മമ്മൂക്കയുടെ ഒരു തെറ്റിദ്ധാരണ കാരണം ആ താരത്തെ ഞങ്ങള്‍ക്ക് ടര്‍ബോയിലേക്ക് വിളിക്കേണ്ടി വന്നു: മിഥുന്‍ മാനുവല്‍ തോമസ്
Entertainment
മമ്മൂക്കയുടെ ഒരു തെറ്റിദ്ധാരണ കാരണം ആ താരത്തെ ഞങ്ങള്‍ക്ക് ടര്‍ബോയിലേക്ക് വിളിക്കേണ്ടി വന്നു: മിഥുന്‍ മാനുവല്‍ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd May 2024, 4:47 pm

ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ മലയാള സിനിമയാണ് ടര്‍ബോ. മമ്മൂട്ടി നായകനാകുന്ന ചിത്രം പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

സിനിമാ പ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസാണ്. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.

മാസ് ആക്ഷന്‍ കോമഡി ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ശബരീഷ് വര്‍മ. ടര്‍ബോയില്‍ ജെറി എന്ന പേരിലാണ് ശബരീഷെത്തുന്നത്. മമ്മൂട്ടിയുടെ സജക്ഷനായിരുന്നു ശബരീഷെന്ന് പറയുകയാണ് മിഥുന്‍ മാനുവല്‍ തോമസ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.

‘മമ്മൂക്കയുടെ സജക്ഷനായിരുന്നു ശബരീഷ്. പിന്നെ ഇവന്‍ കുഴപ്പമില്ലാതെ അഭിനയിക്കുമെന്ന പൊതുധാരണ അല്ലെങ്കില്‍ ഒരു തെറ്റിദ്ധാരണ മമ്മൂക്കക്ക് ഉണ്ടായിരുന്നു. അതിന്റെ പേരില്‍ ഇവനെ ടര്‍ബോയിലേക്ക് വിളിക്കേണ്ടി വന്നു,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

താന്‍ ടര്‍ബോയിലേക്ക് ഒരുപാട് ലേറ്റായാണ് വന്നത് എന്നാണ് ശബരീഷ് വര്‍മ പറയുന്നത്. എന്നാല്‍ അതിന് മുമ്പുതന്നെ തനിക്ക് ഈ പ്രൊജക്റ്റിനെ കുറിച്ച് അറിയാമായിരുന്നു എന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

‘ടര്‍ബോയിലേക്ക് ഞാന്‍ ഒരുപാട് ലേറ്റായാണ് വരുന്നത്. അതിന് മുമ്പ് തന്നെ എനിക്ക് ഈ പ്രൊജക്റ്റിനെ കുറിച്ച് അറിയാമായിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിന്റെ സമയത്ത് അവര്‍ മമ്മൂക്കയോട് സംസാരിക്കാന്‍ വേണ്ടി വന്നിരുന്നു.

പ്രേക്ഷകന്‍ എന്ന നിലയില്‍ മമ്മൂക്ക ഇങ്ങനെയൊരു സിനിമ ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ അന്ന് ഞാന്‍ ഒരുപാട് എക്‌സൈറ്റഡായിരുന്നു. അതൊക്കെ കഴിഞ്ഞ് വളരെ ലേറ്റായിട്ടാണ് മമ്മൂട്ടി കമ്പനിയില്‍ നിന്ന് എനിക്ക് കോള് വരുന്നത്.

പിന്നെ അവരൊക്കെ ചേര്‍ന്ന് എന്റെ കാര്യം ഡിസ്‌ക്കസ് ചെയ്തിട്ടുണ്ടാകും. മിഥുന്‍, വൈശാഖേട്ടന്‍, ഷമീര്‍, മമ്മൂക്ക തുടങ്ങിയവരൊക്കെ ചര്‍ച്ച ചെയ്തിട്ടാണ് എന്നെ ടര്‍ബോയിലേക്ക് വിളിക്കുന്നത്. അങ്ങനെയാണ് എന്നെ വിളിച്ചത് എന്നാണ് എന്നോട് അവരൊക്കെ പറഞ്ഞത്,’ ശബരീഷ് പറയുന്നു.


Content Highlight: Midhun Manuel Thomas Talks About Shabareesh Varma