നിര്‍മാണത്തിനിടെ മെട്രോ തൂണ്‍ തകര്‍ന്നുവീണു; ബെംഗളൂരുവില്‍ സ്‌കൂട്ടറില്‍ പോയിരുന്ന അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു
national news
നിര്‍മാണത്തിനിടെ മെട്രോ തൂണ്‍ തകര്‍ന്നുവീണു; ബെംഗളൂരുവില്‍ സ്‌കൂട്ടറില്‍ പോയിരുന്ന അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th January 2023, 1:52 pm

ബെംഗളൂരു; നിര്‍മാണത്തിലിരിക്കുന്ന മെട്രോ തൂണ്‍ തകര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. അപകടത്തില്‍ പിതാവിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഹെന്നൂര്‍ റോഡിലെ എച്ച്.ബി.ആര്‍ ലേ ഔട്ടിന് സമീപത്തെ റിങ് റോഡിനടുത്ത് നിര്‍മാണം നടന്നുകൊണ്ടിരുന്ന തൂണാണ് തകര്‍ന്ന് വീണത്. ബെംഗളൂരു മെട്രോയുടെ അടുത്ത ഘട്ടമായ 2 ബി പണികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്.

തൂണ്‍ യാത്രക്കാര്‍ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാവുന്നതിന് മുമ്പ് തൂണ്‍ നിലംപതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ പെട്ട കുടുംബത്തെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയും കുഞ്ഞും മരിക്കുകയായിരുന്നു. തേജസ്വിനി എന്ന യുവതിയും വിഹാന്‍ എന്ന രണ്ടര വയസുകാരനായ മകനുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ ഗതാഗത കുരുക്കാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രതിഷേധവുമായി യാത്രക്കാരും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ടെന്നും മാധ്യമറിപ്പോര്‍ട്ടുകളുണ്ട്. തൂണ്‍ തകര്‍ന്നുകിടക്കുന്ന സംഭവ സ്ഥലത്ത് നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.

Content Highlight: Metro Pillar under construction collapsed in Bengaluru, Mother and Child dies