബിജെപി കൂട്ടുകെട്ടിനും അവരുടെ വക്താക്കളായ ആ വിദഗ്ധന്മാർക്കും ഇപ്പോൾ ബോധ്യമായിട്ടുണ്ടാവും.
ട്രൂ കോപ്പി തിങ്കിന് നവംബർ 7 നു നൽകിയ ഇന്റർവ്യൂവിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഞാൻ നൽകിയ ഉത്തരം ഇങ്ങനെയാണ്. ‘AAY എന്നത് ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെയോ മാനദണ്ഡങ്ങളുടെയോ അടിസ്ഥാനത്തിലുള്ള അതിദാരിദ്ര്യം നിർണയിക്കാനുള്ള ഒരു പദ്ധതിയല്ല. പൊതുവിതരണസമ്പ്രദായത്തെ പരിമിതപ്പെടുത്താനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വിഭജനത്തിന്റെ ഭാഗം മാത്രമാണത്. ദേശീയതലത്തിൽ കുറഞ്ഞ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണം ചുരുക്കാനായി മാത്രം ഉണ്ടാക്കിയ പട്ടികയാണത്. നിശ്ചിത എണ്ണം ആൾക്കാർക്ക് റേഷൻ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്നതിനായി ദാരിദ്ര്യരേഖ പട്ടികയിൽ ഏറ്റവും പുറകിൽ നിന്ന് മുന്നോട്ട് എന്ന രീതിയിലാണ് അന്ത്യോദയ അന്നയോജന പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്.
അർഹതപ്പെട്ട എല്ലാവർക്കും എന്നല്ല, ഏറ്റവും പുറകിലുള്ള ഇത്ര പേർക്ക് എന്നതാണ് അതിന്റെ സമീപനം. റേഷൻ ആവശ്യത്തിന് മാത്രമുള്ള AAY പട്ടികയെ സമഗ്രവും സങ്കീർണവുമായ മാനദണ്ഡങ്ങളിലൂടെ നടത്തിയ അതിദാരിദ്ര്യ നിർണയവുമായി താരതമ്യപ്പെടുത്തുന്നതുതന്നെ അശാസ്ത്രീയമാണ്. AAY പട്ടികയിൽ പോലും ഉൾപ്പെടാത്ത, റേഷൻകാർഡ് പോലും ഇല്ലാത്ത ആൾക്കാർ അതിദാരിദ്ര്യ കുടുംബ പട്ടികയിലുണ്ട്.’
അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയും അന്ത്യോദയ റേഷനും തമ്മിൽ ബന്ധമില്ല എന്നാണ് കേന്ദ്രമന്ത്രി ഇന്നലെ പാർലമെന്റിൽ കൊടുത്ത മറുപടിയിലും വ്യക്തമാക്കുന്നത്.
എന്തായിരുന്നു ഇനി പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾ എന്നുനോക്കാം. കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം കേന്ദ്രം അറിഞ്ഞിരുന്നോ, പ്രഖ്യാപനത്തെ തുടർന്ന് AAY കാർഡുകൾ റദ്ദാക്കുമോ, പ്രഖ്യാപനത്തെ തുടർന്ന് കേരളത്തിനുള്ള ഭക്ഷ്യവിഹിതം വെട്ടിക്കുറയ്ക്കുമോ, പ്രഖ്യാപനം വഴി കേരളത്തിന് വിദേശ സാമ്പത്തിക ഏജൻസികൾ വഴി വായ്പ എടുക്കാനാവുമോ തുടങ്ങി നീളുന്നു ചോദ്യങ്ങൾ. കേരളത്തോടും മലയാളികളോട് കടുത്ത ശത്രുതയുള്ള, നമ്മളെ ദ്രോഹിക്കാൻ തുനിഞ്ഞിറങ്ങിയ ഏതോ ആളുകളുടെ ചോദ്യമാണെന്ന് തോന്നിയില്ലേ? കേരളത്തെ പ്രതിനിധീകരിക്കുന്ന, ഇവിടെയുള്ള അതിദരിദ്രരും റേഷൻ വാങ്ങുന്നവരുമെല്ലാം വോട്ട് ചെയ്തു വിജയിപ്പിച്ച എം പി മാരാണ് ഈ ചോദ്യങ്ങൾ ഉന്നയിച്ചത്. കേരളത്തെ ദ്രോഹിക്കാനുള്ള ദുഷ്ടലാക്കോടെയാണെങ്കിലും പാർലമെന്റിൽ ചോദ്യം ചോദിച്ച് റേഷൻ മുടങ്ങുമെന്ന നുണ പൊളിക്കാൻ സഹായിച്ച രണ്ട് എം പി മാർക്കും നന്ദി.
എന്തായാലും ഈ പച്ചക്കള്ളവും അൽപായുസായി ഒടുങ്ങിരിക്കുകയാണ്. നിങ്ങൾക്ക് ഇനി എന്ത് പറയാനുണ്ട്?

Content Highlight: Minister M.B. Rajesh about the oppositions blatant lie of Antyodaya Anna Yojana beneficiaries in Kerala will not get ration if declared as extreme poverty free