മെക്‌സിക്കോയിലെ മോസ്റ്റ് വാണ്ടഡ് ലഹരി മാഫിയ തലവന്‍ എല്‍ മെന്‍ചോ കൊല്ലപ്പെട്ടു; യു.എസ് 10 മില്യണ്‍ ഡോളര്‍ വിലയിട്ട കുറ്റവാളി
Trending
മെക്‌സിക്കോയിലെ മോസ്റ്റ് വാണ്ടഡ് ലഹരി മാഫിയ തലവന്‍ എല്‍ മെന്‍ചോ കൊല്ലപ്പെട്ടു; യു.എസ് 10 മില്യണ്‍ ഡോളര്‍ വിലയിട്ട കുറ്റവാളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd February 2026, 7:18 am

ന്യൂ മെകിസ്‌ക്കന്‍ സിറ്റി: മെക്‌സിക്കോയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ ലഹരി മാഫിയാ തലവന്‍ ‘എല്‍ മെന്‍ചോ’ എന്നറിയപ്പെടുന്ന നെമസിയോ റൂബന്‍ ഒസെഗുവേര സെര്‍വാന്റസ് മെക്‌സിക്കന്‍ സേനയുടെ സംയുക്ത സൈനിക നടപടിയില്‍ കൊല്ലപ്പെട്ടു.

മയക്കുമരുന്ന് ശൃംഖലയായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ തലവനായിരുന്നു എല്‍ മെന്‍ചോ. തപാല്‍പ നഗരത്തില്‍ വെച്ചുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ എല്‍ മെന്‍ചേയെ വിമാന മാര്‍ഗം മെക്‌സിക്കോ സിറ്റിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെട്ടതെന്ന് മെക്‌സിക്കന്‍ സൈന്യം അറിയിച്ചു.

യു.എസ് തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളിയായിരുന്നു എല്‍ മെന്‍ചോ.

സൈനിക നടപടിക്ക് പിന്നാലെ ലഹരി മാഫിയ സംഘങ്ങള്‍ പ്രതികാര നടപടിയായി മെക്‌സിക്കോയിലെ ജാലിസ്‌കോ സംസ്ഥാനത്തെ 20ലേറെ റോഡുകളും ദേശീയ പാതകളും ഉപരോധിച്ചു. കാറുകളും ട്രക്കുകളും കത്തിച്ച് അക്രമാസക്തമായ പ്രതിഷേധം അടുത്ത സംസ്ഥാനങ്ങളിലേക്ക് പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് ഭരണകൂടം. ഇതിനിടെ ചില വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അഞ്ച് സംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെ പ്രതികാര നടപടികള്‍ തുടരുന്നുണ്ടെന്ന് വാര്‍ത്ത ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു.

സമാധാനം കൈവിടരുതെന്നും ശാന്തത പാലിക്കണമെന്നും മെക്‌സിക്കന്‍ പ്രസിഡന്റെ ക്ലോഡിയോ ഷെയിന്‍ബോം രാജ്യത്തോട് ആഹ്വാനം ചെയ്തു. കാനഡ, യു.എസ് തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്നും മെക്‌സിക്കോ സുരക്ഷാ ഉപദേശങ്ങള്‍ തേടി.

എല്‍ ചാപ്പോ എന്നറിയപ്പെട്ടിരുന്ന ജോക്വിന്‍ ഗുസ്മാന്‍, സിനലോവ കാര്‍ട്ടലിന്റെ സഹസ്ഥാപകന്‍ ഇസ്മായില്‍ സാംബഡ ഗാര്‍സിയ തുടങ്ങിയവര്‍ അറസ്റ്റിലായതിന് ശേഷം നടക്കുന്ന ലഹരി മാഫിയയ്‌ക്കെതിരായ ഏറ്റവും വലിയ നടപടിയിലാണ് എല്‍ മെന്‍ചോ കൊല്ലപ്പെട്ടത്.

സൈനിക നടപടിയില്‍ എല്‍ മെന്‍ചോയുടെ കൂട്ടാളികളായ ആറ് പേര്‍ കൊല്ലപ്പെട്ടതായും മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും മെക്‌സിക്കന്‍ ഭരണകൂടം സ്ഥിരീകരിച്ചു. രണ്ട് പേര്‍ അറസ്റ്റിലായി.

എല്‍ മെന്‍ചോയുടെ സങ്കേതത്തില്‍ നടന്ന തെരച്ചിലില്‍ വിമാനങ്ങളും സുരക്ഷാ കവചമുള്ള വാഹനങ്ങളും ആക്രമിക്കാന്‍ ശേഷിയുള്ള റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പടെയുള്ള ആയുധ ശേഖരം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

Content Highlight: Mexico’s most wanted drug lord El Mencho killed; US$15 million bounty on his head