എന്നെ ആ മോഹൻലാൽ ചിത്രത്തിലേക്ക് വിളിച്ചു, എന്നാൽ ഞാനതിൽനിന്നും പിൻമാറി: എം. ജി. ശ്രീകുമാർ
Entertainment
എന്നെ ആ മോഹൻലാൽ ചിത്രത്തിലേക്ക് വിളിച്ചു, എന്നാൽ ഞാനതിൽനിന്നും പിൻമാറി: എം. ജി. ശ്രീകുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 9:34 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോമ്പിനേഷനാണ് മോഹന്‍ലാലും എം.ജി ശ്രീകുമാറും. മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് വേണ്ടി എം.ജി ശ്രീകുമാര്‍ പാടിയ പാട്ടുകളിൽ ഭൂരിഭാഗവും വലിയ ഹിറ്റുകളുമായിരുന്നു.

ചിത്രം, ഭരതം, കമലദളം, തേന്‍മാവിന്‍കൊമ്പത്ത്, രാവണപ്രഭു, നരന്‍ തുടങ്ങി മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ എം.ജി ശ്രീകുമാറിന്റെ ശബ്ദസാന്നിധ്യമുണ്ടായിരുന്നു. ഇപ്പോൾ സംഗീതത്തെക്കുറിച്ച് സംസാരിക്കുകയാണ് എം.ജി. ശ്രീകുമാർ.

തന്നെ രാവണപ്രഭു എന്ന ചിത്രത്തിലേക്ക് സംവിധായകൻ രഞ്ജിത്ത് വിളിച്ചിരുന്നെന്നും എന്നാൽ താൻ അത് സ്വീകരിച്ചില്ലെന്നും അദ്ദേഹം പറയുന്നു. മോഹൻലാലിന് വേണ്ടിയും ജയറാമിന് വേണ്ടിയും ഒരുപാട് പാട്ടുകൾ പാടിയിട്ടുണ്ടെന്നും അന്ന് വളരെ രസകരമായിട്ടാണ് അത് ചെയ്തത് എന്നും എം.ജി ശ്രീകുമാർ പറഞ്ഞു. ഇപ്പോൾ പാട്ട് സിനിമയിലൊരു അവശ്യഘടകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ഗായകൻ.

‘എന്നെ രാവണപ്രഭു എന്ന സിനിമയിലേക്ക് രഞ്ജിത്ത് വിളിച്ചു. ‘എന്റെ മനസിലൊരു സങ്കൽപമുണ്ട്. ശ്രീക്കുട്ടൻ സംഗീതം ചെയ്തിട്ട് യേശുദാസ് പാടുന്നൊരു സീൻ’ എന്ന്.

പക്ഷേ ഞാൻ നോ പറഞ്ഞു. അതുകേട്ട് രഞ്ജിത്ത് പറഞ്ഞു ‘എന്റെയൊരു സിക്സ് ഷീറ്റ് സിനിമാപോസ്റ്ററാണ് നീ വലിച്ചുകീറിയത്’ എന്ന്. മോഹൻലാലിന്റെ കൂടെ പോസ്റ്ററിൽ ഞാൻ ദാസേട്ടനെ പാട്ട് പഠിപ്പിക്കുന്ന സീൻ വെക്കാനിരുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്. പക്ഷേ ഞാനതിൽനിന്ന് പിന്തിരിഞ്ഞു. ഇങ്ങനെ പല സംഭവങ്ങളിലൂടെയാണ് സിനിമാജീവിതം കടന്നുപോയത്.

മോഹൻലാലിന് വേണ്ടിയും ജയറാമിന് വേണ്ടിയുമൊക്കെ എത്രയോ പാട്ടുകൾ ഞാൻ പാടി. അന്ന് അതൊരു ജോലിയായിട്ടും രസമായിട്ടും അങ്ങ് കടന്നുപോയി. ഇപ്പോൾ പാട്ട് സിനിമയിലൊരു ആവശ്യ ഘടകമല്ല. നായകനും നായികയും കൂടെ എന്തോ ചെയ്യുന്ന കൂട്ടത്തിൽ പശ്ചാത്തല സംഗീതം പോലെ പാട്ടും ഒഴുകിപ്പോവുന്നു എന്നേയുള്ളൂ,’ എം.ജി. ശ്രീകുമാർ പറയുന്നു.

Content Highlight: MG Sreekumar Talking about Ravanaprabhu Movie