ഗാന്ധിനഗർ: ഗുജറാത്തിൽ ദളിതർക്കും ആദിവാസികൾക്കും മറ്റ് ദുർബല വിഭാഗങ്ങൾക്കും എതിരായ അതിക്രമങ്ങളിൽ മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ചോദ്യം ചെയ്ത് കോൺഗ്രസ് എം.എൽ.എ ജിഗ്നേഷ് മേവാനി. ഈ വിഷയം ഉന്നയിച്ച് പാർട്ടി തെരുവിലിറങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഗാന്ധിനഗറിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മേവാനി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആർ.എസ്.എസും മനുസ്മൃതിയുടെ മൂല്യങ്ങളെ ഭരണഘടനയ്ക്ക് മുകളിൽ പ്രതിഷ്ഠിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ദളിതർക്കെതിരായ അതിക്രമങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടിയ മേവാനി, ദേശീയ തലത്തിൽ ഇത് 30-35% ആണെന്നും ഗുജറാത്തിൽ ഇത് 3-5% മാത്രമാണെന്നും പറഞ്ഞു. സംസ്ഥാനത്തെ 95 ശതമാനം കുറ്റവാളികളും ശിക്ഷയില്ലാതെ രക്ഷപ്പെടുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.
അമ്രേലിയിൽ 19 വയസുള്ള ഒരു ദളിത് യുവാവിന്റെ കൊലപാതകം, പഠാനിൽ ഒരു മുതിർന്ന ദളിത് പൗരനെ ചുട്ടുകൊന്ന സംഭവം, ബി.ജെ.പി അംഗങ്ങൾ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഒരു ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം തുടങ്ങി നിരവധി ദളിത് അതിക്രമങ്ങൾ ഗുജറാത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഗുജറാത്തിൽ ദളിതർക്കും ആദിവാസികൾക്കും ദുർബല വിഭാഗങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ കോൺഗ്രസ് വമ്പിച്ച പ്രകടനം നടത്താൻ തയ്യാറെടുക്കുകയാണ്,’ അദ്ദേഹം പ്രഖ്യാപിച്ചു.
കൂടാതെ രോഹിത് വെമുലയുടെ ആത്മഹത്യ, ഹാത്രാസിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് മരണശേഷം അവളെ കാണാൻ അനുവാദം നിഷേധിച്ചത്, ഗുജറാത്തിലെ ഉനയിൽ ദളിത് യുവാക്കൾ ക്രൂരമായി മർദിക്കപ്പെട്ടത് തുടങ്ങിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരും ദുർബലരുമായ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
സുരേന്ദ്രനഗർ ജില്ലയിലെ അതിക്രമങ്ങൾക്കെതിരെ പരാതി നൽകാൻ പോയ ദളിത് ആൺകുട്ടികളെ എ.കെ 47 ഉപയോഗിച്ച് വെടിവച്ചുവെന്നും മേവാനി ആരോപിച്ചു.
ഗുജറാത്ത് പബ്ലിക് സർവീസ് കമ്മീഷൻ, ഗൂഢാലോചനയുടെ ഭാഗമായി ദളിത്, ഒ.ബി.സി, ആദിവാസി വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അഭിമുഖങ്ങളിൽ മനപൂർവം വിദ്യാർത്ഥികൾക്ക് കുറഞ്ഞ മാർക്ക് നൽകിയെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: Mevani attacks BJP over atrocities on Dalits, weaker sections in Gujarat