മെക്‌സിക്കോ സിറ്റി: ഗൂഗിള്‍ മാപ്‌സില്‍ ഗള്‍ഫ് ഓഫ് മെക്സിക്കോയെ ഗള്‍ഫ് ഓഫ് അമേരിക്കയെന്ന് പേര് മാറ്റിയ ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിച്ച് മെക്‌സിക്കോ. ഫെബ്രുവരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തരമൊരു പേരുമാറ്റം നിര്‍ദേശിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിള്‍ മാപ്പ്സും പേരില്‍ മാറ്റം വരുത്തിയത്.
ഇതേതുടര്‍ന്ന് മെയ് ഒമ്പതിന് (വെള്ളി) മെക്‌സിക്കോയുടെ പ്രസിഡന്റായ ക്ലോഡിയ ഷെയിന്‍ബോം ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്തതായി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. എന്നാല്‍ കേസിന്റെ വിശദാംശങ്ങള്‍ ക്ലോഡിയ വെളിപ്പെടുത്തിയിട്ടില്ല.
പത്രസമ്മേളനത്തിനിടെ ഗൂഗിളിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച മെക്‌സിക്കന്‍ പ്രസിഡന്റ് അന്താരാഷ്ട്ര അതിര്‍ത്തിക്കുള്ളിളിലുള്ള ഒരു ജലാശയത്തിന്റെ പേര് ഒരു രാജ്യത്തിനും ഏകപക്ഷീയമായി മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.
‘യു.എസിനുള്ളിലെ ഒരു സംസ്ഥാനത്തിന്റെയോ, ഒരു പര്‍വതത്തിന്റെയോ, ഒരു തടാകത്തിന്റെയോ പേര് മാറ്റുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അവരുടെ രാജ്യവുമായി ബന്ധമുള്ള പ്രദേശത്തത്തെ അവര്‍ തീരുമാനിക്കുന്നതെന്തും വിളിക്കാം. എന്നാല്‍ മെക്സിക്കോയുമായി അല്ലെങ്കില്‍ ക്യൂബയുമായി യോജിക്കുന്ന ഭാഗത്തിന്റെ പേര് മാറ്റാന്‍ കഴിയില്ല’ ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു.
ഇതിനുമുമ്പ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയെ അമേരിക്കന്‍ ഉള്‍ക്കടലായി മുദ്രകുത്തരുതെന്ന് ആവശ്യപ്പെട്ട് മെക്‌സിക്കോയുടെ വിദേശകാര്യ മന്ത്രാലയം ഗൂഗിളിന് കത്ത് അയച്ചിരുന്നു. മെക്‌സിക്കോയുടെ ഭാഗമായ സമുദ്രമേഖലയെ അമേരിക്കന്‍ ഉള്‍ക്കടലായി മുദ്രകുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കത്തില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഗൂഗിള്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ ഗൂഗിള്‍ എല്ലാ പ്രദേശങ്ങളിലും സ്ഥിരതയുള്ള നയങ്ങളാണ് പിന്തുടരുന്നതെന്നും നിലവില്‍ ഗൂഗിള്‍ മാപ്പില്‍ ചിലയിടങ്ങളില്‍ ഗള്‍ഫ് ഓഫ് അമേരിക്കയെന്നും മെക്‌സിക്കോയുടെ അതിര്‍ത്തികളില്‍ ഗള്‍ഫ് ഓഫ് മെക്‌സികോയെന്നുമാണ് കാണിക്കുന്നതെന്ന് ഗൂഗിളിന്റെ വൈസ് പ്രസിഡന്റ് ക്രിസ് ടര്‍ണര്‍ തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഗൂഗിളിന്റെ പുതിയ അപ്‌ഡേറ്റ് പ്രകാരം യു.എസിലെ ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കള്‍ക്ക് മെക്സിക്കോ ഉള്‍ക്കടലിനെ അമേരിക്ക ഉള്‍ക്കടല്‍ എന്നാണ് കാണിക്കുന്നത്. മെക്സിക്കോയിലെ ഉപയോക്താക്കള്‍ക്ക് അത് ഇപ്പോഴും മെക്സിക്കോ ഉള്‍ക്കടല്‍ തന്നെയാണ്. എന്നാല്‍ യു.എസിനും മെക്സിക്കോയ്ക്കും പുറത്തുള്ള ഇന്ത്യ പോലുള്ള രാജ്യത്ത് നിന്നുള്ള ആള്‍ക്ക് മെക്സിക്കോ ഉള്‍ക്കടല്‍ ബ്രാക്കറ്റില്‍ അമേരിക്ക ഉള്‍ക്കടല്‍ എന്നാണ് ഗൂഗിളില്‍ കാണിക്കുന്നത്.
ഗള്‍ഫ് ഓഫ് മെക്‌സിക്കോ എന്ന പേരു 400 വര്‍ഷത്തിലേറെയായി ചരിത്രപരമായി ഉപയോഗിച്ചു വരികയാണെന്നും ഈ പേര് ആഗോളമായി അംഗീകരിച്ചതാണെന്നും മെക്‌സിക്കോ വാദിക്കുന്നത്. കൂടാതെ ട്രംപിന്റെ പുതിയ നാമകരണം അന്താരാഷ്ട്ര സമൂഹം അംഗീകരിക്കേണ്ടതില്ലെന്നും ഇത്തരമൊരു പേരുമാറ്റം രാജ്യത്തിന്റെ മഹത്തായ സ്ഥാനത്തിനും ചരിത്രത്തിനും വിരുദ്ധമാണെന്നും മെക്‌സിക്കോ കൂട്ടിച്ചേര്‍ത്തു.
Content Highlight: Mexico files lawsuit against Google for renaming Gulf of Mexico as Gulf of America, following Trump’s lead