ഫലസ്തീൻ ഐക്യദാർഢ്യത്തിനിടെ തകരാറിലായി ഐക്യരാഷ്ട്ര സഭയിലെ മൈക്രോഫോണുകൾ
World
ഫലസ്തീൻ ഐക്യദാർഢ്യത്തിനിടെ തകരാറിലായി ഐക്യരാഷ്ട്ര സഭയിലെ മൈക്രോഫോണുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd September 2025, 9:59 pm

ജനീവ: ഐക്യരാഷ്ട്ര സഭയിൽ ലോക രാഷ്ട്രങ്ങൾ ഫലസ്തീനെ പിന്തുണ നൽകി സംസാരിക്കവെ തകരാറിലായി സഭയിലെ മൈക്രോഫോണുകൾ. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബാവോ സുബിയാന്റോ എന്നിവരുടെ പ്രസംഗത്തിനിടെയാണ് മൈക്കുകൾ തകരാറിലായത്.

പൊതുസഭാ ഹാളിലെ ഉപകരണങ്ങളുടെ തകരാറാണ് ഇതിന് കാരണമെന്നും മനപൂർവ്വമായ ഇടപെടലുകൾ നടന്നിട്ടില്ലെന്നും യു.എൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഗസയിൽ ഇസ്രഈൽ നടത്തുന്നത് വംശഹത്യയാണെന്നും ഫലസ്തീനെ ഉടൻ രാഷ്ട്രമായി അംഗീകരിക്കണമെന്നും പറയുന്നതിടെയാണ് തുർക്കി പ്രസിഡന്റ് എർദോഗന്റെ മൈക്കുകൾ ഓഫാകുന്നത്.

ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബാവോ സുബിയാന്റോ ഗസയിലേക്ക് സമാധാന സേനാംഗങ്ങളെ അയക്കാനുള്ള പദ്ധതികൾ വിശദീകരിക്കുന്നതിടെയും മൈക്കുകൾ ഓഫ് ആയി. പ്രസിഡന്റിനെ കേൾക്കാൻ കഴിയുന്നില്ലെന്ന് വിവർത്തകനും പറഞ്ഞു. ഇതോടെ സഭയിൽ ആശയകുഴപ്പം ഉണ്ടായി. കുറച്ച് സമയങ്ങൾക്ക് ശേഷം ശബ്ദം തിരിച്ചു വന്നു.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടുള്ള പ്രസംഗം നടത്തുന്നതിനിടെയാണ് അടുത്ത തടസം ഉണ്ടായത്. ഫലസ്തീനെ കാനഡ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നു എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും പ്രതിനിധികൾ അംഗീകരിക്കുകയും ചെയ്തതിനു പിന്നാലെ അദ്ദേഹത്തിന്റെ മൈക്കും തകരാറിലായി.

എന്നാൽ മൈക്രോഫോൺ ഇല്ലെങ്കിലും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത് ഉച്ചത്തിലും വ്യക്തമായും കേട്ടെന്ന് പ്രതിനിധികളിലൊരാൾ പറഞ്ഞു.

ജനറൽ അസംബ്ലി ഹാളിനുള്ളിലെ ഉപകരണങ്ങളിലെ സാങ്കേതിക പ്രശ്നമാണ് തകരാറുകൾക്ക് കാരണമെന്നും ബാഹ്യ ഇടപെടലുകളുടെ ഒരു സൂചനയും ഇല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സാങ്കേതിക തടസങ്ങൾക്കിടയിലും ഫ്രാൻസ്, ബെൽജിയം, മാൾട്ട, ലക്സംബർഗ് എന്നീ രാജ്യങ്ങളും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു.

യു.കെ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു. 150 രാജ്യങ്ങളാണ് ഇതോടെ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്. എന്നാൽ ജോർദാൻ നദിയുടെ പടിഞ്ഞാറ് തീരത്ത് ഒരു ഫലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു.

Content Highlight: Microphones at the United Nations malfunction during Palestine solidarity event