കൊട്ടാരക്കരയില്‍ ഇന്ന് ആരംഭിച്ച വനിതാ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കൊട്ടാരക്കരയുടെ അഭിനയ പാരമ്പര്യം പറയുന്ന ഫേസ്ബുക്ക് റീല്‍ പങ്കുവെച്ച് ധനകാര്യവകുപ്പ് മന്ത്രിയും കൊട്ടാരക്കര എം.എല്‍.എയുമായ കെ. എന്‍. ബാലഗോപാല്‍.
കൊട്ടാരക്കരയില്‍ ഇന്ന് ആരംഭിച്ച വനിതാ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കൊട്ടാരക്കരയുടെ അഭിനയ പാരമ്പര്യം പറയുന്ന ഫേസ്ബുക്ക് റീല്‍ പങ്കുവെച്ച് ധനകാര്യവകുപ്പ് മന്ത്രിയും കൊട്ടാരക്കര എം.എല്‍.എയുമായ കെ. എന്‍. ബാലഗോപാല്‍.
മണ്‍മറഞ്ഞ കലാകാരന്‍മാരായ കൊട്ടാരക്കര ശ്രീധരന്‍ നായര്‍, നിര്‍മാതാവും, തിരക്കഥാകൃത്തുമായ കെ.പി. കൊട്ടാരക്കര, മുരളി, ബോബി കൊട്ടാരക്കര തുടങ്ങി ഇന്നും വെള്ളിത്തിരയില്‍ അഭിനയം കാഴ്ചവെക്കുന്ന ശോഭ മോഹന്‍, സായി കുമാര്‍, കെ. ബി. ഗണേഷ് കുമാര്‍, ധന്യ അനന്യ വരെയുള്ള അഭിനയപ്രതിഭകളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ റീലാണ് മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
കലക്കും സംസ്കാരത്തിനും വലിയ വേരോട്ടമുള്ള നാടാണ് കൊട്ടാരക്കരയെന്നും പുരാതന പട്ടണമായ കൊട്ടാരക്കരയാണ് കഥകളിയുടെ ജന്മദേശമെന്നും ബാലഗോപാൽ പറയുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട നിരവധി കലാകാരന്മാർ കൊട്ടാരക്കരക്കാരാണെന്നും ഒരുപാട് കലാകാരൻമാർ സിനിമാചരിത്രത്തിലെ അഭിമാന കണ്ണികളാണെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളുടെ സർഗാത്മക പങ്കാളിത്തം ഇന്ന് മലയാള സിനിമയിൽ വർധിക്കുകയാണെന്നും പുതുകാലത്തെ മികച്ച സിനിമകളിൽ പലതും വനിത സംവിധായകരുടേതാണെന്നും അദ്ദേഹം പറയുന്നു.
വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഈ കാലഘട്ടത്തിൽ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏവർക്കും സ്വാഗതം കൂടി പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. അതേ സമയം ഇന്ന് ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള കൊട്ടാരക്കരയിൽ തുടങ്ങിയിരിക്കുകയാണ്. 23 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്.
മന്ത്രി കെ. എൻ. ബാലഗോപാലിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം
കലക്കും സംസ്കാരത്തിനും വലിയ വേരോട്ടമുള്ള നാടാണ് കൊട്ടാരക്കര. പുരാതന പട്ടണമായ കൊട്ടാരക്കരയാണ് കഥകളിയുടെ ജന്മദേശം. മലയാള സിനിമയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട നിരവധി കലാകാരന്മാർ കൊട്ടാരക്കരക്കാരാണ്. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ കൊട്ടാരക്കര ശ്രീധരൻ നായർ, കെ. പി. കൊട്ടാരക്കര എന്ന കുട്ടൻ പിള്ള, ബോബി കൊട്ടാരക്കര എന്ന അബ്ദുൾ അസീസ്, മുരളി തുടങ്ങിയ പ്രതിഭകൾ മുതൽ ഇന്നും അഭ്രപാളികളിൽ നിറഞ്ഞ് നിൽക്കുന്ന ഗണേഷ് കുമാറും, സായികുമാറും, ശോഭ മോഹനും പുതുതലമുറയിലെ ധന്യ അനന്യയും വരെ കൊട്ടാരക്കരയുടെ സിനിമ ചരിത്രത്തിലെ അഭിമാന കണ്ണികളാണ്.
സ്ത്രീകളുടെ സർഗാത്മക പങ്കാളിത്തം ഇന്ന് മലയാള സിനിമയിൽ വർധിക്കുകയാണ്. പുതിയ കാലത്തെ ഏറ്റവും മികച്ച സിനിമകളിൽ പലതും വനിത സംവിധായകരുടേതാണ്. മലയാളത്തിലും മികച്ച വനിതാ സിനിമപ്രവർത്തകർ ഇന്നുണ്ട്. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഈ കാലഘട്ടത്തിൽ വലിയ പ്രാധാന്യമുണ്ട്. കൊട്ടാരക്കരയിലാരംഭിക്കുന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേയ്ക്ക് ഏവർക്കും സ്വാഗതം.
Content Highlight: Minister KN Balagopal Posted facebook reel about Actors in Kottarakkara